കവരത്തി: ആന്ത്രോത്ത്-കൽപ്പേനി ദ്വീപുകളിൽ തെങ്ങ് കയറ്റം നിയന്ത്രിക്കുന്ന ഭരണകൂട ഉത്തരവിനെതിരെ ശക്തമായ എതിർപ്പ്. പരമ്പരാഗത തൊഴിലും ജീവിതോപാധിയുമായ തെങ്ങ് കയറ്റം തടസപ്പെടുത്തുന്ന രീതിയിലുള്ള ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് അഡ്വ. അജ്മൽ അഹമ്മദ് ജില്ലാ കളക്ടർക്ക് നൽകിയ അപേക്ഷയിലാണ് ആവശ്യങ്ങൾ ഉന്നയിച്ചത്.
തെങ്ങ് കയറ്റത്തിന് മുൻകൂട്ടി എഴുതി അറിയിക്കൽ, സുരക്ഷാ കോർഡൻ, കൊണുകൾ/ഫ്ലാഗ്മാൻ, ഹെൽമെറ്റ്, 24 മണിക്കൂർ മുൻകൂട്ടി അനുമതി എന്നിവ നിർബന്ധമാക്കിയ ഉത്തരവ് ചെറിയ കർഷകരുടെയും കയറ്റക്കാരുടെയും സാമ്പത്തിക ശേഷിക്ക് അതീതമാണെന്ന് അപേക്ഷയിൽ ചൂണ്ടിക്കാട്ടുന്നു.
സുരക്ഷയുടെ പേരിൽ ഇറക്കിയ ഉത്തരവ് ദ്വീപുകാരുടെ ജീവിതോപാധിക്ക് ഗുരുതര ഭീഷണിയായി മാറുന്നുവെന്നും ഇത് ഭരണഘടനയിലെ ആർട്ടിക്കിൾ 19(1)(g) പ്രകാരമുള്ള തൊഴിൽ അവകാശത്തെ പരിമിതപ്പെടുത്തുന്നതാണെന്നും അദ്ദേഹം ആരോപിച്ചു.
ഉത്തരവ് ഇറക്കുന്നതിന് മുൻപ് കൺസൾട്ടേഷൻ നടത്തിയില്ലെന്നത് നടപടിയെ അനീതിയാക്കുന്നുവെന്നും, പൊതുവായ ബോധവൽക്കരണത്തിലൂടെയും സ്വമേധയായ മുൻകരുതലുകളിലൂടെയും സുരക്ഷ ഉറപ്പാക്കാമെന്നും അഡ്വ. അജ്മൽ അഹമ്മദ് അറിയിച്ചു.
