കവരത്തി:ബിത്ര ദ്വീപിലെ ഭൂമി ഏറ്റെടുക്കൽ നടപടി ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവുമാണെന്ന് ചൂണ്ടി കാണിച്ചുകൊണ്ട് നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് ലക്ഷദ്വീപ് സംസ്ഥാന കമ്മിറ്റി സെക്രട്ടറി മഹദ ഹുസൈൻ ടി.ഐ.രാഷ്ട്രപതിക്കും ദേശീയ പട്ടികജാതി കമ്മീഷനും പരാതി നൽകി.
ഭൂമി കൈവശപ്പെടുത്തുന്ന പ്രാഥമിക നോട്ടിഫിക്കേഷൻ 2025 ജൂലൈ 11-നാണ് പുറപ്പെടുവിച്ചത്. എന്നാൽ, ഇത് PESA നിയമത്തെയും 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമത്തെയും ലംഘിച്ചാണ് നടപ്പാക്കിയതെന്ന് പരാതിയിൽ പറയുന്നു. നൂറ്റാണ്ടുകളായി ഇവിടെ താമസിക്കുന്ന കുടുംബങ്ങൾക്കായി പുനരധിവാസം, സാമ്പത്തിക നഷ്ടപരിഹാരം തുടങ്ങിയവയെക്കുറിച്ചും പരിപാലനമോ ഉറപ്പോ സർക്കാർ നൽകാത്തത് ഭൂമിയേറ്റെടുക്കൽ നിയമത്തിലെ സെക്ഷൻ 16, 41 എന്നിവയുടെ ലംഘനമാണ്.

വർഷങ്ങളായി അതിൽ താമസിക്കുന്നവർക്ക് പുനരധിവാസം, നഷ്ടപരിഹാരം, സംരക്ഷണം എന്നിവയെക്കുറിച്ച് ഒന്നും വ്യക്തമാക്കിയിട്ടില്ലെന്നും പരാതിയിൽ പറയുന്നു. കൂടാതെ, ഭരണഘടനയിലെ ആർട്ടിക്കിൾ 338(A)(9) പ്രകാരമുള്ള, പട്ടികജാതികളുമായി ബന്ധപ്പെട്ട പ്രധാന നയ തീരുമാനങ്ങളിൽ ദേശീയ പട്ടികജാതി കമ്മീഷനുമായി നിർബന്ധമായും കൂടിയാലോചന നടത്തേണ്ടതുണ്ടെന്ന വ്യവസ്ഥയും ലംഘിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ ഗ്രാമ സഭയുടെ അംഗീകാരമില്ലാതെ ഷെഡ്യുൾഡ് ഏരിയകളിലെ ഭൂമി ഏറ്റെടുക്കാൻ ശ്രമിക്കുന്നത് ഭരണഘടനയോട് നടത്തുന്ന വെല്ലുവിളി കൂടിയാണ്.
സംഭവത്തിൽ ദേശീയ പട്ടികജാതി കമ്മീഷൻ അടിയന്തിരമായി ഇടപെടുകയും, നോട്ടിഫിക്കേഷൻ പിൻവലിക്കുകയും, ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടികൾ ആരംഭിക്കുകയും ചെയ്യണമെന്ന് കത്തിൽ വ്യക്തമാക്കുന്നു.
