വണ്ടാനത്തിലെ ദിനരാത്രങ്ങൾ. ഭാഗം 1

ഡോ.സീജി. പൂക്കോയ കൽപേനി


   

വണ്ടാനത്തിലെ ദിനരാത്രങ്ങൾ. ഭാഗം 1

ഡോ.സീജി. പൂക്കോയ കൽപേനി

കോഴിക്കോട്ടിൽ നിന്നും പെട്ടിയും കെട്ടുമായി ആലപ്പുഴ ബസ്സ് കയറി ആലപ്പുഴയിൽ എത്തിയ ഞങ്ങൾ ടൗണിലുള്ള ജനറൽ ഹോസ്പിറ്റലിനടുത്തുള്ള പാലസ് ഹോട്ടലിൽ മുറി എടുത്തു, കോളേജ് അഡ്മിഷൻ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നത് വരെ അവിടെ ഏഴ് ദിവസം താമസിച്ചു. അന്ന് ടൗണിൽ താമസത്തിന് സൗകര്യമുള്ള ഒരു ഹോട്ടൽ ആയിരുന്നു പാലസ് ഹോട്ടൽ. കോഴിക്കോടുള്ള ദ്വീപ് ഓഫീസിൽ നിന്നും യാത്രാ ചെലവിലേക്ക് അഡ്വാൻസ് ആയി ഒരാൾക്ക് നൂറ്റിയമ്പത് രൂപ വെച്ചു തന്നിരുന്നു. അന്ന് വാടക ദിവസം ഏഴ് രൂപയും ഭക്ഷണത്തിന് ഒരു ദിവസം ഏതാണ്ട് അഞ്ചോ ആറോ രൂപ മതിയായിരുന്നു. വീട്ടിൽ നിന്നും വരുമ്പോൾ തന്നിരുന്ന അഞ്ഞൂറ് രൂപയിൽ നിന്നും മുന്നൂർ രൂപ ബാക്കി ഉണ്ടായിരുന്നു. ആലപ്പുഴ നഗരം കോഴിക്കോട് നഗരത്തെക്കാളും തികച്ചും വ്യത്യസ്തമായിട്ടായിരുന്നു അനുഭവപ്പെട്ടത്. ഭൂപ്രകൃതിയിലും, ജനജീവിതത്തിലും, വ്യാപാരത്തിലും. കായലും തോടുകളും നിറയെ ഉള്ളതിനാൽ ചരക്കു ഗതാഗതത്തിനും, യാത്രക്കും, വിനോദത്തിനും വള്ളങ്ങൾ ആണ് കൂടുതലായി ഉപയോഗിച്ചിരുന്നത്. ചകിരി പിരിക്കലും കയർ ഉൽപന്നങ്ങളുടെ നിർമ്മാണവും കയറ്റുമതിയും സർവ്വത്ര. അത് പ്രകാരം കയർ ഫാക്ടറികളും ഇഷ്ടം പോലെ. കോഴിക്കോട്ടിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു ജീവിതശൈലിയും അവിടെ അനുഭവപ്പെട്ടു. അവിടെ കൂടുതൽ വെള്ളക്കെട്ട് ഉള്ളത് കൊണ്ട് കൊതുക് ശല്യവും കൊതുക് പരത്തുന്ന രോഗങ്ങളും അധികമായി കാണപ്പെട്ടിരുന്നു. കേരളത്തിൽ മന്ത് രോഗം ഏറ്റവും കൂടുതലായി കാണപ്പെട്ടിരുന്നത് ആലപ്പുഴയിൽ ആയിരുന്നു. വയലുകൾ ഉള്ള പ്രദേശങ്ങൾ അധികമുള്ളത് കൊണ്ട് കേരളത്തിൽ ഏറ്റവുമധികം നെൽകൃഷി നടത്തിയിരുന്നതും അവിടെയാണ്. ആലപ്പുഴ ജില്ലയിൽ പൊതുവെ തൊഴിലാളികളും വ്യവസായങ്ങളും കുടുതൽ ഉള്ളത് കൊണ്ടോ എന്തോ അവിടെ കമ്മ്യൂണിസ്റ്റ് പാർട്ടി വേരോടിയിരുന്നു. പ്രസിദ്ധമായ പുന്നപ്ര സമരം നടന്ന പുന്നപ്ര ആലപ്പുഴ നഗരത്തിന്റ തെക്ക് വണ്ടാനം മെഡിക്കൽ കോളേജിന്റെ അടുത്താണ് ഉള്ളത്. ആലപ്പുഴയിൽ അന്ന് ഉദയാ സ്റ്റുഡിയോ എന്ന ഒരു സിനിമ സ്റ്റുഡിയോ ഉണ്ടായിരുന്നു. സിനിമാ നടൻ കുഞ്ചാക്കോ ബോബന്റെ അച്ഛൻ ബോബൻ കുഞ്ചാക്കോയുടെ അച്ഛൻ മാളിയംപുരക്കൽ കുഞ്ചാക്കോ ആയിരുന്നു അത് തുടങ്ങി വെച്ച മുതലാളി. ഉദയാ സ്റ്റുഡിയോ പിന്നീട് ഞങ്ങൾ സന്ദർശിച്ചു. അന്ന് ബോബൻ കുഞ്ചാക്കോ ആയിരുന്നു അവിടെ സിനിമ നിർമ്മാണം നടത്തിയിരുന്നത്. ആലപ്പുഴയിൽ മുല്ലക്കൽ റോഡും പരിസരവും മാത്രമാണ് അന്ന് കച്ചവട കേന്ദ്രം. അവിടെ പ്രശസ്തമായ ഒരു അമ്പലവും ഉണ്ട്. മുല്ലക്കൽ ക്ഷേത്രം. അവിടെ എല്ലാ വർഷവും ഒരു ഉൽസവവും നടത്തിയിരുന്നു. ബീമാ ജ്വല്ലറി അന്ന് ആലപ്പുഴയിൽ മാത്രമാണ് ഉണ്ടായിരുന്നത്. അത് പോലെ ശീമാട്ടി ടെക്സ്റ്റൈലും. ഞാൻ ശീമാട്ടിയിൽ നിന്നും ഏഴ് രൂപയ്ക്ക് ഒരു റയോൺ പാൻറ് തുണിയും അഞ്ച് രൂപയ്ക്ക് ഷർട്ട് തുണിയും വാങ്ങി തയ്ക്കാൻ നൽകി. അക്കാലത്ത് റെഡിമെയ്ഡ് ഡ്രസ്സുകൾ വളരെ കുറവായിട്ടാണ് കാണപ്പെട്ടിരുന്നത്. ആലപ്പുഴ വള്ളം കളി പ്രശസ്തമാണ്. വിനോദത്തിനായി സിനിമാ തിയേറ്ററുകളും നല്ലൊരു കടപ്പുറവും ഉണ്ടായിരുന്നു. അവിടെത്തെ ജനങ്ങൾ നല്ല സഹകരണം ഉള്ളവരായിരുന്നു. അവിടെ പ്രാക്ടീസ് ചെയ്യുന്ന ഇബ്രാഹിം കുട്ടി വക്കീൽ ഞങ്ങളുമായി പരിചയപ്പെട്ടു. അടുത്തിടെ വിട പറഞ്ഞ മുൻ എം.പി ,എം ഐ.ഷാനവാസിന്റെ പിതാവ്. അദ്ദേഹം ഞങ്ങൾക്ക് വേണ്ട സഹായങ്ങൾ ചെയ്തു തന്നു. അന്ന് പ്രീയൂണിവേഴ്സിറ്റി കഴിഞ്ഞാൽ ഒരു വർഷം പ്രീമെഡിക്കൽ കോഴ്സ് കഴിഞ്ഞു വേണം മെഡിക്കൽ കോളേജിൽ പ്രവേശനം ലഭിക്കാൻ. അതിനായി ടൗണിന്റെയും മെഡിക്കൽ കോളേജിന്റെയും ഇടക്കുള്ള എസ് ഡി (സനാതന ധർമ്മ) കോളേജിലായിരുന്നു പ്രീമെഡിക്കൽ കോഴ്സ് ഒരു വർഷം പഠിക്കേണ്ടിയിരുന്നത്.

