മിനിക്കോയ് ഫിഷർമാന്മാർ പതിനെട്ടിന്  കൊച്ചിയിൽ തിരിച്ചെത്തും: വിദേശകാര്യ മന്ത്രാലയത്തിൻ്റെ അറിയിപ്പ് ലഭിച്ചെന്ന് എംപി ഹംദുള്ള സഈദ്

മിനിക്കോയി ദ്വീപിൽ നിന്ന് ജൂൺ ഇരുപത്തി അഞ്ചിന്  മത്സ്യബന്ധനത്തിന് പോയ ഗാലക്സി എന്ന ചെറു ബോട്ട് പിന്നീട് കാണാതാവുകയും ജൂലായ് ആറിന് കൊളംബോയിൽ ശ്രീലങ്കൻ നേവിയുടെ തിരച്ചിലിൽ സുരക്ഷിതരായി രക്ഷപ്പെടുത്തുകയും ചെയ്തതിനെ തുടർന്ന് ഔദ്യോഗിക നടപടിക്രമങ്ങൾക്ക് ശേഷം  നാല്  ഫിഷർമാന്മാരും  ജൂലായ് 18 ന് കൊളംബോയിൽ നിന്നും രണ്ട് വിമാനങ്ങളിലായി കൊച്ചിയിൽ എത്തിച്ചേരുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിൽ നിന്നും അറിയിപ്പ് ലഭിച്ചതായി ലക്ഷദ്വീപ് എംപി അഡ്വ.ഹംദുള്ള സഈദ് അറിയിച്ചു.

ഇവരുടെ ഇന്ത്യയിലേക്കുള്ള മടക്കയാത്ര ശ്രീലങ്കയിലെ  ഇന്ത്യൻ ഏജൻസികളുടെ ഏകോപനത്തോടെ വേഗത്തിൽ സാധ്യമാക്കണമെന്ന്  ലക്ഷദ്വീപ് എംപി കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനോട്  ആവശ്യപ്പെട്ടു കൊണ്ട് കത്ത് നൽകിയിരുന്നു. ഇതിനെ തുടർന്നാണ് നാല് ഫിഷർന്മാരുടെയും മടക്ക യാത്ര വേഗത്തിലാവുന്നത്.

പതിനെട്ടാം തീയതി കൊളംബോയിൽ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നാല് മത്സ്യത്തൊഴിലാളികളും ശ്രീലങ്കൻ എയർവെയ്സ്, ഇൻഡിഗോ വിമാനങ്ങളിൽ തിരിച്ചെത്തുമെന്ന് വിദേശകാര്യ മന്ത്രാലയം എം.പിയെ നേരിട്ട് അറിയിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *