ഡോ.സീജി. പൂക്കോയ കൽപേനി
1962 മാർച്ച് മാസത്തോടെ അമേനി ഹൈസ്കൂൾ പഠനം കഴിഞ്ഞു തിരികെ കൽപേനിയിലേക്ക് പോയി. അന്ന് അഡ്മിനിസ്റ്റ്റേറ്റർ മിസ്റ്റർ മൂർക്കോത്ത് രാമുണ്ണി ആയിരുന്നു.
അമേനി ഹൈസ്കൂളിനു പുറമെ രണ്ടാമത് ഹൈസ്ക്കൂൾ അന്ത്രോത്തിലേക്ക് തുടങ്ങാൻ തീരുമാനിച്ചു. അന്ന് പാർലമെന്റ് മെമ്പർ നോമിനേറ്റ് ചെയ്യപ്പെട്ട അന്ത്രോത്ത് ദ്വീപുകാരനായ കെ. നല്ലകോയ ആയിരുന്നു. എന്നാൽ അന്ത്രോത്ത് ദ്വീപിലെ ഭൂഉടമകൾ സ്കൂൾ നിർമ്മാണത്തിനു ആവശ്യമായ ഭൂമി നൽകാൻ തയ്യാറായില്ല. അത് അഡ്മിനിസ്റ്റ്റേറ്ററെ ചൊടിപ്പിച്ചു. അദ്ദേഹം അന്ന് എന്റെ ബാപ്പ മണ്ണേൽ ബംബൻ എന്ന കോയമ്മക്കോയയുമായി നല്ല സൗഹൃദ ബന്ധത്തിലായിരുന്നു. കോഴിക്കോട്ടിൽ വെച്ച് നാഷനൽ സ്റ്റുഡിയോയിൽ നിന്നും അവർ രണ്ടുപേരും ചേർന്ന് നിന്ന് എടുത്ത ഫോട്ടോ ഫ്രൈം ചെയ്തത് എന്റെ വീട്ടിൽ ഉണ്ടായിരുന്നു. അത് രാമുണ്ണി അഡ്മിനിസ്റ്റ്റേറ്ററുടെ ഒരു സൂത്രം. അദ്ദേഹം കൽപേനിയിൽ വന്നു ബാപ്പയോട് ഹൈസ്കൂളിന് സ്ഥലം വേണം എന്ന് ആവശ്യപ്പെട്ടു. കച്ചേരി പണ്ടാരത്തിൽ സ്ഥലം മതിയാവില്ല. അത് കൊണ്ട് ഞങ്ങളുടെ തോട് പണ്ടാരത്തിൽ നിന്നും നൽകാൻ ആവശ്യപ്പെട്ടു. ബാപ്പ ചെമ്മങ്കാം തറവാട്ടിലെ വലിയ കാരണവർ ബംബൻ കോയ(ശേക്കോയ) യുമായും തറവാട്ടിലെ മറ്റ് കുടുംബക്കാരുമായും ചർച്ച നടത്തി. അവസാനം ബാപ്പ മധ്യസ്ഥത നിന്നു സ്കൂളിന് സ്ഥലം നൽകി.
അത് പിന്നീട് ഒട്ടകത്തിന് കിടക്കാൻ സ്ഥലം നൽകിയ ഗ്രാമീണന്റെ കഥ പോലായി മാറി. പിന്നീട് തൊട്ടടുത്ത് ഡാക്ക് ബംഗ്ലാവ്, ഫുഡ് ബോൾ കോർട്ട്, ആശുപത്രി എല്ലാറ്റിനും തോട് പണ്ടാരത്തിൽ നിന്നും സ്ഥലം എടുത്തു. പോരാത്തതിന് അഞ്ച് ക്വാർട്ടേഴ്സ് ആവശ്യത്തിന് ബാപ്പ എന്റെ ഉമ്മയുടെ ഭാഗത്തു നിന്നും സ്ഥലം നൽകി. ആറാമത് ക്വാർട്ടേഴ്സിനു കുറ്റി അടിച്ചതും ഉമ്മ ദേഷ്യം പൂണ്ട് അലറി കുറ്റി പറിച്ചെറിഞ്ഞു. അങ്ങനെ മുഴുവനും പിടിച്ചു എടുക്കാനുള്ള അവരുടെ നീക്കം തടഞ്ഞു.
പിന്നീട് ഗേൾസ് ഹൈസ്ക്കൂൾ തുറക്കാനുള്ള സ്ഥലം നൽകാൻ ബാപ്പയോട് രാമുണ്ണി സാർ ആവശ്യപ്പെട്ടു. അതിനു പവർ ഹൗസിന്റെ തെക്ക് ഭാഗത്ത് ബാപ്പയുടെ സ്വന്തം തറവാട്ടിൽ നിന്നും അതിനു ബാപ്പ സ്ഥലം നൽകി. തീർന്നില്ല. പിന്നീട് രാമുണ്ണി ചോദിച്ചത് സൊസൈറ്റി നടത്താൻ ഒരു കെട്ടിടം വേണമെന്ന്. ബാപ്പ അവരുടെ കച്ചരി പണ്ടാരത്തിനു അടുത്തുള്ള ഒരു സ്രാമ്പി കെട്ടിടം നൽകി. അത് പുലിവാലായി. ബാപ്പയും അവരുടെ വീട്ടുകാരും തമ്മിൽ അതിന്റെ പേരിൽ വഴക്കും പോരുമായി. എങ്കിലും വാടക വാങ്ങാതെ ആ കെട്ടിടം സൊസൈറ്റി നടത്താനായി നൽകി. സ്വന്തമായി ഒരു കെട്ടിടം സൊസൈറ്റിക്ക് വേണ്ടി നിർമിച്ചപ്പോൾ പിന്നീട് ആ സ്രാമ്പിയിൽ അവർ ബ്രഡ് ഉണ്ടാക്കി തുടങ്ങി.
ഞങ്ങൾ അമേനി ഹൈസ്കൂളിൽ പഠിച്ച കൽപേനിക്കാരായ ഒമ്പതു കുട്ടികൾ ഉണ്ടായിരുന്നു. അമേനിയിൽ നിന്നും കൽപേനിയിൽ എത്തുന്നത് അന്ന് അത്ര എളുപ്പമല്ല. ലക്കഡീവ്സ് ലോഞ്ച് വരുന്നത് കാത്ത് ഇരുന്നു. അതിൽ കയറി കവരത്തിയിൽ എത്തി. രണ്ടു ദിവസം കവരത്തിയിൽ താമസിച്ചു. അക്കാലത്ത് കവരത്തിയിൽ ലോഡ്ജുകൾ ഒന്നും ഇല്ല. കവരത്തി തലസ്ഥാനം ആയിട്ടില്ല. 1964 ലാണ് തലസ്ഥാനം ആക്കി മാറ്റുന്നത്. പരിചയക്കാരുടെ വീടുകളിൽ ആണ് താമസം.
അപ്പോഴേക്കും ധനലക്ഷ്മി, രാജലക്ഷ്മി എന്നീ രണ്ടു ചരക്കു കപ്പലുകൾ ദ്വീപുകാർക്കായി ഓടാൻ തുടങ്ങിയിരുന്നു. അവിടെ നിന്ന് ധനലക്ഷ്മി എന്ന ചരക്ക് കപ്പലിൽ മിനിക്കോയി വഴി കൽപേനിയിലേക്ക് പോകുന്നതിൽ ഞങ്ങളും പുറപ്പെട്ടു. അതിന്റെ ചരക്ക് കള്ളിയുടെ അടപ്പിനു മുകളിൽ താർപ്പായ വിരിച്ചു അതിനു മുകളിൽ വെയിൽ ഏൽക്കാതിരിക്കാൻ താർപ്പായ കൊണ്ട് തമ്പ് പോലെ മൂടി വെച്ച സ്ഥലത്ത് ആണ് താമസം. ആ കപ്പലിൽ അഡ്മിനിസ്ട്രേറ്ററും കയറി. ആ കപ്പലിൽ അഡ്മിനിസ്ട്രേറ്റർക്ക് ഒരു കാബിൻ ഉണ്ടായിരുന്നു. കപ്പൽ സ്റ്റാഫിനു ഒരു ചെറിയ ഡൈനിങ് റൂമും ഉണ്ടായിരുന്നു. യാത്രക്കാർ ഭക്ഷണം കിച്ചന്റെ ജനലിലൂടെ പാത്രം കൊണ്ടു ചെന്നു വാങ്ങി നിന്നു കഴിക്കാം. ഒരു പാത്രത്തിൽ കുറച്ചു ചോറും മീൻകറിയും, അത്രമാത്രം. എല്ലാവർക്കും കൂടി പുറത്ത് കിച്ചന്റെ അടുത്തായി ടോയ്‌ലറ്റ് ഒരെണ്ണം ഉണ്ട്. അത്യാവശ്യക്കാർക്ക് അത് ഉപയോഗിക്കാം. ആദ്യമായിട്ടാണ് ഞങ്ങൾ ഒരു കപ്പലിൽ കയറുന്നത്. അത് കൊണ്ട് അതൊക്കെ തന്നെ ധാരാളം ആയി തോന്നി.
പിറ്റേന്ന് രാവിലെ മിനിക്കോയി ദ്വീപിലെത്തി. അവിടെ ചരക്കിറക്കുന്നതിനായി ചരക്കു കള്ളി തുറക്കണം. അവിടെ മൂന്ന് ദിവസം താമസവും ഉണ്ട്. ആ ചരക്ക് മുറിയുടെ മുകളിൽ ആണ് ഞങ്ങളുടെ കിടപ്പ്. പെട്ടിയും കിടക്കയും എടുത്തു കൊണ്ടു എല്ലാവരും ഇറങ്ങണം. ഒരു ഫിഷിങ്ങ് ബോട്ട് വന്നു. ഞങ്ങൾ അതിൽ ഇറങ്ങി. ദ്വീപിൽ എത്തിപ്പെടാൻ അരമണിക്കൂറിലേറെ എടുത്തു.
ഞങ്ങളുടെ കൂടെ ആ ബോട്ടിൽ അഗത്തിയിലെ താളാക്കാട മൗലവിയും ഉണ്ടായിരുന്നു. അഡ്മിനിസ്ട്രേറ്ററും അതെ ബോട്ടിൽ ഇറങ്ങി. താളാക്കാട മൗലവി അക്കാലത്ത് ദ്വീപുകാരുടെ ജനകീയ നേതാവ് ആയിരുന്നു. മൗലവി പല കാര്യങ്ങളും അഡ്മിനിസ്റ്റ്റേറ്ററോട് ചോദിച്ചും തർക്കിച്ചും കൊണ്ടിരുന്നു. അഡ്മിനിസ്ട്രേറ്റർക്ക് ദേഷ്യം വന്നു മൗലവിയോടായി…. “നിനക്ക് ഞാൻ കാണിച്ചു തരുന്നുണ്ട്..” എന്ന് പറഞ്ഞു. മറുപടിയായി “ഞാൻ കണ്ടോളാം..” എന്ന് മൗലവി. അത് മറക്കാൻ വയ്യാത്ത ഒരു രംഗമായിരുന്നു. പിന്നീട് ചന്ദ്രിക പത്രം വായിച്ചു എന്ന കുറ്റം ചുമത്തി, രണ്ടു വർഷം രാമുണ്ണി അഡ്മിനിസ്റ്റ്റേറ്റർ മൗലവിയെ വീട്ടു തടങ്കലിൽ ആക്കി.
മിനിക്കോയിയിൽ ഇറങ്ങിയ ഞങ്ങൾക്ക് താമസിക്കാൻ സ്ഥലമില്ല. ഭക്ഷണത്തിനും. പെട്ടിയും കിടക്കയും കച്ചേരിയുടെ ഓരത്ത് വെച്ചിട്ട് കിഴക്ക് വശത്തെ ഒരു കിണറിൽ നിന്നും വെള്ളം കോരി കുളിച്ചു. ഹുസൈൻ എന്ന ഒരു വിദ്യാർത്ഥി അവിടെ എത്തി ഞങ്ങൾക്ക് കിണറും കാന്റീനുകൾ കാണിച്ചു തന്നു. അവിടെ ഉദ്യോഗസ്ഥൻമാരായ ചിലർക്ക് ഒരു കാന്റീനിൽ ഉച്ചക്ക് ചോറ് നൽകുന്നതായി അറിഞ്ഞു. ഞങ്ങൾ അവിടെ ചെല്ലുമ്പോഴേക്കും സമയം വൈകി. അപ്പോഴേക്കും അവിടെ ചോറ് തീർന്നു പോയിരുന്നു. ചായയും റസ്ക്കും കഴിച്ചു. രാത്രിയിൽ അവിടെ ഭക്ഷണം ഉണ്ടാക്കാറില്ല. അന്ന് അവിടെ ജോലി ചെയ്തിരുന്ന അമേനി ദ്വീപുകാരനായ അബ്ദുൽ കാദർ മാസ്റ്റർ ഇടപെട്ട് പിറ്റേന്ന് ഉച്ചയ്ക്കു ഞങ്ങൾക്ക് ചോറ് തരാമെന്ന് ഉറപ്പിച്ചു. കടപ്പുറത്ത് വെള്ള മണലിൽ കല്ല് തലയണയായി ഉപയോഗിച്ചു രാത്രി ഉറക്കം. അങ്ങനെ രണ്ടു രാത്രി കഴിച്ചുകൂട്ടി. വിശന്ന വയറുമായി ഉറക്കത്തിൽ ചിലർ ഒരു പ്ലേറ്റ് ചോറിന് വേണ്ടി തല്ല് കൂടിയത് സ്വപ്നം കണ്ടു എന്ന് പറഞ്ഞു ചിരിച്ചു. മൂന്ന് ദിവസം കഴിഞ്ഞ് അതെ കപ്പലിൽ കയറി കൽപേനിയിൽ എത്തി.
വെക്കേഷനിൽ കൽപേനി ഹൈസ്കൂളിന്റെ ഒരു ബ്ലോക്ക് പണി തുടങ്ങിയിരുന്നു. ജൂൺ ഒന്നിന് തന്നെ ഒമ്പതും പത്തും ക്ലാസുകൾ ആ ബിൽഡിംഗിൽ ഒന്നിച്ചു തുടങ്ങി. അമേനി ഹൈസ്ക്കൂളിലെ പത്തിലേക്ക് ജയിച്ച കൽപേനി അന്ത്രോത്ത് ദ്വീപു വിദ്യാർത്ഥികളോട് ഒപ്പം, എലത്തൂരിൽ പഠിച്ചിരുന്ന കൽപേനി അന്ത്രോത്ത് ദ്വീപിലെ വിദ്യാർത്ഥികളേയും കൽപേനിയിലേക്ക് മാറ്റിയിരുന്നു. കൽപേനിയിലേക്ക് എലത്തൂരിൽ നിന്നും വന്നവരിൽ എന്റെ ജേഷ്ഠൻ ഇയ്യയും പൂവിനോട ശേഖോയയും അന്ത്രോത്തുകാരായ മറ്റു പലരും ഉണ്ടായിരുന്നു. അങ്ങനെ ജേഷ്ഠനും ഞാനും ഒരു ക്ലാസിൽ പഠനം തുടർന്നു. ഞങ്ങളുടെ ഹെഡ് മാസ്റ്റർ കെ.പി.നാരായണൻ എന്ന തലശ്ശേരിക്കാരനായിരുന്നു. മലയാളത്തിലും ഇംഗ്ലീഷിലും എം എ ക്കാരൻ. അയാളോടൊപ്പം അയാളുടെ ഭാര്യയും അളിയൻ ചിന്നൻ മാസ്റ്റരും അധ്യാപകരായി കൽപേനി ഹൈസ്ക്കൂളിൽ ജോലിയിൽ ഉണ്ടായിരുന്നു.
ജേഷ്ഠൻ ഇയ്യയും പൂവിനോട ശേഖോയയും അന്ത്രോത്ത്കാരായ ചിലരും ആണെങ്കിൽ നല്ല ഫുഡ്ബോൾ കളിക്കാർ. കൽപേനിയിൽ അന്ന് നല്ല ഫുഡ്ബോൾ കോർട്ട് ഉണ്ടായിരുന്നില്ല. എങ്കിലും പൂഴി ഉറക്കാത്ത ഒരു കോർട്ട് ഉണ്ടായിരുന്നു. അത് കൽപേനിക്കാരുടെ വടക്ക് തെക്ക് ഭാഗങ്ങൾ തമ്മിലുള്ള വാശിയേറിയ മൽസരത്തിന്റെ ഫലമായി ഉണ്ടാക്കിയതാണ്. പണ്ട് അവിടം സ്കൂളിനോട് തൊട്ടു കിടക്കുന്ന കുന്നും കുഴിയും നിറഞ്ഞ സ്ഥലമായിരുന്നു. അത് നിരപ്പാക്കണമെങ്കിൽ കഠിനമായ അധ്വാനവും ഏറിയ ചെലവും വേണ്ടിവരും എന്ന് മനസ്സിലാക്കിയ ഡിപ്പാർട്ട്മെന്റ് കൽപേനിക്കാരുടെ മനഃശാസ്ത്രം മുഖവിലക്ക് എടുത്തു. ഒരു പകുതി വടക്കർക്കും, മറ്റെ പകുതി തെക്കർക്കും ആയി പകുത്ത് നൽകി. പിന്നെ കണ്ടതു അൽഭുതം ആണ്. കുറഞ്ഞ ദിവസം കൊണ്ട് അവിടെ ഒരു തരക്കേടില്ലാത്ത ഫുഡ് ബോൾ ഗ്രൗണ്ട് കാണാനായി. ഒരു രൂപ പോലും ചെലവില്ലാതെ സംഗതി ജോറായി നടന്നു.
ഇതിനു മുമ്പു ഇത് പോലുള്ള ഒരു സംഭവം ‘ബർക്കത്താക്കി’ എന്ന വനിതാ കേന്ദ്ര മന്ത്രി കൽപേനി സന്ദർശനം നടത്തിയപ്പോഴും നടന്നത് കണ്ടു. അന്ന് ബില്ലത്തിൽ പാലം ഇല്ല. മന്ത്രി വരുന്നു. പാലം നിർമ്മിക്കുന്നതിനു ചെലവ് വരും. കൽപേനി വടക്കും തെക്കും എപ്പോഴും മൽസരത്തിലാണ്. പഴയ ഒന്നും നാലും ബ്ലോക്കുകൾ വടക്കും, രണ്ടും മൂന്നും ബ്ലോക്കുകൾ തെക്കും ആണ്. കമ്പ വലി, പന്ത് കളി തുടങ്ങിയ കളികളിൽ വടക്കും തെക്കും എപ്പോഴും മൽസരം. ഒരു കോതി (വാർഫ്) ഇവർ തമ്മിൽ മൽസരിപ്പിച്ച് ഉണ്ടാക്കി എടുക്കാം എന്ന് ഉദ്യോഗസ്ഥർ തീരുമാനിച്ചു.
ഇന്ന് കാണുന്ന പഴയ പാലത്തിന്റെ വടക്ക് ഭാഗത്തുള്ള കടപ്പുറം സ്ഥലം രണ്ടായി ഭാഗിച്ചു നൽകി. അങ്ങനെ കുറച്ചു ദിവസംകൊണ്ട് ഭംഗിയുള്ള ഒരു ഫാദാർ (വാർഫ്) കൽപേനിയിൽ പ്രത്യക്ഷപ്പെട്ടു. അന്ന് അതിനെ കോതി എന്നാണ് പറയപ്പെട്ടിരുന്നത്. അതിന്റെ മൂന്നു വശത്തും പടികൾ. ഒരാളുടെ കഴുത്ത് വരെ ആഴത്തിൽ 20 അടി നീളവും 15 അടി വീതിയുമുള്ള ഒരു ഒരു കൊച്ചു ഹാർബർ. അന്നത്തെ കൊന്തളം തോണി സുഖമായി അതിന്റെ പടികൾക്ക് ചേർത്തു അടുപ്പിക്കാനും, ആളുകൾ കയറാനും ഇറങ്ങാനും സാധിക്കുന്ന വിധം. ഗവർമെന്റിനു ഒരു രൂപ ചെലവിടേണ്ടി വന്നില്ല. സംഗതി ജോർ. കൽപേനിക്കാരുടെ ‘പോയത്തം’ എന്ന് കേരളക്കരയിൽ നിന്നും വന്നവർ പറഞ്ഞു ചിരിച്ചുവെങ്കിലും ചെലവില്ലാതെ കാര്യങ്ങൾ സുഖമായി ഭരണകർത്താക്കൾ നടത്തിപ്പോർന്നു. തോട് പണ്ടാരത്തിനും ഗേൾസ് സ്കൂളിനു നൽകിയ സ്ഥലത്തിനും കോമ്പൻസേഷൻ പോലും ബാപ്പ മരണപ്പെടുന്നത് വരെ ചോദിച്ചില്ല എന്നതും വേറെ കാര്യം. 1962 ൽ തുടങ്ങിയ സ്കൂൾ, ഡാക് ബംഗ്ളാവ്, ഫുഡ്ബോൾ കോർട്ട്, മറ്റ് ക്വാർട്ടേഴ്സുകൾ എന്നിവയുടെ കോമ്പൻസേഷൻ 1977 നു ശേഷം ആണ് ക്ലൈം ചെയ്തതും ലഭിച്ചതും.
