ഇലക്ട്രിസിറ്റി നിരക്ക് വർദ്ധന: പബ്ലിക് ഹിയറിംഗിൽ അതൃപ്തി രേഖപ്പെടുത്തി ജനങ്ങൾ

ലക്ഷദ്വീപ് ഇലക്ട്രിസിറ്റി ഡിപ്പാർട്ട്മെന്റ് നിരക്ക് വർദ്ധിപ്പിക്കാനുള്ള നിർദേശവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പബ്ലിക് ഹിയറിംഗിൽ ജനങ്ങൾ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചു. ഓൺലൈൻ പ്ലാറ്റ്ഫോമിൽ സംഘടിപ്പിച്ച ഹിയറിംഗിൽ ഡിപ്പാർട്ട്മെന്റിന്റെ സ്ലൈഡ് പ്രസന്റേഷൻ കഴിഞ്ഞ് പൗരന്മാരുടെ അഭിപ്രായങ്ങൾ സ്വീകരിച്ചു. ഹിയറിംഗിന്റെ തുടക്കത്തിൽ കവരത്തിയിൽ നിന്നുള്ള എം.ഐ. ആറ്റ കടുത്ത വിമർശനവുമായി രംഗത്തെത്തി. ലക്ഷദ്വീപിലെ ദയനീയമായ സാമ്പത്തികാവസ്ഥ വിശദീകരിച്ച അദ്ദേഹം, ഡൊമസ്റ്റിക് താരിഫ് ഏത് തരത്തിലും വർദ്ധിപ്പിക്കരുതെന്ന ആവശ്യം ഉന്നയിച്ചു.

അമിനി, ആന്ത്രോത്, കടമത്ത്, ചേത്ത്ലാത്ത് തുടങ്ങിയ ദ്വീപുകളിൽ നിന്നുള്ള പ്രതിനിധികൾ ഹിയറിംഗിൽ പങ്കുചേർന്നു. എല്ലാവരും ഏകദേശം ഒരേ ആവശ്യം തന്നെയായിരുന്നു ഉന്നയിച്ചത് – ദ്വീപിന്റെ പ്രത്യേകതകളും ജനങ്ങളുടെ സാമ്പത്തിക അവസ്ഥയും കണക്കിലെടുക്കാതെ ആവശ്യമില്ലാത്ത നിരക്ക് വർദ്ധന ജനജീവിതത്തെ ദുഷ്പ്രഭാവിതമാക്കുമെന്നത്. ഇപ്പോഴത്തെ നിരക്കുകൾ പോലും പലർക്കും സഹിക്കാനാകാത്ത സാഹചര്യമാണുള്ളത്, അതിനാൽ അധിക ഭാരം ചുമത്തുന്നത് ജനവിമുഖമായ തീരുമാനം ആകുമെന്ന് അവർ കൂട്ടിച്ചേർത്തു.