എന്നാൽ താമസത്തിനു ടീ ഡി (തിരുമല ദേവസ്വം) മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ തന്നെ സൗകര്യം ചെയ്ത് തന്നു.
അങ്ങനെ ഒരു വർഷത്തെ പഠനം എസ് ഡി കോളേജിൽ നടന്നു. ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി ബയോളജി എന്നീ നാലു വിഷയങ്ങൾ മാത്രം.

ഞങ്ങൾ മെഡിക്കൽ കോളേജിൽ പഠനത്തിന് ചെല്ലുന്ന കാലത്ത് ലക്ഷദ്വീപിൽ നിന്നും ആരും തന്നെ ഡോക്ടർമാർ ആയി പരീക്ഷ പാസായിട്ടില്ലായിരുന്നു. എന്നത് മാത്രമല്ല, ഞങ്ങൾക്ക് മുമ്പ് കേരളത്തിനു പുറത്ത് മെഡിക്കൽ കോളേജിൽ പഠനം തുടങ്ങിയ അന്ത്രോത്ത് ദ്വീപിലെ രണ്ടു പേർ വർഷങ്ങളായി പഠിച്ചു കൊണ്ടിരിക്കുന്നു വെന്നും മെഡിക്കൽ പഠനം വളരെ കഠിനമാണെന്നും ചിലർ പറഞ്ഞു ഞങ്ങളെ ഭയപ്പെടുത്തിയിരുന്നു. ശവം കീറി മുറിക്കണം എന്നും, അസ്ഥികൂടം ബെഡ് റൂമിൽ വെച്ച് കൊണ്ട് ഉറങ്ങണം എന്നും ചിലർ പറഞ്ഞു പേടിപ്പിച്ചു. അത് കൊണ്ടു അന്ന് ഞങ്ങളോടൊപ്പം പാസ്സായ പലരും ഭയം കൊണ്ട് മെഡിസിനു ചേരാതെ ബി എ, ബി എസ് സി എടുത്തു പിന്നീട് അവർ അദ്ധ്യാപകൻമാരായി. മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ ആണ് ഞങ്ങളുടെ താമസം എങ്കിലും പ്രീമെഡിസിൻ പഠനം ആർട്സ് കോളേജിൽ ആയതിനാൽ മെഡിക്കൽ കോളേജ് പഠനം എങ്ങനെ എന്ന് തുടക്കത്തിൽ അറിഞ്ഞിരുന്നില്ല. പ്രീമെഡിസിൻ കോഴ്സ് ഞങ്ങൾക്ക് ഒട്ടും പ്രയാസമായിരുന്നില്ല. നല്ല അദ്ധ്യാപകൻമാരുണ്ടായിരുന്നു. അവർ നാളത്തെ ഡോക്ടർമാർ എന്ന ഒരു പരിഗണനയും ഞങ്ങൾക്ക് നൽകിയിരുന്നു. അവിടെ പഠിച്ചിരുന്ന പലരും സുഹൃത്തുക്കളായി. അന്ന് ബി എസ് സി പഠിക്കുന്നവരോട് ഒപ്പമായിരുന്നു അധികം ക്ലാസുകളും. പരീക്ഷ അടുത്തപ്പോൾ ഞങ്ങൾക്ക് മാത്രമായിട്ട് സ്പെഷ്യൽ ക്ലാസുകളും ഉണ്ടായിരുന്നു. അത് കൊണ്ട് എല്ലാവരും നല്ല മാർക്കോടെ പാസ്സായി. അവിടെ നല്ല ഫുഡ് ബോൾ കോർട്ടും, ഹോക്കി കോർട്ടും ഉണ്ടായിരുന്നു. അവിടെ വെച്ചാണ് ഞാൻ ആദ്യമായി ഹോക്കി കളിക്കുന്നത്. കോളേജ് ഹോസ്റ്റലിൽ നിന്നും അഞ്ചു കിലോമീറ്റർ ദൂരെ ആയത് കൊണ്ടും മെഡിക്കൽ കോളേജ് ബസ്സ് ക്ലാസ് കഴിയുമ്പോഴേക്കും കാത്തിരിക്കുന്നത് കൊണ്ടും അധികം സമയം കളികളിൽ പങ്കെടുക്കാൻ സാധിച്ചില്ല. മെഡിക്കൽ കോളേജ് ഹോസ്റ്റൽ നല്ല സൗകര്യങ്ങളുള്ള ഒരു ബിൽഡിംഗ് ആയിരുന്നു. അതിൽ ഒരു വലിയമുറി ഇൻഡോർ കളികൾക്ക് മാത്രമായി ക്രമീകരിച്ചിരുന്നു. അതിൽ ഒരു ടേബിൾ ടെന്നീസ്, കാരംബോർഡ് എന്നിവയും ഒരു മൂലയിൽ ഒരു ചെസ്സ് ബോർഡും ഉണ്ടായിരുന്നു. ചിലർ റമ്മി കളിക്കുകയും ചെയ്യും. താമസവും ഭക്ഷണവും, കളികളുമായി ഒരു വർഷം പോയതറിഞ്ഞില്ല. ചെസ്സ് കളിയും റമ്മിയും അവിടെ നിന്നാണ് പഠിച്ചത്. ചിലപ്പോൾ കാരം ബോർഡും ടേബിൾ ടെന്നീസും കളിച്ചിരുന്നു. ആ വർഷാവസാനം ഹോസ്റ്റൽ ഡേ എന്ന് പറഞ്ഞു സീനിയർ സ്റ്റുഡൻസ് പരിപാടി നടത്തി. അതിൽ ഞങ്ങളും പങ്കുചേർന്നു. ഹോസ്റ്റൽ ബിൽഡിംഗ് വലിയ നാലുകെട്ടും അതിനു നടുക്കായി ഒരു മൈതാനവും മുഴുവനും ആലങ്കരിച്ചു. പെൺകുട്ടിയുടെ ഹോസ്റ്റൽ വേറെ ആയിരുന്നു എങ്കിലും ഹോസ്റ്റൽ ഡേ പരിപാടികൾ ഒന്നിച്ചു തന്നെ ആയിരുന്നു. അവർ ചമഞ്ഞ് നേരത്തെ ഞങ്ങളുടെ ഹോസ്റ്റലിനകത്തെ ഓപ്പൺ ഏരിയയിൽ എത്തി. കോമഡി പരിപാടികളും, നൃത്തവും, പാട്ടും ആയിരുന്നു പരിപാടികൾ. അന്ന് പരിപാടികളിൽ ഒന്നിലും ഞങ്ങൾ പങ്കെടുത്തില്ലെങ്കിലും കെ കെ മുഹമ്മദ് കോയ മാത്രം സ്റ്റേജിൽ കയറി ഒരു പാട്ടു പാടി. കുട്ടിക്കുപ്പായം സിനിമയിലെ “ഇന്നെന്റെ കരളിലെ പുന്നാര പനം തത്ത പറന്നു പോയി…..” എന്നു പാടിയതും കൂട്ടത്തോടെ കൂവി പാട്ട് പൂർത്തിയാക്കാൻ സാധിച്ചില്ല. പാട്ട് നന്നായിരുന്നു എങ്കിലും ഞങ്ങൾ ഹോസാറ്റലിൽ ജൂനിയേർസ് മാത്രമല്ല, വേറെ ആർട്സ് കോളേജിൽ പഠിക്കുന്നവരായത് കൊണ്ട് വരുത്തരെ പോലെയാണ് സീനിയേർസ് കണക്കാക്കിയത്. അതിനു ഞങ്ങൾ മെഡിക്കൽ കോളേജ് വിദ്യാർത്ഥികളും അല്ലല്ലോ. അത് കൊണ്ട് മാത്രമാണ് അങ്ങനെ നിരുൽസാഹപ്പെടുത്തിയത്. ഇരിപ്പിടം ഒരു മേശക്ക് ചുറ്റും നാലുപേർ. ഒരു കല്യാണാഘോഷത്തിന്റെ പ്രതീതി. അവസാനം നല്ല ഭക്ഷണവും ഉണ്ടായിരുന്നു. കോഴ്സ് കഴിഞ്ഞു വെക്കേഷനിൽ ദ്വീപിലേക്ക് പോകണം. പ്രീ മെഡിസിൻ കോഴ്സ് പൂർത്തിയാക്കിയ ഞങ്ങൾ നാലുപേരും ആലപ്പുഴ മെഡിക്കൽ കോളേജിലേ ഒന്നാം വർഷ വിദ്യാർത്ഥികളായ മൂന്നു പേരും, മാർച്ച് അവസാന വാരത്തിൽ ഒരു മാസം വരുന്ന വെക്കേഷൻ ഹോളിഡേയ്സിൽ ദ്വീപിലേക്ക് എത്തിപ്പെടാനുള്ള അതിമോഹം കൊണ്ടു് ബസ്സ് കയറി കോഴിക്കോട്ടെത്തി. അന്ന് ആലപ്പുഴയിൽ തീവണ്ടി സർവീസ് തുടങ്ങിയിട്ടില്ല. കപ്പൽ സർവീസും ലക്ഷദ്വീപ് ഓഫീസും കോഴിക്കോട്ടിൽ മാത്രം. കൊച്ചിയിലും ഓഫീസ് തുടങ്ങിയിട്ടില്ല. തലസ്ഥാനവും സെക്രട്ടേരിയേറ്റും കവരത്തിയിൽ പ്രവർത്തനം ആരംഭിച്ചു ഒരു വർഷം മാത്രമേ ആയിരുന്നുള്ളു. അത് കൊണ്ട് കോഴിക്കോട് ഓഫീസ് തുടർന്നു പോന്നിരുന്നു. അപ്പോഴും അഡ്മിനിസ്ട്രേറ്റർ മൂർക്കോത്ത് രാമുണ്ണി തന്നെ ആയിരുന്നു. കോഴിക്കോട്ടിൽ എത്തിയ ഞങ്ങൾ സിറ്റി ലോഡ്ജിൽ മുറി എടുത്തു. കുളികഴിഞ്ഞ് നേരെ വെള്ളയിലുള്ള ലക്ഷദ്വീപ് ഓഫീസിലെത്തി അഡ്മിനിസ്റ്റ്റേറ്ററെ കണ്ട് കാര്യം അവതരിപ്പിച്ചു. അപ്പോൾ കോഴിക്കോട്ടുള്ള രാജലക്ഷ്മിയിൽ ചരക്ക് കയറ്റിക്കൊണ്ടിരിക്കുകയായിരുന്നു. “ദ്വീപിലേക്ക് കപ്പലുണ്ട്. എന്നാൽ നാലോ അഞ്ചോ ദിവസം കഴിയണം. അതിൽ നിങ്ങൾക്ക് കവരത്തിയിൽ പോകാം…. ” എന്ന് അഡ്മിനിസ്റ്റ്റേറ്റർ പറഞ്ഞു. എം.വി.ധനലക്ഷ്മി കപ്പൽ ദ്വീപിലാണ്. എന്ന് എത്തുമെന്ന് യാതൊരറിയിപ്പും ഇല്ല. അന്ന് രാജലക്ഷ്മി, ധനലക്ഷ്മി എന്നീ രണ്ട് കപ്പലുകൾ മാത്രമെ ദ്വീപുകളിലേക്ക് സർവീസ് നടത്തുന്നുണ്ടായിരുന്നുള്ളു. രണ്ടും ഒരേ ആകൃതിയും വണ്ണവും. ഇന്നത്തെ സ്പീഡ് വെസ്സലിനെക്കാൾ സ്വൽപം നീളവും, മുൻവശത്തെ മൂന്നിൽ രണ്ടു ഭാഗവും ചരക്ക് നിറക്കാനുള്ള പള്ളയും, പിൻവശത്ത് കപ്പൽ ജീവനക്കാർക്ക് മാത്രമായുള്ള കാബിനും വീൽഹൗസും. രണ്ടും പഴയ കപ്പലുകൾ. മൺസൂൺ കാലത്ത് കപ്പൽ യാത്ര ഉണ്ടാവില്ല. ഏപ്രിൽ പതിനഞ്ച് കഴിഞ്ഞാൽ കപ്പൽ യാത്രക്കു സപ്തംബർ മാസം പകുതി കഴിയണം. കോഴിക്കോട്ടിൽചരക്ക് കയറ്റുന്ന തുഴയുന്ന വലിയ തോണിയിൽ കയറി വേണം കപ്പലിലെത്താൻ. ഇരുത്തം അതിന്റെ പള്ളയിൽ തന്നെ. പള്ളയിൽ ചാരിനിൽക്കാനായാൽ ആശ്വാസം. ഏതാണ്ട് മുക്കാൽ കിലോമീറ്റർ ദൂരെയാണ് കപ്പലിന്റെ കിടപ്പ്. പാലം ഉണ്ടെങ്കിലും കപ്പൽ പാലത്തിൽ പിടിക്കില്ല. അത്തരം ഒരു തോണിയിൽ ഞങ്ങൾ കപ്പലിലെത്തി. ചരക്ക് സൂക്ഷിക്കുന്ന കപ്പലിന്റെ പള്ള മൂടിവെച്ച് അതിനു മുകളിലാണ് യാത്രക്കാർക്ക് താമസവും ഉറക്കവും. കിച്ചന്റെ ജനലിലൂടെ കൈനീട്ടി എന്തെങ്കിലും കിട്ടിയത് കൊണ്ട് വയറ് നിറക്കാം. അതും ഛർദ്ദിയും തലകറക്കവും ഇല്ലാത്തവർക്ക്. മലവിസർജനത്തിനായി യാത്രക്കാർക്ക് ഒരേ ഒരു കക്കൂസ്. അന്ന് ആ കപ്പലിൽ പല ദ്വീപുകളിലേക്കുമായി യാത്രക്കാരായി ഏതാണ്ട് പന്ത്രണ്ട് പേർ ഉണ്ടായിരുന്നു. ഇത്രയും മാത്രമായിരുന്നു കപ്പലിലെ സൗകര്യങ്ങളെങ്കിലും അന്ന് അത് ഒരു പോരായ്മയായി തോന്നിയില്ല. കാരണം വേറൊന്നുമല്ല അതിനു മുമ്പുള്ള യാത്രകൾ പായോടത്തിലായിരുന്ന ‘ല്ലോ. അതുമായി താരതമ്യം ചെയ്യുമ്പോൾ പരമസുഖം. അത്കൊണ്ട് തന്നെ ഒരു പരാതിയും കൂടാതെ കപ്പലിൽ കയറിപ്പറ്റി. കവരത്തി ദ്വീപിലേക്കാണ് കപ്പൽ പോകുന്നതെന്നും, കുറെ ദിവസം കഴിഞ്ഞ് മാത്രമേ അവിടെ നിന്നും കൽപേനിയിലേക്കും അന്ത്രോത്ത് ദ്വീപിലേക്കും എന്തെങ്കിലും വാഹനം ഞങ്ങൾക്ക് ലഭിക്കുകയുള്ളുവെന്നും അറിയാമായിരുന്നു. എനിക്ക് പുറമെ കൽപേനിയിൽ നിന്നും കുന്നാംകലം മുഹമ്മദ് കോയ, ചേര്യന്നല്ലാൽ സെയ്ദ് മുഹമ്മദ് കോയ, ആലിക്കാക്കാട മുത്തുക്കോയ എന്നിവരും, അന്ത്രോത്തിൽ നിന്നും എൻ. മുത്തുക്കോയ, പാട്ടകൽ കുന്നിസീതിക്കോയ എന്നിവരും, ചേത്തിലാത്ത് ദ്വീപിൽ നിന്നും ബി.