കോഴിക്കോട്: ലക്ഷദ്വീപിൽ ആദ്യമായി നിരപരാതികൾക്ക് മേൽ നടത്തിയ പോലീസ് വെടിവെപ്പും തുടർന്നുണ്ടായ മൃഗീയ പീഠനങ്ങളുടേയും ദൃസാക്ഷി വിവരണങ്ങൾ അടങ്ങിയ പുസ്തകം “ശേരിവാൻ്റെ ഫൊയ്ബെടി” പ്രകാശനം ചെയ്യുന്നു. ജൂൺ 14-ാം തീയതി ശനിയാഴ്ച പത്മശ്രീ അലി മനിഖ്ഫാൻ കോഴിക്കോട് ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിൽ വെച്ച് പുസ്തകം പ്രകാശനം ചെയ്യും.
ഗ്രന്ഥകർത്താവ് എൻ. സെയ്ദ് മുഹമ്മദ്കോയ (നെടുംതിരുവൻ) ആണ്. കിൽത്താൻ ദ്വീപിൽ 1968 റമളാൻ 27 ന് നടന്ന വെടിവെപ്പിൽ അന്ന് 13 വയസുകാരനായ ഗ്രന്ഥകാരൻ ദൃസാക്ഷിയാണ്. ആ അനുഭവങ്ങളെയാണ് പുസ്തകമാക്കി മാറ്റിയത്. കിൽത്താനിൽ ആ കാലത്ത് നിലനിന്നിരുന്ന “ഫിരാകി പാടൽ” എന്ന തമാശാ ആചാരം പിന്നീടൊരു കൊലപാതകത്തിലേക്കും ഒട്ടേറേ നിരപരാധികളെ മാറാരോഗികളുമാക്കി തീർത്ത പീഠനങ്ങളുടെയും യാഥാർത്ഥ്യങ്ങളാണ് ഗ്രന്ഥത്തിൽ തുറന്നു കാട്ടുന്നത്.
ദ്വീപിലെ മുതിർന്ന എഴുത്തുകാരനും സംഘടനാ പ്രവർത്തകനുമായിരുന്ന നെടുംതിരുവൻ ദ്വീപിന്റെ സാമൂഹിക-ഭൂമിശാസ്ത്ര പശ്ചാത്തലവും ആ കാലഘട്ടത്തിലെ കിൽത്താന്റെ ജീവിതചിത്രങ്ങളും പുസ്തകത്തിലൂടെ വിശദീകരിക്കുന്നു. ലക്ഷദ്വീപിലെ സാമൂഹിക ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കാനുള്ള വാതായനമായാണ് ഈ കൃതി വിലയിരുത്തപ്പെടുന്നത്. പുസ്തകപ്രസാധനം: കിൽത്തനത്ത് ഫൗണ്ടേഷൻ. വിതരണം: ബുക്ക് എൻ പ്രിന്റ്, കാലിക്കറ്റ്.