ആ കാലഘട്ടത്തിലാണ് ഫുഡ്ബോൾ കളിക്കുന്നതിനിടയിൽ കളിക്കാർ തമ്മിൽ വഴക്കും അടിപിടിയും നടന്നത്. അതിന്റെ പേരിൽ ജേഷ്ഠൻ ഇയ്യയേയും പൂവിനോടെ ശേഖോയയേയും സ്കൂളിൽ നിന്നും പുറത്താക്കി. അത് പിന്നീട് പ്രശ്നമായി. ബാപ്പ നേരിട്ട് രാമുണ്ണി അഡ്മിനിസ്റ്റ്റേറ്റർക്ക് ഒരു കമ്പി സന്ദേശം നൽകി. ഉടനെ അവരെ തിരിച്ചെടുക്കാൻ മറുപടി വന്നു. അവരെ തിരിച്ചെടുത്തു.
അധികം കഴിയുന്നതിന് മുമ്പ് അവിടെത്തെ ഡോക്ടറായി ജോലി നോക്കിയിരുന്ന മണി എന്ന തമിഴ് നാട്ടുകാരായ സുബ്രഹ്മണ്യൻ കെ.പി.നാരായണൻ സാറുമായി പിണങ്ങി. കെ.പി.നാരായണൻ സാറിനു ചിക്കൻ പോക്സ് പിടി പെട്ടു. ദ്വീപിന്റെ വടക്കേ അറ്റത്തുള്ള ഒരു ഷെഡിലേക്ക് മാറി താമസിക്കാൻ ആ ഡോക്ടർ കൽപിച്ചു. അയാൾ വിസമ്മതിച്ചതിനെ തുടർന്നു പൊലീസ് ഇടപെട്ട് മാറ്റി ക്വാരന്റൈൻ ചെയ്തു. അതിനെ തുടർന്നു അവരുടെ വഴക്ക് മൂർച്ഛിച്ചു.
ഡോക്ടർ മണി ആണെങ്കിൽ അക്കാലത്ത് ജനറൽ അഡ്മിനിസ്റ്റ്രേഷൻ ഭരണത്തിന്റെ മേൽനോട്ടം ഉള്ള ‘ഓതറൈസ്ഡ് ഓഫീസർ’ എന്ന പദവിയും കൈപ്പറ്റിയിരുന്നു. അദ്ദേഹം കൽപേനിയിൽ ഹൈഡ്രോസീൽ ഓപറേഷൻ നടത്തി പ്രശസ്തനായി വരികയായിരുന്നു. അതിനു വേണ്ടി ആശുപത്രിക്ക് പടിഞ്ഞാറ് ഇന്ന് വാർഡ് ഉള്ള സ്ഥലത്ത് ഒരു വലിയ ഷെഡ് നിർമിച്ചു. വീടുകളിൽ നിന്നും കുറെ കയറ്റുകട്ടിൽ കൊണ്ടിട്ട് ആ ഷെഡ് വാർഡാക്കി. അദ്ദേഹം അന്ന് ഓതറൈസ്ഡ് ഓഫീസറുടെ പേരിൽ അഡ്മിനിസ്റ്റ്റേറ്റർക്ക് ഒരു കമ്പി സന്ദേശം നൽകിയത് നാട്ടിൽ പാട്ടായിരുന്നു. ആ സന്ദേശം ഇങ്ങനെ – “പ്രസന്റ് മെഡിക്കൽ ഓഫീസർ ഈസ് വെൽ അപ്രഷിയേറ്റഡ് ബൈ ദി പബ്ലിക്” … എന്ന്. രണ്ടും ഒരാളായത് കൊണ്ട് ചിരിക്കാൻ വകയുണ്ട്.
ഓപ്റേഷൻ തിയേറ്ററിൽ അദ്ദേഹം പുരുഷൻമാരായ സ്റ്റാഫിനെ ആരേയും കയറ്റിയില്ല. അന്ന് അമ്മിണി എന്ന ഒരു മിഡ് വൈഫ് നെ മാത്രം തിയേറ്ററിൽ സഹായി ആക്കി. അധികം നാൾ കഴിയുന്നതിനു മുമ്പ് ഓപ്റേഷൻ ചെയ്ത എല്ലാവർക്കും വീണ്ടും പഴയത് പോലെ വൃഷണം വീർത്തു വന്നു. പിന്നീട് ആണ് അറിഞ്ഞത് അദ്ദേഹം അവിടെ ഒരു തുള ഉണ്ടാക്കി അതിലെ വെള്ളം കളഞ്ഞ് കെട്ടി വെച്ചു എന്ന്. അത് അന്വേഷിക്കാൻ കെ.പി.നാരായണൻ ആവശ്യപ്പെട്ടു.
ആ സമയത്ത് ആണ് സുകുമാരൻ എന്ന ഒരു വ്യക്തി സുബ്രഹ്മണ്യൻ എന്ന പേരിൽ കള്ള ഡോക്ടർ ആയി പ്രാക്റ്റീസ് ചെയ്യുമ്പോൾ പിന്നീട് ജയിൽ ചാടി ദ്വീപിൽ വന്ന് പ്രാക്ടീസ് ചെയ്യുന്നു എന്ന സന്ദേശം ലഭിച്ചത്. അന്വേഷണത്തിൽ ആ കള്ള ഡോക്ടർ കൽപേനിയിലെ മണി ഡോക്ടർ ആണ് എന്ന് തെളിഞ്ഞു. കേരളാ പോലീസ് വന്ന് അയാളെ അറസ്റ്റ് ചെയ്തു കൊണ്ടു പോയി. സുബ്രഹ്മണ്യൻ എന്ന ഒരു ഡോക്ടറുടെ ഫാർമസിസ്റ്റ് ആയിരുന്നു ആ സുകുമാരൻ. ആ ഡോക്ടർ മരിച്ചപ്പോൾ അയാളുടെ ഭാര്യയെ സുകുമാരൻ ഫാർമസിസ്റ്റ് പ്രേമിച്ചു. പിന്നീട് അവരെ ഭാര്യ ആക്കി ഡോക്ടറുടെ സർട്ടിഫിക്കറ്റും തട്ടി എടുത്തു രണ്ടു പേരും നാടുവിട്ടു. പിടികൂടി അറസ്റ്റ് ചെയ്ത അയാൾ ജയിൽ ചാടി ഡോക്ടർ സുബ്രഹ്മണ്യൻ എന്ന പേരിൽ കൽപേനി ദ്വീപിലെത്തിയതായിരുന്നു.
മണി ഡോക്ടർ എന്നാണ് അന്ന് അയാൾ കൽപേനിയിൽ അറിയപ്പെട്ടിരുന്നത്. കേ.പി.നാരായണൻ മാസ്റ്റർക്ക് എതിരെ അയാൾ നക്സലൈറ്റ് ആണെന്നും ഇന്ത്യക്ക് എതിരെ ചൈനയുടെ ഭാഗത്ത് സംസാരിച്ചു എന്നും അതിനു മുമ്പ് ഒരു റിപ്പോർട്ട് അഡ്മിനിസ്റ്റ്റേറ്റർക്ക് നൽകിയിരുന്നു. ഇന്ത്യയും ചൈനയും തമ്മിൽ ഒരു യുദ്ധം നടക്കുന്ന സമയം ആയതിനാൽ സംഗതി ഗൗരവത്തിൽ എടുത്തു. അതിനായി രാമുണ്ണി അഡ്മിനിസ്റ്റ്റേറ്റർ കൽപേനിയിൽ നേരിട്ട് അന്വേഷണത്തിന് വന്നു.