ശേക്കോയയും ആയിരുന്നു മെഡിക്കൽ വിദ്യാർത്ഥികൾ. വിദ്യാർഥികൾക്ക് കപ്പലിൽ ടിക്കറ്റ് ഫ്രീ. നേരിട്ട് ഞങ്ങളുടെ ദ്വീപിലെത്താൻ വേറെ ഒരു നിർവാഹവും ഇല്ലാത്ത സ്ഥിതിക്ക് അതിൽ തന്നെ കവരത്തിയിലേക്ക് യാത്ര ചെയ്യേണ്ടതായി വന്നു. കവരത്തിയിൽ നിന്നും മറ്റു ദ്വീപുകളിലേക്ക് യാത്രയ്ക്ക് എന്തെങ്കിലും ലഭിക്കുമായിരിക്കും എന്നത് ഒരു പ്രതീക്ഷ മാത്രം. കാരണം അന്ന് അഡ്മിനിസ്ട്രേറ്റരുടെ യാത്രക്കായി മാത്രമാണ് കപ്പൽ പ്രോഗ്രാം ചെയ്തിരുന്നത്. രാവിലെ കോഴിക്കോട്ട് നിന്നും പുറപ്പെട്ട കപ്പൽ പിറ്റേന്ന് വൈകീട്ട് കവരത്തിയിൽ എത്തി. കവരത്തിയിൽ ലഗൂണിന്റെ പുറത്ത് വടക്ക് പടിഞ്ഞാറ് ഭാഗത്തായി കപ്പൽ നങ്കൂരം ഇട്ടു. അന്ന് തുഴയുന്ന തോണികളിലായിരുന്നു കപ്പലിൽ നിന്നും കരയിലേക്കുള്ള യാത്ര. കവരത്തയിൽ ഒരു പാബ്ലൊ ബോട്ട് ഉണ്ടെങ്കിലും അത് അഡ്മിനിസ്റ്റ്റേറ്റർക്കും മുതിർന്ന ഉദ്യോഗസ്ഥൻമാർക്കും മാത്രം. മറ്റു ദ്വീപുകളിൽ അഡ്മിനിസ്ട്രേറ്റർക്കും മറ്റു വിശിഷ്ട വ്യക്തികൾക്കും ഇത്തരം നാടൻ തോണികൾ അലങ്കരിക്കുകയും അതിൽ മറകെട്ടി, ഇരിക്കുന്ന പലകയിൽ ബെഡ്ഷീറ്റ് വിരിക്കുകയും ചെയ്തിരിക്കലിയിരുന്നു പതിവ്. ഞങ്ങൾ ആലപ്പുഴ മെഡിക്കൽ കോളേജിലെ ഏഴുപേർ കവരത്തി ദ്വീപീൽ എത്തിയതും ഞങ്ങളെ പിടിച്ചു ക്വാരന്റൈനിലാക്കി. അന്ന് കവരത്തിയിൽ ക്വാരന്റൈനൻ എന്നോ എന്ന് ഇത് വായിക്കുന്നവർ ചോദിക്കുമെന്നറിയാം….! അതെ…!!. അതേ ചോദ്യം അന്ന് ഞങ്ങളും ചോദിച്ചിരുന്നു. ഇത് കഥയല്ല, സംഭവനീയമായ ഒരു ജീവിത കഥയാണ്. എന്തിനു ക്വാരന്റൈൻ എന്ന് ഞങ്ങൾക്കും ഞങ്ങളെ ക്വാരന്റൈൻ ചെയ്തവർക്കും അറിയില്ല എന്നത് അതിലും രസകരം….!! പെട്ടിയും ”കോതടി’കിടക്കയുമായി കവരത്തിയിൽ ഇറങ്ങിയ ഞങ്ങളെ കടപ്പുറത്ത് വെച്ച് ഗുമുസ്തൻ കച്ചേരിയിൽ ഉടനെ ചെല്ലണമെന്നും, കോഴിക്കോട്ടിൽ പനി ഉള്ളത് കൊണ്ട് ഡോക്ടർ പരിശോധിച്ച ശേഷം മാത്രമെ പോകാൻ പാടുള്ളു എന്നും പറഞ്ഞു. അന്ന് കവരത്തിയിൽ ഡോക്ടർ ഒരു ലേഡി ഡോക്ടർ ആയിരുന്നു. മുൻ അഡ്മിനിസ്റ്റ്റേറ്റർ ആയിരുന്ന യു.ആർ.പണിക്കരുടെ ഭാര്യ. അവർ കച്ചേരിയിൽ വന്നില്ല. ഞങ്ങളുമായി ഗുമുസ്ഥൻ അവർ താമസിക്കുന്ന ക്വാർട്ടേഴ്സിലേക്കു ചെന്നു. ഞങ്ങളെ മുറ്റത്ത് നിർത്തി. ഞങ്ങളെ എന്തിനാണ് ക്വാരൻടൈൻ എന്ന് ചോദിച്ചതിന് കേരളത്തിൽ പനി ഉള്ളത് കൊണ്ടാണ് എന്നായിരുന്നു അവരുടെ മറുപടി. ഞങ്ങളിൽ ആർക്കും പനി ഇല്ലായിരുന്നു. ഞങ്ങൾക്ക് താമസിക്കാൻ ഒരു സ്രാമ്പി ശരിപ്പെടുത്തിയിട്ടുണ്ട് എന്നും അവിടെ കൊണ്ടു ചെന്നാക്കണം എന്നു മാത്രം പറഞ്ഞു എന്നിട്ട് ആ സ്രാമ്പിയിലേക്ക് കൊണ്ടു പോയി. അത് കല്ലുകെട്ടി ഓലമേഞ്ഞ ഒരു ചെറിയ മുറി ആയിരുന്നു. പണ്ട് ആരോ തേങ്ങ സൂക്ഷിച്ചു വെച്ചിരുന്ന ഒരു ഒറ്റമുറിക്കട. നിര എന്ന വാതിൽ പാളികൾ കൊണ്ട് അടച്ചിരുന്ന ഒരു ചെറിയ വാതിൽ. ഓലമേഞ്ഞ മേൽപുര. ഞങ്ങളുടെ പെട്ടിയും കോതടിയും കച്ചരിയിൽ വെച്ചിരിക്കുകയായിരുന്നു. ആ മുറിയിൽ ആർക്കും കിടക്കാനോ, ഉറങ്ങാനോ സാധിക്കുകയില്ല. ഞങ്ങളുടെ പരാതി മനസ്സിലാക്കിയ ഗുമുസ്ഥൻ ഞങ്ങളെ അവരവരുടെ ഇഷ്ടത്തിന് വിടുകയും ചെയ്തു. അന്ന് എന്റെ ജേഷ്ഠൻ ആറ്റക്കോയ കവരത്തിയിൽ ഹിന്ദി അധ്യാപികനായി ജോലി നോക്കിയിരുന്നു. കുടുംബ സമേതം കുഞ്ഞേലം വീട്ടിൽ ആയിരുന്നു താമസിച്ചിരുന്നത്. ടെലിഫോൺ സൗകര്യം ഇല്ലാത്ത കാലം. കമ്പിഇല്ലാകമ്പി എന്ന വയർലസ് സൗകര്യം ഉണ്ടായിരുന്നു എങ്കിലും കവരത്തിയിൽ വിവരം അറിയിച്ചില്ല. സ്കൂൾ വിട്ട് വിവരം അറിഞ്ഞ ജേഷ്ഠൻ വന്നു കണ്ടു. ഞങ്ങൾക്ക് ഭക്ഷണത്തിനു ആ വീട്ടിലേക്ക് എല്ലാവരേയും കൂട്ടി ചെല്ലാനും സാധിക്കില്ല. അവരവർക്ക് പരിചയമുള്ള വീടുകളിലേക്ക് മറ്റുള്ളവരെയും ചിലർ ക്ഷണിച്ചു കൊണ്ടു പോയി.

