അവകാശ സംരക്ഷണത്തിന് ഡെപ്യൂട്ടി കളക്ടർ ഓഫീസിലേയ്ക്ക് സി.പി.ഐ(എം) മാർച്ച്

ആന്ത്രോത്ത്:
ലക്ഷദ്വീപിൽ കപ്പൽ ഗതാഗത പ്രതിസന്ധിയും, അവശ്യവസ്തുക്കളും സംബന്ധിച്ച പ്രതിസന്ധിക്കെതിരെയും, അറബി ഭാഷയും മഹലും പാഠ്യപദ്ധതിയിൽ നിന്ന് ഒഴിവാക്കുന്നതുമെതിരെ സി.പി.ഐ(എം) ആന്ത്രോത്ത് ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. കപ്പൽ സർവീസുകളുടെ കുറവ്, മരുന്ന് ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കളുടെ ലഭ്യതക്കുറവ്, ഷിപ്പ് ടിക്കറ്റ് നിരക്ക് വർദ്ധനവ്, അറബി ഭാഷയും മഹലും പാഠ്യപദ്ധതിയിൽ നിന്ന് ഒഴിവാക്കുന്നതിരെയാണ് ജനകീയ പ്രതിരോധം നടക്കുന്നത്.

ഡെപ്യൂട്ടി കളക്ടർ ഓഫീസിലേയ്ക്ക് നടന്ന മാർച്ച് ലോക്കൽ കമ്മിറ്റി സെക്രട്ടറി മുഹമ്മദ് ഷാഫി ഖുറേഷി ഉദ്ഘാടനം ചെയ്തു. “ലക്ഷദ്വീപുകാർ ഇന്ത്യയിലെ തുരുത്തുകളിലായുള്ള ഗോത്രവർഗമാണെന്നും, വർഷങ്ങളായി യാത്രാ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നവരാണ് എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. എല്ലാ ആവശ്യത്തിനും കരയെ ആശ്രയിക്കേണ്ടി വരുന്ന ദ്വീപുകാര്ക്ക് കപ്പൽ സർവീസുകൾനിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനമാണ്. ഇന്ന് കപ്പലുകൾ രണ്ടേ രണ്ടാണുള്ളത്. യാത്ര മുടങ്ങി ആയിരക്കണക്കിന് ദ്വീപുകാരാണ് കുടുങ്ങിയിരിക്കുന്നത്. മരണം, വിവാഹം, ചികിത്സ, പഠനം, ജോലിതിരക്ക്… ഒന്നിനും സമയത്ത് എത്താൻ കഴിയാത്ത അവസ്ഥയിലാണ് ജനങ്ങൾ” ഖുറേഷി പറഞ്ഞു.

നാലുവർഷം മുമ്പ് ഏഴു കപ്പലുകൾ സേവനമൊരുക്കിയിരുന്നപ്പോൾ, ഇന്ന് അവശേഷിക്കുന്നത് രണ്ട് കപ്പലുകൾ മാത്രമാണ്. ഇവയും നിലച്ചു പോകുന്ന സാഹചര്യത്തിലാണ്. സർവീസ് തുടരാൻ ഫിറ്റ്നസോ ഇൻഷുറൻസോ ഇല്ലാത്ത കപ്പലുകൾ പണിശാലകളിൽ തുരുമ്പെടുക്കുകയാണ്. റൂട്ടിൽ ഓടേണ്ട 120 ബസ്സിന് പകരം ഒരു ബസ് മാത്രം ഓടുന്ന അവസ്ഥ കരയിൽ ഉണ്ടെങ്കിൽ എന്താകുമെന്ന ഉദാഹരണത്തിൽ പ്രതിസന്ധിയുടെ ഭീകരത ഖുറേഷി വിശദീകരിച്ചു.

പാഠ്യപദ്ധതിയിൽ നിന്ന് അറബി, മഹൽ ഭാഷകൾ ഒഴിവാക്കിയ നടപടി വീണ്ടെടുക്കണമെന്നാവശ്യപ്പെട്ട്, “മൂന്ന് ഭാഷകളോടൊപ്പം അറബിയും മഹലും പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് അതിനുള്ള അവസരം ലഭിക്കണം” എന്നും അദ്ദേഹം ആവശ്യപ്പെട്ടു.”ഭൂമിയിൽ സത്യസന്ധമായി ജീവിക്കാനുള്ള അവകാശം ലക്ഷദ്വീപ് ജനങ്ങൾക്ക് ഉള്ളതും, ഭരണകൂടം അതിന് തിരിച്ചടിയാകരുത്” എന്നും അദ്ദേഹം പറഞ്ഞു.

സമരത്തിന് അദ്ധ്യക്ഷത ബ്രാഞ്ച് സെക്രട്ടറി അക്ബർ അലി വഹിച്ചു. ഫൈസൽ അമീൻ സ്വാഗതവും, മുഹമ്മദ് യാസർ നന്ദിയും പറഞ്ഞു. മാർച്ചിന് ശേഷം സി.പി.ഐ(എം) പ്രതിനിധികൾ ഡെപ്യൂട്ടി കളക്ടർക്കു നിവേദനം കൈമാറി.