അമിനി : – ലക്ഷദ്വീപിലെ ആത്മീയ നേതൃത്വമായ ശൈഖ് മുഹമ്മദ് ഖാസിം വലിയുള്ളാഹിയുടെ പൗത്രനായ 1852 ൽ ഒഫാത്തായ ശൈഖ് അബൂസാലിഹ് തങ്ങളുടെ (അമ്മേനിക്കഴിഞ്ഞ വർ) നേർച്ച വരുമാനവുമായി ബന്ധപ്പെട്ട് തർക്കം മുറുകിയതിനെ തുടർന്ന് പടിപ്പുര നല്ലകോയ സമർപ്പിച്ച ഹരജിയിൽ ബഹുമാനപ്പെട്ട ഹൈക്കോടതി സ്റ്റേ അനുവദിച്ചു.
ഏകദേശം 32 ലക്ഷത്തോളം രൂപയാണ് അമ്മേനി കഴിഞ്ഞവരുടെ നേർച്ചപ്പണമായി അമിനി ആമീൻ ശേഖരിച്ച് വെച്ചിരിക്കുന്നത്. അമ്മേനി കഴിഞ്ഞവരുടെ മഖ്ബറ സ്ഥിതിചെയ്യുന്നത് തൂപ്പിയക്കൽ ഫാമിലിയുടെ ഭൂമിയിലാണത്രെ. അബൂസാലിഹ് തങ്ങളുടെ അമിനിയിലെ ഭാര്യ വീടായ പടിപ്പുരയിലെ മകളായ മുത്തുബിയുടെ മക്കളാണ് മഖ്ബറയിലെ അകത്തെ വരുമാനം കൈകാര്യം ചെയ്തിരുന്നത്. പുറത്തെ വരുമാനം പള്ളി മുക്രിയും. എന്നാൽ ഹുജ്രാ പള്ളി മുത്തവല്ലിയും തുപ്പേക്കൽ കുടുബവും തമ്മിൽ ഉള്ള തർക്കത്തെ തുടർന്ന് മഖ്ബറ അടച്ചിടുകയും, വർഷങ്ങളായി അമിനി ആമീനാണ് വരുമാനം ശേഖരിക്കുകയും ചെയ്യുന്നതും.
ഇ.പി. ആറ്റക്കോയാ തങ്ങൾ കവരത്തി മുത്തവല്ലിയായി അധികാരമേറ്റെടുത്തതോടെയാണ് വഖഫ് ബോർഡിനോട് മഖ്ബറ വഖഫ് സ്വത്തായി രജിസ്റ്റർ ചെയ്യാൻ വേണ്ട നടപടി സ്വീകരിക്കാൻ ആവശ്യപ്പെടുന്നത്, എന്നാൽ ഈ മഖ്ബറ സ്വകാര്യ ഭൂമിയിലാണ് സ്ഥിതിചെയ്യുന്നത് എന്നും അത് കൊണ്ട് വഖഫ് ചെയ്യാനാവില്ല എന്നും വന്നതോടെയാണ് തൂപ്പിയക്കൽ ഫാമിലി തങ്ങളുടെ ഭൂമിയിലുള്ള മഖ്ബറയിലെ നേർച്ച പ്പണം തങ്ങൾക്ക് അനുവദിച്ച് തരണം എന്ന് കാണിച്ച് അമിനി എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിനെ സമീപിച്ചത്. ശൈഖ് അബൂസാലിഹ് തങ്ങളുമായി തുപ്പേക്കൽ കുടുംബത്തിന് ഒരു ബന്ധവും ഇല്ലെന്നും, എന്നാൽ പടിപ്പുര നല്ലകോയായുടെ കുടംബക്കാർ ആണ് അവരുടെ മുൻഗാമി ആയ ശൈഖ് അബൂസാലിഹ് തങ്ങളുടെ മഖ്ബറ വർഷങ്ങളായി പരിപാലിച്ച് കൊണ്ടിരിക്കുന്നത് എന്നും, അത് കൊണ്ട് മേല്പറഞ്ഞ നേർച്ച തുക തുപ്പേക്കൽ കുടുംബത്തിന് അർഹതപ്പെട്ടതല്ലെന്നും അത് അവർക്ക് നൽകരുത് എന്നും അവശ്യപ്പെട്ട് കൊണ്ട് അമേനി പടിപ്പുര നല്ലകോയ ഹൈക്കോടതിയെ സമീപിച്ചപ്പോയാണ് ഫണ്ട് തൂപ്പിയക്കൽ ഫാമിലിക്ക് കൊടുക്കുന്നത് തടഞ്ഞ് കൊണ്ട് സ്റ്റേ അനുവദിച്ചത്.
അമ്മേനി കഴിഞ്ഞവരോടും ശൈഖ് മുഹമ്മദ് ഖാസിം (റ) തങ്ങന്മാരോടുമുള്ള ഭക്തിയും വിശ്വാസവും മൂലം ഭക്തജനങ്ങൾ സമർപ്പിക്കുന്ന കാണിക്ക ഇങ്ങിനെ കുടുംബ സ്വത്തായി അല്ലെങ്കിൽ സ്വകാര്യ സ്വത്തായി ഉപയോഗിക്കാനുള്ളതാണോ? അതോ സമൂഹ നന്മക്കായി അത് ചാരിറ്റി ഫണ്ടായി ഉപയോഗിക്കേണ്ടതാണോ? ലക്ഷദ്വീപിലെ ഒട്ടനവധി മഖ്ബറകളിലും പള്ളികളിലും ശേഖരിക്കപ്പെടുന്ന നേർച്ച ഫണ്ടിന് വഖഫ് ബോർഡ് ഒരു തീർപ്പുണ്ടാക്കണം.