കെ.പി നാരായണൻ മാസ്റ്റർ പഠിപ്പിക്കാൻ മിടുമിടുക്കൻ. ആത്മാർത്ഥതയും, കാർക്കശ്യവും നിഷ്കർഷവും അയാളുടെ കൂടെപ്പിറപ്പ്. ഉറച്ച കമ്യൂണിസ്റ്റ്കാരൻ. ഇവരെ കൊണ്ടു വന്നത് തലശ്ശേരിക്കാരനായിരുന്ന രാമുണ്ണി അഡ്മിനിസ്റ്റ്റേറ്റർ തന്നെ ആയിരുന്നു എങ്കിലും പിന്നീട് തികഞ്ഞ കോൺഗ്രസ്കാരനായ അഡ്മിനിസ്റ്റ്റേറ്റർ മൂർക്കോത്ത് രാമുണ്ണി കേ.പി.നാരായണനെ ജോലിയിൽ നിന്നും പിരിച്ചു വിട്ടു. ഞങ്ങൾ പതിനൊന്നാം ക്ലാസ് കഴിഞ്ഞു കോളേജിൽ പഠിക്കുന്ന സമയത്താണ് പിരിച്ചു വിട്ടത്. അവസാനം നാരായണൻ മാസ്റ്ററും ഭാര്യയും അയാളുടെ അളിയനും കൂടി തലശ്ശേരിയിൽ ഒരു ട്യുട്ടോറിയൽ കോളേജ് തുടങ്ങി. എന്നാൽ കെ.പി.നാരായണൻ മാസ്റ്ററും, സുഹൃത്ത് കുന്നിക്കൽ നാരായണനും, അജിത എന്ന പെൺകുട്ടിയും ചേർന്ന് നെക്സലൈറ്റ് ആയി വയനാട്ടിൽ പുൽപള്ളി പോലീസ് സ്റ്റേഷൻ ആക്രമിച്ചു എന്നും, അറസ്റ്റിൽ ആയി എന്നും പിന്നീട് അറിഞ്ഞു.
ഏഴ് വർഷത്തിനു ശേഷം ഞാൻ മെഡിക്കൽ വിദ്യാഭ്യാസവും കഴിഞ്ഞു കോഴിക്കോട്ടിൽ എത്തിയപ്പോൾ മൂന്നാം ഗേറ്റിന്റെ അടുത്തുള്ള ഒരു ഹോട്ടലിൽ നാരായണൻ സാറ് ചായ കുടിക്കുന്നത് കണ്ടു. പരിചയം പുതുക്കി. അപ്പോൾ അതികായകനായ, നെഞ്ച് വിരിച്ച് നടന്നിരുന്ന സാറ് കവിൾ ഒട്ടി പല്ലുകൾ കൊഴിഞ്ഞു ആകെ ക്ഷീണിതനായി കാണപ്പെട്ടു. പോലീസ് മർദ്ദിച്ചു ഈ പരുവത്തിൽ ആക്കി എന്ന് അപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞു.
എന്റെ ജേഷ്ഠൻ ആറ്റ മെട്രിക്കുലേഷനും ഹിന്ദി വിദ്വാൻ പരീക്ഷയും പാസ്സായി വന്ന ഉടനെ അഡ്മിനിസ്റ്റ്റേറ്റർ മൂർക്കോത്ത് രാമുണ്ണി കവരത്തിയിൽ ഹിന്ദി മാസ്റ്റർ ആയി പോസ്റ്റ് ചെയ്തു.
കൽപേനിയിൽ പത്തും പതിനൊന്നും ക്ലാസുകളിൽ പഠിക്കുമ്പോൾ സമയം പോയതറിഞ്ഞില്ല. കാരണം സ്വന്തം വീട്ടിൽ തന്നെ താമസം. ക്ലാസ് കഴിഞ്ഞാൽ മദ്റസ, നാടകം, കളി, ദിക്റ്, മൗലൂദ് അങ്ങനെ പലതിലും പങ്കെടുത്തു. വൈകീട്ട് തുക്കളി, എട്ടുകളി, പെരുത്തലമാടിചാട്ടം, കുട്ടീംകോലും, ഓലപ്പന്തുകളി അങ്ങനെ പലതും. ഇന്നത്തെ പോലെ പതിനൊന്നാം ക്ലാസിലും (എസ് എസ് എൽ സി) പഠിത്തം സീരിയസ് അല്ല. കുട്ടികൾക്ക് മാത്രമല്ല വീട്ടുകാർക്കും. ഞാനും സീരിയസ് ആയി എടുത്തില്ല. എങ്കിലും അത് വരെ എല്ലാ പരീക്ഷകളിലും പാസാകുമായിരുന്നു. വല്ലപ്പോഴും ബോൾബാറ്റ്മിന്റൻ കളിയിൽ പങ്കെടുത്തു എന്നല്ലാതെ പന്ത് കളികളിൽ അന്ന് ഞാൻ താൽപര്യം കാണിച്ചില്ല.
എസ് എസ് എൽ സി പരീക്ഷ നടത്താൻ അന്ന് ദ്വീപിൽ എവിടെയും സെന്റർ ഇല്ല. കേരളത്തിലേക്ക് തന്നെ ചെല്ലണം. എലത്തൂർ സി എം സി ഹൈസ്കൂളിൽ ആയിരുന്നു ദ്വീപു വിദ്യാർത്ഥികൾ അത് വരെ പഠിച്ചിരുന്നത്. അവിടെ സ്കൂളിന്റെ അടുത്തു തന്നെ ആൺകുട്ടികൾക്ക് ഒരു ഹോസ്റ്റലും ഉണ്ടായിരുന്നു. ആ ഹോസ്റ്റലിൽ താമസിച്ചിരുന്ന എല്ലാവരേയും കൽപേനി, അമേനി ദ്വീപുകളിലെ ഹൈസ്കൂളുകളിലേക്ക് മാറ്റിയതിനാൽ ആ ഹോസ്റ്റൽ കാലിയായി കിടന്നിരുന്നു. 1963 ജനുവരി മാസം മുതൽ കൽപേനി അമേനി ഹൈസ്കൂളിലെ പതിനൊന്നാം ക്ലാസിലെ വിദ്യാർഥികളെ എസ് എസ് എൽ സി പരീക്ഷക്കു തയ്യാർ ചെയ്യുന്നതിനു വേണ്ടി എലത്തൂരിലേക്ക് കൊണ്ടു പോയി ആ പഴയ ഹോസ്റ്റലിൽ തന്നെ താമസിപ്പിച്ചു.