അഞ്ച് ദിവസം കഴിഞ്ഞ് കപ്പൽ കൽപേനിയിലേക്ക് ലഭിച്ചു.

കൽപേനിയിൽ മൂന്ന് ആഴ്ച മാത്രം ദ്വീപിൽ താമസിച്ചു കൽപേനിയിൽ എത്തിയ കപ്പലിൽ കരയിലേക്ക് കപ്പൽ കയറി. എം.വി.രാജലക്ഷ്മി കപ്പലായിരുന്നു അത്. പതിവ് പോലെ അതിന്റെ കാർഗോ ചേമ്പറിനു മുകളിൽ വിരിച്ച താർപ്പായയുടെ മുകളിൽ പെട്ടി വെച്ചു കോതടി കിടക്ക വിരിച്ചു അതിൽ തല ചായ്ച്ചു. കുറച്ചു കഴിഞ്ഞപ്പോൾ മഴയും കാറ്റും വന്നു. രാത്രിയിലും അത് തുടർന്നു. കപ്പൽ ഉരുണ്ടു കളിക്കാൻ തുടങ്ങി. ഞങ്ങൾ തെറിച്ചു വീഴുമോ എന്ന് പോലും പേടിച്ച് പോയി. ഇരുമ്പ് പെട്ടിക്കകത്ത് മഴ വെള്ളം കയറി. വസ്ത്രങ്ങൾ മാത്രമല്ല എസ് എസ് എൽ സി പുസ്തകവും നനഞ്ഞു. പിറ്റേന്ന് വെയിലത്ത് വെച്ചു ഉണക്കി എടുത്തു എങ്കിലും പലയിടത്തും നനഞ്ഞു എഴുതിയത് വായിച്ചാൽ ആവാത്ത വിധത്തിൽ ആയി.

ആ കപ്പലിൽ അഗത്തി ദ്വീപിലെ റഹ്മത്ത് ബീഗവും ഉണ്ടായിരുന്നു. അവർ അന്ന് ആന്ത്രയിലെ വാറങ്കൽ മെഡിക്കൽ കോളേജിൽ പഠിക്കുകയായിരുന്നു. അവർക്ക് ഉറങ്ങാൻ ഒരു കാബിൻ ചീഫ് ഓഫിസർ സൗകര്യപ്പെടുത്തിക്കൊടുത്തിരുന്നു. ആ കപ്പൽ കൊച്ചിയിലാണ് എത്തിയത്. ഞങ്ങൾ ആദ്യമായി കൊച്ചിയിൽ എത്തുന്നതും ആയിരുന്നു. അവിടെത്തെ റയിൽവെ സ്റ്റേഷനിൽ അന്ന് തീവണ്ടിയാത്രാ സൗകര്യം ഉണ്ട് എന്ന് അറിഞ്ഞു. എന്നാൽ ഞങ്ങൾക്ക് ആലപ്പുഴയിലേക്ക് ബസ്സ് തന്നെ കയറി പോകണം. അന്ന് ആലപ്പുഴ വഴി റയിൽവേ തുടങ്ങിയിട്ടില്ല. റഹ്മത്ത് ബീഗം തീവണ്ടിയിൽ വാറങ്കലിലേക്ക് പോകുന്നതിനാൽ യാത്ര അയക്കാൻ ഞങ്ങളും വെല്ലിംഗ് ടൺ ഐലന്റ് റയിൽവേ സ്റ്റേഷനിൽ ചെന്നു. അങ്ങനെ ആ സ്റ്റേഷനും കണ്ടു. അക്കാലത്ത് ഐലന്റ് റെയിൽവെ സ്റ്റേഷനിൽ നിന്നും പുറപ്പെടുന്ന തീ വണ്ടികൾ ഉണ്ടായിരുന്നു. പിന്നീട് അത് നിർത്തി.

1973 ജനുവരി 26 നു തുടങ്ങിയ നിസാമുദ്ദീൻ എറണാകുളം എക്സ്പ്രസ് 1993 ൽ കൊങ്കൻ റയിൽവേ ആരംഭിച്ചപ്പോൾ മങ്ങളാ എക്സ്പ്രസ് നേരിട്ട് മംഗലാപുരം വഴി എറണാകുളത്തും, അത് പിന്നീട് 1998 ൽ റാം വിലാസ് പാഹ്വാൻ (ജനതാ ദൾ) റയിൽവേ മന്ത്രി ആയപ്പോൾ ലക്ഷദ്വീപുകാരുടെ സൗകര്യത്തിനു വെല്ലിംഗ്ടൺ ഐലന്റ് വരെ നീട്ടി ടെൽഹി ലക്ഷദ്വീപ് എക്സ്പ്രസ് എന്ന പേരിലാക്കി. കുറെക്കാലം ഐലന്റ് നിന്നും ആ ട്രയിൻ ഓടിയിരുന്നു. പിന്നീട് അത് എറണാകുളം വരെ ആക്കി അവർ മാറ്റി. അങ്ങനെ വില്ലിങ്ട്ടൺ ഐലൻ്റിലെ റയിൽവേ സ്റ്റേഷൻ വെറും നോക്കുകുത്തി ആയി മാറി.