അവിടെ നേരത്തേ ഉണ്ടായിരുന്ന വാർഡൻ പിസിപി എന്ന് വിളിച്ചിരുന്ന പത്മനാഭൻ നായർ മാസ്റ്റർ തന്നെ വാർഡനായി തുടർന്നു. അമേനി സ്കൂളിൽ നിന്നും ഹെഡ്മാസ്റ്റർ ആയിരുന്ന ഗോപിനാഥൻ മാസ്റ്ററും, കൂട്ടിനു ഗബ്രിയേൽ മാസ്റ്ററും, ജോസഫ് മാസ്റ്ററും, കൽപേനിയിൽ നിന്നും കൽപേനി ഹെഡ്മാസ്റ്റർ ആയിരുന്ന കെ.പി.നാരായണൻ മാസ്റ്ററും, കൂട്ടിനു ചിന്നൻ മാസ്റ്ററും, നമ്പീഷൻ മാസ്റ്ററും എലത്തൂരിൽ വന്നു താമസിച്ചു.
അവർ മൂന്ന് മാസം എലത്തൂർ സിഎംസി സ്കൂളിൽ വെച്ച് ഞങ്ങൾക്ക് സ്പെഷ്യൽ ക്ലാസ്സ് നടത്തി. സിഎംസി ഹൈസ്കൂൾ അക്കാലത്ത് ദ്വീപുകാരുടെ ഹൈസ്കൂൾ കൂടി ആയിരുന്നു. കൽപേനി സ്കൂളിൽ നിന്നും ചെന്നവരെ രണ്ടായി വേർതിരിച്ച് ക്ലാസും നടത്തിയിരുന്നു. ക്ലാസ് കിട്ടാൻ സാധ്യതയുള്ള കുട്ടികളെ തെരഞ്ഞെടുത്ത് സ്പെഷ്യൽ കോച്ചിംഗ് നൽകി. അന്ന് അധ്യാപകർക്ക് ഉണ്ടായിരുന്ന ടെൻഷൻ വിദ്യാർത്ഥികളിൽ കണ്ടില്ല.
ലക്ഷദ്വീപ് ഹൈസ്കൂളിൽ നിന്നുള്ള ആദ്യത്തെ എസ് എസ് എൽ സി ബാച്ച് 1963 ലെ ഞങ്ങളുടെ ബാച്ച് ആയിരുന്നു. അതിനു മുമ്പുള്ള കുട്ടികൾ എലത്തൂർ സി.എം.സി.ഹൈസ്ക്കൂളിൽ ആയിരുന്നു പഠിപ്പിച്ചത്. ആ സ്കൂളിനു തൊട്ടടുത്തുള്ള ഒരു ബിൽഡിങ്ങ് മെൻസ് ഹോസ്റ്റൽ ആക്കി താമസത്തിന് നൽകിയിരുന്നു. അതിന്റെ വടക്കു ഭാഗത്തുള്ള ഒരു വീട് ലേഡീസ് ഹോസ്റ്റൽ ആയും പ്രവർത്തിച്ചിരുന്നു..
കോഴിക്കോടിനു വടക്ക് ഹൈവേയിൽ ഏതാണ്ട് പത്ത് കിലോമീറ്റർ അകലെയാണ് എലത്തൂർ. എലത്തൂർ സിഎംസി സ്ക്കൂളും പരിസരവും ലക്ഷദ്വീപിലെ പഴയ തലമുറക്ക് ഒരു ഗ്രഹാതുരത്വം ആണ്. കോരപ്പുഴ ഇതിന്റെ വടക്ക് ഭാഗത്താണ്. വൈകുന്നേരം കോരപ്പുഴ പാലത്തിലൂടെ നടക്കുന്നതും നടന്ന് കടപ്പുറം വരെ പോകുന്നതും ഒരു രസമായിരുന്നു. അതിനടുത്ത് ഒരു ചെറ്റ സിനിമാ കൊട്ടകയും ഉണ്ടായിരുന്നു. മിക്കപ്പോഴും എംജിആർ (രാമചന്ദ്രൻ), ശിവാജി ഗണേശൻ (ചിന്നയ്യ മൺറയാൽ ഗണേഷമൂർത്തി), ജമിനി ഗണേശൻ (ഗണപതി സുബ്രഹ്മണ്യൻ ശർമ്മ) എന്നിവരുടെ തമിഴ് സിനിമകളായിരുന്നു കൂടുതലായി അവിടെ പ്രദർശനം നടത്തിയിരുന്നത്.
എലത്തൂരിൽ നിന്നും കോഴിക്കോട് വരെ സർവീസ് നടത്തിയിരുന്ന ഒരു പച്ച ബസ്സിൽ ചില ദിവസം വൈകുന്നേരം കോഴിക്കോട് വരെ ചെന്ന് തിരിച്ചു വരുന്നതും സുഖമുള്ള കാര്യം തന്നെയായിരുന്നു. ചിലപ്പോൾ തീവണ്ടി റെയിലിലൂടെ നടന്നും കോഴിക്കോട് വരെ ചെന്നിട്ടുണ്ട്. മിക്കപ്പോഴും കോഴിക്കോട്ടിൽ ദ്വീപുകാർ കൊപ്ര കച്ചവടത്തിനും വീട്ടു സാധനങ്ങൾ വാങ്ങുന്നതിനുമായി ഓടത്തിൽ എത്താറുണ്ടായിരുന്നു. അവരെ കാണാനും ബന്ധുക്കളിൽ നിന്നും ആവശ്യത്തിന് പണം വാങ്ങാനും കോഴിക്കോട്ട് പോകേണ്ടതായും വരും. അന്ന് ബസ് ടിക്കറ്റ് നാലണ(കാൽ രൂപ)യും ട്രയിൻ ടിക്കറ്റ് ഒരു രൂപയും ആയിരുന്നു. ബന്ധുക്കളിൽ ആരെങ്കിലും കോഴിക്കോട്ട് വന്നാൽ അവരെ കാണുന്നത് തന്നെ മനസ്സിന് ആഹ്ലാദം നൽകുന്നതായിരുന്നു. അന്ന് ടെലിഫോൺ ബന്ധങ്ങളോ, വിവരം അറിയുന്നതിന് മറ്റു മാർഗങ്ങളോ ഉണ്ടായിരുന്നില്ല. മരണവാർത്തയും, അത്യാവശ്യം പണം വേണമെന്ന് അറിയിക്കുന്നതിനുമുള്ള ആകെ ഉണ്ടായിരുന്ന വഴി കമ്പിയില്ലാ കമ്പി എന്ന വയർലസ്.
ഹോസ്റ്റലിൽ തരക്കേടില്ലാത്ത ഭക്ഷണം ഉണ്ടായിരുന്നു. ഒരു വിദ്യാർഥിക്ക് ചെലവ് മാസം 25 രൂപ എന്നതിൽ കൂടാൻ പാടില്ലെന്ന് പറയുന്നത് കേട്ടു. നായർ എന്ന് വിളിക്കുന്ന ഒരു നല്ല മനുഷ്യനായിരുന്നു കുക്ക്. രാവിലെ കഞ്ഞിയും പുഴുക്കും. ഒന്നിടവിട്ട് ചെറുപയർ പുഴുക്കും കടലപുഴുക്കും കഞ്ഞിയുടെ കൂടെ കാണും. ആഴ്ചയിൽ രണ്ടുതവണ മാത്രം ഉച്ചയ്ക്ക് ബീഫ്/ കോഴി ഇറച്ചി കാണും. ചിലപ്പോൾ മൽസ്യമോ മുട്ടയോ കാണും. നായർ തന്നെ ഇറച്ചിക്കറി വിളമ്പും. എന്നാൽ ഒരു കഷ്ണം ഇറച്ചി ആദ്യം നൽകിയാൽ പിന്നെ ആര് ചോദിച്ചാലും നൽകില്ല. കുട്ടികൾ നായരോട് ” നായരെ ഇറച്ചി ഉണ്ടോ…” എന്ന് ചോദിച്ചാൽ ഉടനെ നായർ പറയും..”ഇണ്ട്.., കൊട്ക്കാനില്ല..”. എന്ന്. അത് കേൾക്കാൻ ഒരു രസമായിരുന്നു. അതിനായി തരില്ല എന്ന് അറിഞ്ഞു കൊണ്ട് തന്നെ കുട്ടികൾ അതെ ചോദ്യം ചോദിച്ച് കൊണ്ടിരിക്കും. നായർ ആകട്ടെ അതെ മറുപടിയും.
ഹോസ്റ്റലിന്റെ മുൻവശത്ത് റോഡ് വക്കിൽ ഒരു കൊച്ചു ഹോട്ടൽ ഉണ്ടായിരുന്നു. കേളപ്പന്റെ ഹോട്ടൽ. കേളപ്പൻ തീറ്റപ്രിയനായിരുന്നു. കടം നൽകിയത് കിട്ടാതെ ഇടക്കിടെ നഷ്ടം വരും. എന്നിട്ട് ഹോട്ടൽ പൂട്ടും. പിന്നെ തുറക്കും. അവിടെ ചെന്നാൽ പൊറോട്ട, പുട്ട്, വെള്ളപ്പം എന്നിവയും അതോടൊപ്പം പോത്തിറച്ചിയും ലഭിക്കുമായിരുന്നു. അര അണയോ രണ്ടു മുക്കാലോ കൊടുത്താൽ മതിയാകും. നാലണ കാൽ രൂപയായിരുന്നു. 16 അണ ആണ് ഒരു രൂപ. അണക്ക് താഴെ അരക്കാല്, മുക്കാല്, പൈസ എന്നിങ്ങനെ. നടുക്ക് തുള ഉള്ള മുക്കാലും ഉണ്ടായിരുന്നു. സ്വാതന്ത്ര്യം ലഭിച്ച ശേഷവും ബ്രിട്ടീഷ് ഉറുപ്പികയും പൈസയും പ്രചാരത്തിലുണ്ടായിരുന്നു. 1950 മുതൽക്കാണ് അണ പ്രചാരത്തിൽ വരുന്നത്. 1964 ജൂൺ ഒന്നുമുതൽ നയാപൈസ വന്നു. 100 നയാപൈസ ഒരു രൂപ ആയി. ഒരു പൈസ, രണ്ടു പൈസ, അഞ്ച് പൈസ, പത്ത് പൈസ, ഇരുപത്തഞ്ച് പൈസ(കാൽ രൂപ), അൻപത് പൈസ(അര രൂപ) എന്നിങ്ങനെ. എന്നാലും പഴയ അണയും അരക്കാലും മുക്കാലും എല്ലാം കുറെക്കാലം യഥേഷ്ടം പ്രചാരത്തിൽ ഉപയോഗത്തിൽ ഉണ്ടായിരുന്നു.
വാർഡൻ പിസിപി സാറ് തീറ്റപ്രിയനും, ഇടക്കിടെ മദ്യം സേവിക്കുന്ന സ്വഭാവവും ഉണ്ടായിരുന്നു. പലപ്പോഴും ഹോസ്റ്റൽ വരാന്തയിൽ ഓർമയില്ലാതെ കിടക്കുന്നത് കാണാം. അപ്പോൾ കുട്ടികൾ കടയിൽ ചെന്നു ഒരു സോഡാ വാങ്ങി വന്ന് മുഖത്ത് ഒഴിക്കുമ്പോൾ പകുതി ഉണരും. പിന്നെ പകുതി സോഡാ അദ്ദേഹം വാങ്ങി കുടിക്കും. അതോടെ ഉണരും. ആദ്യം അത് കള്ള് കുടിച്ചതിന്റെ ഫലമാണ് എന്ന് ഞങ്ങൾക്ക് മനസ്സിലായില്ല. പിന്നീട് അത് അറിഞ്ഞു.
വൈകീട്ട് ഞങ്ങൾ നടക്കാനിറങ്ങും. ചിലപ്പോൾ ബീച്ച് വരെ ചെല്ലും. മിക്കപ്പോഴും വടക്ക് കോരപ്പുഴ പാലം വരെയും നടക്കും. കോരപ്പുഴക്കടുത്താണ് സി.എച്. മുഹമ്മദ് കോയ താമസിച്ചിരുന്നത്. അദ്ദേഹം അന്ന് എംഎൽഎ യും ചന്ദ്രിക പത്രത്തിന്റെ എഡിറ്ററും ആയിരുന്നു. പലപ്പോഴും എലത്തൂരിൽ ബസ്സ് ഇറങ്ങി ആ വഴിയിൽ നടന്നു പോകുന്ന അദ്ദേഹത്തെ കണ്ട് മുട്ടാറുണ്ടായിരുന്നു. നല്ല സൗമ്യമായ പെരുമാറ്റം. ദ്വീപു വിദ്യാർത്ഥികളോട് പ്രത്യേക സ്നേഹവും അദ്ദേഹത്തിനു ഉണ്ടായിരുന്നു.
തീവണ്ടി റെയിലിൽ കൂടി പത്ത് കിലോമീറ്ററോളം കോഴിക്കോട് വരെ നടന്ന സംഭവവും ഉണ്ടായിട്ടുണ്ട്. അധികവും ബസ്സിലാണ് കോഴിക്കോട് ചെല്ലാറുണ്ടായിരുന്നത്. സിഎംസി സ്കൂളും ആ പഴയ ഹോസ്റ്റലും അടുത്തിടെ ഞാൻ കാണാനിടയായി. സ്കൂളിനു വലിയ മാറ്റമൊന്നും ഇല്ല. ഹോസ്റ്റൽ ബിൽഡിംഗ് ഉപയോഗശൂന്യമായി പൂട്ടിക്കിടന്നു. എലത്തൂർ പട്ടണത്തിനും വലിയ മാറ്റമൊന്നും കണ്ടില്ല എന്ന് മാത്രമല്ല നിര വാതിലുകൾ ഉള്ള കടകൾ അപ്പോഴും അവിടെ കണ്ടു.