 അടുത്ത വർഷം 1965 ൽ മെഡിക്കൽ കോളേജ് ഒന്നാം വർഷ പഠനം തുടങ്ങി.

മെഡിക്കൽ കോളേജ് ടൗണിൽ നിന്നും പത്ത് കിലോമീറ്റർ തെക്കു വണ്ടാനത്തിൽ ആണെങ്കിൽ മെഡിക്കൽ കോളേജ് ആശുപത്രി ആലപ്പുഴ ടൗണിൽ ആയിരുന്നു. ഞങ്ങളുടെ കോഴ്സ് കഴിയുന്നത് വരെ ആ ജില്ലാ ആശുപത്രിയിൽ തന്നെയായിരുന്നു ക്ലിനിക്കൽ പഠനവും ഹൗസ് സർജൻസിയും.

വണ്ടാനത്തെ ആറ് വർഷക്കാല ജീവിതത്തിൽ മറക്കാനാവാത്ത ഒരു പാട് ഓർമ്മകൾ ഉണ്ട്. 1957 ഓഗസ്റ്റ് 17 നാണ് ആലപ്പി ജില്ല രൂപീകൃതമായത്. 1990-ൽ വരെ ആലപ്പി എന്ന പേരിലായിരുന്നു ആലപ്പുഴ അറിയപ്പെട്ടിരുന്നത്. ഇന്ന് കേരളത്തിലെ പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രമാണ് ആലപ്പുഴ. തോടുകളും കായലുകളും, അതിലൂടെയുള്ള ബോട്ട് സവാരിയും ആലപ്പുഴ പട്ടണത്തെ വെനീസ് ഓഫ് സൗത്ത് എന്ന പേര് നിലനിർത്തി. മറ്റു ജില്ലകളിലേക്ക് ഇവിടെനിന്നുള്ള ജലഗതാഗതബന്ധം കാലങ്ങൾക്കു മുൻപേ തന്നെ നിലവിലുണ്ടായിരുന്നു. എക്കാലത്തും ഉൾനാടൻ ഗതാഗതം ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ജില്ല ആലപ്പുഴ തന്നെയാണ്. കയർ വ്യവസായത്തിന് പണ്ട് കാലം തൊട്ട് തന്നെ പേരു കേട്ടതാണ് ആലപ്പുഴ. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമരവേദികളായിരുന്ന പുന്നപ്ര, വയലാർ എന്നീ പ്രദേശങ്ങൾ ഈ ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്. മെഡിക്കൽ കോളേജ് തുടങ്ങുന്നതിനു മുമ്പ് വണ്ടാനം കാടുകൾ നിറഞ്ഞ ഒരു വനപ്രദേശം ആയിരുന്നു. ഞങ്ങൾ അവിടെ പഠിക്കാൻ തുടങ്ങിയ ശേഷവും അതിന്റെ മുൻവശം ജനവാസം ഇല്ലാതെ കാട് പിടിച്ചു കിടന്നിരുന്നു. വന്യമൃഗങ്ങൾ ഇല്ലെങ്കിലും പാമ്പും പക്ഷികളും കാണാറുണ്ടായിരുന്നു.

പുന്നപ്രയുടെയും പുറക്കാടിന്റെയും നടുക്ക് ആണ് വണ്ടാനം. പുറക്കാട് കടപ്പുറത്ത് എന്നും ചാകരയായിരുന്നു. അവിടെ ആണ് ചെമ്മീൻ സിനിമ ഷൂട്ട് ചെയ്തത്. ഞങ്ങൾ ചാകരക്കാലത്ത് കോളേജ് കടപ്പുറത്ത് ചെന്ന് ബക്കറ്റിൽ ഫ്രീ ആയിട്ടു മത്തി, അയില, ചെമ്മീൻ എന്നിവ വാങ്ങി ഹോസ്റ്റലിൽ കൊടുത്തിരുന്നു. വൈകുന്നേരം കോളേജിന്റെ കടപ്പുറത്ത് ചെന്ന് ഇരിക്കാറുമുണ്ടായിരുന്നു. ഹോസ്റ്റലിൽ നിന്നും അധികം അകലെ ഇല്ലായിരുന്നു കോളേജ് കടപ്പുറം. നല്ല വെളുത്ത മണൽ തീരം അവിടെ ഉണ്ടായിരുന്നു എങ്കിലും സൗകര്യങ്ങൾ ഒന്നും ചെയ്തിരുന്നില്ലായിരുന്നു. ഈവീനിംഗ് വാക്ക് എന്ന വൈകീട്ട് നടത്തം കൂടിയാണ് അത്.

അമ്പലപ്പുഴയും അധികം ദൂരമില്ല. ബസ്സിൽ പത്ത് മിനിട്ട് ദൂരം. പുറക്കാടിന്റെയും വണ്ടാനത്തിന്റെയും ഇടയ്ക്കാണ് അമ്പലപ്പുഴ. അവിടെത്തെ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ പാൽപായസം പ്രശസ്തമാണ്. അമ്പലപ്പുഴ പായസം എന്നാണ് അത് അറിയപ്പെട്ടിരുന്നത്. സുഹൃത്തുക്കൾക്കൊപ്പം ഞങ്ങൾ ഉൽസക്കാലത്ത് അവിടെ ചെന്നു പായസം കുടിക്കുകയും ഹോസ്റ്റലിലേക്ക് കൊണ്ടുപോവുകയും ചെയ്തിരുന്നു. കോളേജിന്റെ തെക്ക് ഭാഗത്തായി നീർകുന്നത്ത് മസ്ജിദ് ഇജാബയിൽ മുഹർറം പത്തിനു ബന്ധപ്പെട്ട് ദിക്റും കുത്ത് റാത്തീബും ഉണ്ടാകുമായിരുന്നു. അവിടം വരെ നടന്നു ചെന്നു രാത്രിയിൽ കുത്ത് റാത്തീബ് കണ്ടിരുന്നു. അതിനായി വടക്കെ ഇന്ത്യയിൽ നിന്നും ചിലർ വാളും, ചങ്ങലയും, കൂർത്ത മുനയുള്ള ആയുധങ്ങളുമായി അവിടെ വന്നിരുന്നു. രക്തം ചൊരിയുന്ന അത്തരം പ്രകടനം വേറെ എവിടെയും ഞാൻ കണ്ടിട്ടില്ല. തകഴിയും അധികം അകലെ അല്ല. നെടുമുടിയും അത് പോലെ അടുത്തു തന്നെ. കേരളത്തിലെ എക്കാലത്തെയും നെൽകൃഷി ഇടമായ കുട്ട നാടും വണ്ടാനത്തിൽ നിന്നും അകലെ അല്ല.

കോഴിക്കോട് യാത്രകൾ പലവുരു ബസ്സിൽ നടത്തിയിരുന്നു. അക്കാലത്ത് ദിവസവും ഒരു ഡീലക്സ് ബസ് ആലപ്പുഴ മുതൽ കോഴിക്കോട് വരെ ഉണ്ടായിരുന്നത് യാത്ര സുഖകരമാക്കി. അന്ന് അതിനു ടിക്കറ്റ് വെറും ഏഴ് രൂപ മാത്രം.