അങ്ങനെ 1963 മാർച് മാസത്തിൽ പരീക്ഷ വന്നു. സെന്റർ സിഎംസി സ്കൂളിൽ തന്നെ. ലക്ഷദ്വീപ് സ്കൂളിലെ ആദ്യത്തെ ബാച്ച്. പതിനൊന്നാം ക്ലാസിന്റെ അവസാനത്തെയും. കെ.പി.നിരായണൻ എന്നോട് പറഞ്ഞു. “നന്നായി എഴുതണം നിനക്ക് ക്ലാസ് കിട്ടും… ” എന്ന്. എനിക്ക് ഹിന്ദി തീരെ ഇഷ്ടമില്ലായിരുന്നു. ഞങ്ങൾ ആറാം ക്ലാസിൽ വെച്ച് ആണ് ആദ്യമായി ഇംഗ്ലീഷ് അക്ഷരം പഠിച്ചു തുടങ്ങുന്നത്. പൊതുവേ ഇംഗ്ലീഷ് ആർക്കും അത്ര വശമില്ല. അന്ന് ഇംഗ്ലീഷ് സെക്കന്റ് പേപ്പർ ‘റോബിൻ ഹുഡ് ‘ എന്ന പുസ്തകമായിരുന്നു. എനിക്ക് അതിലെ കഥ ഇഷ്ടപ്പെട്ടിരുന്നു. സെക്കന്റ് പേപ്പർ എഴുതിക്കൊണ്ടിരിക്കുമ്പോൾ ഉറക്കം വന്നു. ഞാൻ ഡസ്കിൽ തലവെച്ച് ഉറങ്ങിപ്പോയി. അത് കണ്ട പരീക്ഷാ പരിശോധകൻ വന്ന് തട്ടി ഉണർത്തി. നോക്കിയപ്പോൾ സമയം വൈകി. പലരും പേപ്പർ നൽകാൻ തുടങ്ങി. കണ്ണ് തുറന്നു നോക്കിയപ്പോൾ ഒരു ചോദ്യം ബാക്കി. നിങ്ങൾ ഇഷ്ടപ്പെടുന്ന മാതൃകാ പുരുഷനെക്കുറിച്ച് ഒരു എസ്സെ…!! പെട്ടന്ന് ഓർമ വന്നത് റോബിൻ ഹുഡ്നെ. വെച്ചു കാച്ചി.
പുറത്തു വന്നപ്പോൾ നാരായണൻ സാറ് എല്ലാവരോടും മാതൃകാ പുരുഷൻ എന്ത് എഴുതി എന്ന് ചോദിച്ചു കൊണ്ടിരുന്നു. എല്ലാവരും നെഹ്റുവും ഗാന്ധിജിയും മുഹമ്മദ് നബിയും എഴുതി എന്ന് പറഞ്ഞപ്പോൾ ഞാൻ മാത്രം റോബിൻ ഹുഡ്. ഇഷ്ടമുള്ള കഥാപാത്രം റോബിൻ ഹുഡ് എന്ന് നേരത്തേ ഓർത്തു വെച്ചിരുന്നു. ഇഷ്ട കഥാപാത്രം മാതൃകാ പുരുഷനായി മാറി. നാരായണൻ മാസ്റ്റർക്ക് വല്ലാതെ ദേഷ്യം വന്നു. “കളഞ്ഞു… നീ ക്ലാസ് കളഞ്ഞു..” എന്ന് പറഞ്ഞു ശകാരിച്ചു. ആ വർഷം എനിക്ക് മാത്രമല്ല ആർക്കും ക്ലാസ് കിട്ടിയില്ല. ഞാനും ആദ്യ ചാൻസിൽ തന്നെ പാസ്സായി. പാസ് ആയത് തന്നെ ഭാഗ്യം എന്നാണ് അന്ന് തോന്നിയത്. പലരും തോറ്റു.
അന്ന് 1963 ബാച്ചിൽ എലത്തൂരിൽ വെച്ചു എസ് എസ് എൽ സി പരീക്ഷ എഴുതാൻ എലത്തൂരിൽ ആകെ 48 പേർ എത്തിയിരുന്നു. അതിൽ 1.മൂസോകാക്കാട ഐശോമ്മ, 2.പൂവിനോട ശേഖോയ, 3.സീ.ജി.സെയ്ദ് ശേഖോയ, 4.സി.ജി.പൂക്കോയ, 5.കെ.കെ.കോയമ്മ, 6.കെ.ഐ.പൂക്കോയ, 7.എൻ.പി.കാസ്മിക്കോയ, 8.എം.കെ.മുത്തുകോയ, 9.പൊന്നേലം ശേഖോയ, 10.സി.പി.മുഹമ്മദ്, 11. അക്കര കോയ എന്നീ കൽപേനി ദ്വീപിൽ നിന്നുള്ളവരും,
അന്ത്രോത്ത് ദ്വീപുകാരായ 1.ടി.പി.കോയ, 2.പി.ശേഖോയ, 3.പി.വി.പൂക്കോയ, 4.ടി.പി.കോയമ്മക്കോയ, 5.കെ.സി.സാബ്ജാൻ, 6.പി.പി.സെയ്ദ്കോയ,
7.കെ.ഹംസക്കോയ, 8.എം.പി.മുത്തുകോയ, 9.എസ്.കോയ, 10.എം.വി.സെയ്ത്കോയ, 11.പി.തങ്ങകോയ, എന്നിവരും ഉണ്ടായിരുന്നു.
അമേനി ഹൈസ്കൂൾ വിദ്യാർത്ഥികളായ അമേനി ദ്വീപിൽ നിന്നുള്ള 1.പി.ഹവ്വാബി, 2.കെ.കെ.പൂക്കോയ, 3.ബി.സെയ്ദ്മുഹമ്മദ്കോയ, 4.പി.ഇ.മുഹമ്മദ്കോയ, 5.കെ.സെയ്ദ് ബുഖാരി, 6.എം.മുത്തുകോയ എന്നിവരും,
അഗത്തി ദ്വീപുകാരായ 1.പി.മുത്തുകോയ, 2.ടി. അബ്ദുൽ അസീസ്, 3.ഡി.പൂക്കോയ, 4.കെ.ഐ.സയിദ് അബ്ദുല്ലക്കോയ, 5.എ.സി.ആറ്റക്കോയ, 6.ബി.അബ്ദുൽജബ്ബാർ,
7. എം.പൂക്കോയ, 8.പി.ചെറിയകോയ, 9.പി.ആറ്റക്കോയ എന്നിവരും,
കവരത്തി ദ്വീപിൽ നിന്നും ഉള്ള 1.എ.കെ.കിടാവ്, 2.ബി.കെ.അബൂബക്കർ, 3.കെ.ശേഖോയ, 4.എം.ഐ.നല്ലകോയ, 5.ആർ.പി.മുഹമ്മദ്,
6. ഇ.പി.ആറ്റക്കോയ, 7.എൻ.പി.കുന്നിക്കോയ, 8.പി.ബി.മുത്തുകോയ എന്നിവരും,
കിൽത്താൻ ദ്വീപിൽ നിന്നും സി.എച്ച്. കിടാവ് കോയ, ചെത്ത്ലാത്ത് ദ്വീപിൽ നിന്നും പി.ആറ്റക്കോയ, കടമത്ത് ദ്വീപിൽ നിന്നും ടി. അഹ്മദ് എന്നിവരും ഉണ്ടായിരുന്നു. അതിൽ മിക്കവരും ഇന്ന് ജീവിച്ചിരിപ്പില്ല.
എസ് എസ് എൽ സി പാസ്സായവർക്ക് പ്രീ യൂണിവേഴ്സിറ്റി ഒരു വർഷത്തെ കോഴ്സ് കോഴിക്കോട്ട് ക്രിസ്റ്റ്യൻ കോളേജിൽ വെച്ച്. അത് കൊണ്ട് വെക്കേഷൻ സമയത്ത് കപ്പലിൽ കൽപേനിയിൽ ചെന്നു വെക്കേഷൻ ആസ്വദിച്ചു.