മാനസിക ആശുപത്രി ആലപ്പുഴയിൽ ഇല്ലാത്തതിനാൽ തിരുവനന്തപുരത്തുള്ള ഊളംപാറയിലെ മാനസിക ആശുപത്രിയിൽ രണ്ടാഴ്ചത്തെ പോസ്റ്റിങ്ങ് ഉണ്ടായിരുന്നു. ഞങ്ങളുടെ കോളേജിൽ സൈക്യാട്രി ഡിപ്പാർട്ട്മെന്റും ഉണ്ടായിരുന്നു എങ്കിലും മനോരോഗത്തിന് പ്രത്യേക ആശുപത്രി ആലപ്പുഴയിൽ ഇല്ലായിരുന്നു. സൈക്യാട്രി പ്രൊഫസർ ഓപ്താൽമോളജി പ്രൊഫസറുടെ ഭർത്താവ് ആയിരുന്നു. അവർ തമ്മിൽ എപ്പോഴും വഴക്കും അടിപിടിയും നടക്കുന്നത് കാണാമായിരുന്നു. സർജറി പ്രൊഫസർ ഡോ.തോമസ് സാർ സൗമ്യനും നല്ല മനുഷ്യനും ആയിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ ആയിരുന്നു പാതോളജി പ്രോഫസർ. അവർ നല്ല ദമ്പതികൾ ആയി കാണപ്പെട്ടിരുന്നു. തോമസ് സാർ അക്കാലത്തെ ഏറ്റവും നല്ല കാർഡിയാക്ക് സർജൻ കൂടി ആയിരുന്നു. വിദേശത്ത് ജോലി നോക്കിയിരുന്ന അദ്ദേഹം എറണാകുളം ലിസി ഹോസ്പിറ്റലിൽ ഹൃദയ ശാസ്ത്രക്രിയ നടത്തുകയായിരുന്നു. അവിടെയുള്ള ഹാർട്ട് ലംഗ് മെഷീൻ ആഴ്ചയിൽ ഒരു ദിവസം ബുധനാഴ്ച ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊണ്ടുവന്നു ഹൃദയ ശാസ്ത്രക്രിയ നടത്തി. ഞങ്ങൾ ഹൗസ് സർജൻസിയിൽ ഉള്ള കാലത്ത് അത് കാണാനും അസിസ്റ്റ് ചെയ്യാനും സാധിച്ചിരുന്നു. മെഡിസിൻ പ്രൊഫസർ കാർഡിയോളജിസ്റ്റ് ഡോ.ഡിവി നായർ സാർ ആയിരുന്നു. അസിസ്റ്റന്റ് പ്രൊഫസറായി ഡോ. ഷേണായി സാറും. അവർ നന്നായി ക്ലാസ് എടുത്തു. രണ്ടാം വർഷം ഊട്ടി, കൂനൂർ, കൊടൈക്കനാൽ എന്നിവിടങ്ങളിലേക്ക് ഞങ്ങൾ ബസ്സിൽ ഒരു ടൂർ നടത്തി. ആ ബസ്സിന്റെ ഡ്രൈവർ ആശാൻ കള്ളു ശാപ്പ് കണ്ടാൽ അവിടെ ബസ്സ് നിർത്തും എന്നിട്ട് ഇറങ്ങി കള്ള് കുടിച്ചു തിരികെ വന്നു വണ്ടി ഓടിക്കും. ചില കുട്ടികളും അയാളോടൊപ്പം കള്ള് കുടിച്ചതായി കണ്ടു. രാത്രിൽ വണ്ടി ഓടിക്കുമ്പോൾ ആശാൻ ഉറക്കം തൂങ്ങും. തട്ടി ഉണർത്താൻ ഞങ്ങൾ കള്ള് കുടിക്കാത്ത ആരെങ്കിലും മാറി മാറി മുൻസീറ്റിൽ ഇരിക്കണം. കൊക്കകളും, വളവുകളും, ചുരങ്ങളും ഉള്ള ആ വഴിയിൽ അന്നത്തെ യാത്രയുടെ അപകട സാധ്യത അന്ന് ഓർത്തില്ല. എന്നാൽ ഇപ്പോൾ അത് ഓർത്താൽ പേടി ആവും. ആദ്യത്തെ രണ്ടു വർഷം പഠിത്തവും പിക്നികും എല്ലാമായി പോയതറിഞ്ഞില്ല. ഉള്ളത് പറഞ്ഞാൽ ഞാൻ എല്ലാ വർഷവും 52 % ൽ അധികം മാർക്ക് വാങ്ങി പരീക്ഷ ജയിച്ചു എന്നതല്ലാതെ പഠനത്തിൽ കൂടുതൽ സമയം ഉപയോഗിച്ചില്ല. വായന അധികവും കോളേജ് വിഷയത്തിനു പുറമെ മറ്റ് പല വിഷയങ്ങളും ആയിരുന്നു. മെഡിക്കൽ കോളേജിൽ ക്ലാസ് പരീക്ഷ (സെഷൻസ്) കൊല്ലം പരീക്ഷക്ക് മുമ്പ് നടത്തും. അതിൽ 40% മാർക്ക് ലഭിച്ചവർക്ക് ഗവൺമെന്റ് പരീക്ഷ എഴുതാം, എങ്കിലും പാസാവാൻ രണ്ടിന്റെയും ശരാശരി 50% മാർക്ക് ലഭിക്കണം. എനിക്ക് മിക്കപ്പോഴും സെഷൻ മാർക്ക് 40- 42 ശതമാനമേ ലഭിക്കൂ. അപ്പോൾ അവസാന ഒരു മാസം പഠിച്ചു ഗവൺമെന്റ് പരീക്ഷയിൽ കുറഞ്ഞത് 58-60 മാർക്ക് വാങ്ങണം. എല്ലാ പരീക്ഷകളിലും അതിൽ കൂടുതൽ വാങ്ങി ജയിച്ചിരുന്നു. അവസാനം വർഷം സർജറിയിൽ ഗവൺമെന്റ് പരീക്ഷയിൽ 58 ലഭിക്കേണ്ട ഇടത്ത് 56 കിട്ടി തോറ്റു. അങ്ങനെ അഡീഷനൽ പരീക്ഷ എഴുതേണ്ടി വന്നു. എല്ലാം നല്ലതിന് എന്ന് പറഞ്ഞത് പോലെ അത് കൊണ്ട് സർജറി മൂന്ന് മാസം കൂടി നന്നായി പഠിക്കാൻ സാധിച്ചു. ആലപ്പുഴയിൽ പഠിച്ചിരുന്ന ദ്വീപു വിദ്യാർത്ഥികളുടെ എല്ലാവരുടേയും കല്യാണം പഠിക്കുമ്പോൾ തന്നെ നടന്നിരുന്നു. അത് എല്ലിവരും അവിടെ മറച്ചു വെച്ചു. എന്റെ കല്യാണം(നികാഹ് മാത്രം) മൂന്നാം വർഷം കഴിഞ്ഞു വെക്കേഷന് നാട്ടിൽ വന്നപ്പോൾ നടന്നു, എങ്കിലും വീട്ട് കൂടിയില്ല. നികാഹ് കഴിക്കുമ്പോൾ ഭാര്യക്ക് വയസ് പന്ത്രണ്ട്. അന്നത്തെ നാട്ട് ആചാരം. ബാപ്പയുടെയും അമ്മയുടേയും നിർബന്ധത്തിന് വഴങ്ങേണ്ടി വന്നു. രാത്രി പന്ത്രണ്ടു മണിക്ക് നടന്ന നികാഹ് ഞാനറിയുന്നത് ആ രാത്രി പതിനൊന്നര മണി കഴിഞ്ഞ്. ഭാര്യ എന്ന കുട്ടിക്ക് അവരുടെ നികാഹ് കഴിഞ്ഞത് തന്നെ അറിഞ്ഞത് പിറ്റേന്ന് രാവിലെ. ആ സംഭവം എനിക്ക് മന:ക്ലേശവും മാനസിക പിരിമുറുക്കവും ഉണ്ടാക്കിയിരുന്നു എന്ന് പറയേണ്ടതില്ലല്ലോ. പുറത്ത് കാണിക്കാതെ ഞാനത് കൊണ്ടു നടന്നത് കാരണം എൻ്റെ രക്തസമ്മർദ്ദം ഉയർന്നത് ഞാനറിഞ്ഞില്ല. ഞങ്ങൾ ആലപ്പുഴയിൽ പഠിക്കുന്ന കാലത്തു അന്ത്രോത്ത് ദ്വീപ് ടി.പി. സീതിക്കോയ തിരുവനന്തപുരത്ത് എ ജി ഓഫീസിൽ ജോലി നോക്കിയിരുന്നു. തബ്ലീഗ് ജമാഅത്തിന്റെ ഒരു പ്രവർത്തകനായ അദ്ദേഹം ഒരു ദിവസം ഹോസ്റ്റലിൽ വന്ന്, കൊല്ലത്ത് നടക്കാൻ പോകുന്ന തബ്ലീഗ് ജമാഅത്തിന്റെ ദേശീയ സമ്മേളനത്തിൽ പങ്കെടുക്കാൻ ഞങ്ങളെ ക്ഷണിച്ചു. അന്ന് തബ്ലീഗ് എന്നാൽ എന്താണെന്ന് പോലും ഞങ്ങൾക്ക് അറിയില്ല. ആ സമ്മേളനം ആണെങ്കിൽ മൂന്ന് ദിവസം നീണ്ടു നില്ക്കുന്നതും. മനസ്സില്ലാമനസ്സോടെ ഞങ്ങൾ സമ്മതിച്ചു. അങ്ങനെ കൊല്ലത്ത് ചെന്നു. അവിടെ ഒരു ജമാഅത്ത് പള്ളിയിലും പരിസരത്തും നിർമ്മിച്ച പന്തലിലും ആയി ആയിരക്കണക്കിന് ആളുകൾ ഉണ്ടായിരുന്നു. മിക്കവരും നീണ്ട ജുബ്ബയും, തലപ്പാവും ധരിച്ചവർ. ഭക്ഷണവും താമസവും ഫ്രീ. എളിമയായ ജീവിത ശൈലി ആയിരുന്നു അവരുടെ സമ്മേളനത്തിന്റെ പ്രത്യേക. ആലുവായിലുള്ള മൂസ മൗലവിയും മറ്റ് പല മൗലവിമാരും പ്രസംഗിച്ചു. ദിക്റുകൾ സ്വലാത്ത് മജ്ലിസ് എന്നിവയും, നിസ്കാരം അറിയാത്തവർക്ക് നിസ്കാരം പഠിപ്പിച്ചു കൊടുക്കുന്നതും കണ്ടു. സീതിക്കോയ ഞങ്ങളെ പള്ളിയിൽ ഇരിക്കുന്ന ഒരു ശൈഖിനെ പരിചയപ്പെടുത്തി. അദ്ദേഹം ഒരു ഇജാസത്ത് നൽകി. അത് എനിക്ക് ലഭിച്ച ആദ്യത്തെ ഇജാസത്ത് ആയിരുന്നു. അതിനാൽ അന്ന് മുതൽ ഇന്ന് വരെ ആ ദിക്റ് ഞാൻ മുടങ്ങാതെ ചൊല്ലാറുണ്ട്. അതിനു ശേഷം പല ശൈഖ്മാരിൽ നിന്നും ഇജാസത്തുകൾ ലഭിച്ചിട്ടുണ്ട്. അത് പിന്നീട് എനിക്ക് എന്റെ മനസ്സിനെ പിടിച്ചു നിർത്താനും, ആത്മധൈര്യം വീണ്ടെടുക്കാനും സഹായിച്ചു. അക്കാലത്ത് ഇന്ന് കോളേജുകളിൽ കാണുന്ന മദ്യം, ലഹരി ഉപയോഗങ്ങൾ വിദ്യാർത്ഥികളിൽ ഇല്ലായിരുന്നു. എന്നാലും ഹോസ്റ്റൽ ഡേ,

കോളേജ് ഡേ എന്നീ ആഘോഷ പരിപാടിയിൽ തനി നാടൻ കള്ള് ചിലർ കഴിച്ചതായി കണ്ടിട്ടുണ്ട്. ദ്വീപുകാരായ ഞങ്ങളും അവിടെ അന്ന് കേരളത്തിൽ നിന്നും ഉണ്ടായിരുന്ന മറ്റ് നാല് മുസ്ലിം കുട്ടികളും മദ്യം കഴിക്കാറില്ലായിരുന്നു.

ഏപ്രിൽ ഒന്നാം തിയതി ഏപ്രിൽ ഫൂൾ ആക്കുന്നതിനു പല പരിപാടികളും സാധാരണ അവിടെ കണ്ടിരുന്നു. ഒരു ദിവസം ഏപ്രിൽ ഒന്നിന് രാവിലെ അവിടെ ഒരു വാർത്ത പരന്നു. കോളേജിന്റെ ലേഡീസ് ഹോസ്റ്റലിന്റെ മുന്നിലുള്ള ഒരു മരത്തിൽ ആരോ തൂങ്ങി മരിച്ചിരിക്കുന്നു എന്ന്. ഞങ്ങൾ അവിടെ ചെല്ലുമ്പോഴേക്ക് പെൺകുട്ടികൾ കൂടി നിൽക്കുന്നു. സാരി ഉടുത്ത ശരീരം ഒരു മരക്കൊമ്പിൽ തൂങ്ങി ആടുന്നു. ആരോ പെൺകുട്ടികൾ പോലീസിൽ വിവരം അറിയിച്ചു എന്ന് അറിഞ്ഞു. പിന്നീട് അത് ഏപ്രിൽ ഫൂൾ പരിപാടി ആയിരുന്നു എന്ന് മനസ്സിലായി. ആരോ കുട്ടികൾ അനാട്ടമി ഡിസക്ഷനു വേണ്ടി ഫോർമലിൻ ടാങ്കിൽ ഇട്ട് വെച്ച ഒരു ശരീരം സാരി ഉടുപ്പിച്ചു തൂക്കി യതായിരുന്നു അത്. അത് അപ്പോൾ പ്രശ്നമായി എങ്കിലും പിന്നീട് നടപടി ഒന്നും ഉണ്ടായില്ല. എല്ലാ കോളേജ് ജീവിതത്തിലും ഇത് പോലുള്ള പല ജീവിതാനുഭവങ്ങളും ഉണ്ടാവും എങ്കിലും അക്കാലത്ത് അതൊക്കെ ഒരു തമാശ പോലെ ആസ്വദിക്കാൻ സാധിച്ചിരുന്നു. ………….. തുടരും