ലക്ഷദ്വീപ് എംപിയും മുൻ എംപിയും സംവാദത്തിൽ പങ്കെടുത്ത് തങ്ങളുടെ നിലപാട് വ്യക്തമാക്കി. നിലവിലെ സാഹചര്യം വിലയിരുത്താതെ നിരക്ക് വർദ്ധിപ്പിച്ചാൽ പലർക്കും കണക്ഷൻ നഷ്ടപ്പെടുമെന്നും അതിലൂടെ പദ്ധതിയുടെ അർത്ഥം തന്നെ നഷ്ടപ്പെടുമെന്നും എംപി ഹംദുള്ളാ സയീദ് പറഞ്ഞു. നമ്മുടെ ലക്ഷ്യം രാജ്യം പൂർണമായും വൈദ്യുതി ലഭ്യമാക്കുക എന്നതാണ്. 
അതുകൊണ്ട് ജനങ്ങളുടെ അവസ്ഥയും അവരുടെ നിലവാരവും പരിഗണിച്ചുകൊണ്ട് വൈദ്യുതി ലഭ്യമാക്കണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കർഷകരുടെ പ്രതിനിധിയായി ആന്ത്രോത്തിൽ നിന്നുള്ള ഒരാൾ പങ്കെടുത്ത് കാർഷിക ആവശ്യങ്ങൾക്കായുള്ള വൈദ്യുതി കണക്ഷൻ ലക്ഷദ്വീപിൽ നിലവിലില്ലെന്ന് വ്യക്തമാക്കി. മറ്റ് സംസ്ഥാനങ്ങളിലെ പോലെ കാർഷിക കണക്ഷനുകൾ നൽകാൻ ഡിപ്പാർട്ട്മെന്റ് തയ്യാറാകണമെന്ന് ആവശ്യം ഉയർന്നു. വീടിന് പുറത്തുള്ള കാർഷിക മേഖലയിൽ ഡൊമസ്റ്റിക് കണക്ഷൻ അല്ലെങ്കിൽ ടെമ്പററി കണക്ഷൻ ഉപയോഗിക്കുന്നത് കൂടുതൽ നഷ്ടം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇൻഡസ്ട്രിയൽ കണക്ഷനുകൾ ഉപയോഗിച്ചിരുന്ന നിരവധി വ്യവസായികൾ കറന്റ് ചാർജിന്റെ ഭാരം താങ്ങാനാകാതെ പ്രവർത്തനം നിർത്തിവച്ചതായി ചിലർ പങ്കുവെച്ചു. ആകെ എടുക്കുമ്പോൾ, പുതിയ വ്യവസായങ്ങൾക്കും കാർഷിക പുരോഗതിക്കും ഈ പുതിയ നിരക്കുകൾ വലിയ തടസ്സമാകുമെന്ന് ചര്‍ച്ചയിൽ വ്യക്തമായി.

മുൻ എംപി മുഹമ്മദ് ഫൈസൽ അവതരിപ്പിച്ച ബാർജിനുമേൽ സ്ഥാപിക്കാവുന്ന മോബൈൽ പവർ യൂണിറ്റുകൾ ഉപയോഗിച്ച് അടിയന്തര വൈദ്യുതി വിതരണം സാധ്യമാക്കാമെന്ന ആശയം കമ്മീഷൻ ശ്രദ്ധയിൽപ്പെടുത്തി. ഒരു ദ്വീപിൽ പവർ ഔട്ടേജ് സംഭവിച്ചാൽ, ജനറേറ്റർ ഘടിപ്പിച്ച ബോട്ട് അതത് ദ്വീപിലേക്ക് എത്തിച്ച് 24 മണിക്കൂറിനുള്ളിൽ വൈദ്യുതി ലഭ്യമാക്കാനാകുമെന്നും അദ്ദേഹം നിർദേശിച്ചു. ഇതിന്റെ ഫീസിബിലിറ്റി പഠിക്കാൻ കമ്മീഷൻ താൽപ്പര്യം പ്രകടിപ്പിച്ചെങ്കിലും, ഡിപ്പാർട്ട്മെന്റ് ഇപ്പോൾ അതിന് സാദ്ധ്യതയില്ലെന്ന നിലപാടിലാണ്.

എം.ഐ. ആറ്റ നൽകിയ മറ്റൊരു പ്രധാനപ്പെട്ട വിമർശനം ഹിയറിംഗിന്റെ സ്വഭാവത്തെ കുറിച്ചാണ്. പൊതുജനങ്ങൾക്ക് ഈ ഹിയറിംഗിന്റെ വിവരങ്ങൾ മുൻകൂട്ടിയായി ലഭിച്ചിരുന്നില്ലെന്നും, പബ്ലിക് പങ്കാളിത്തം വളരെ കുറവായിരുന്നെന്നും അദ്ദേഹം നിരീക്ഷിച്ചു. ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുത്ത 30 ഡിവൈസുകളിൽ ഭൂരിഭാഗവും സർക്കാർ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ളവയായിരുന്നു. അതിനാൽ ജനങ്ങളുടെ യഥാർത്ഥ ശബ്ദം ഈ ഹിയറിംഗിൽ പ്രതിഫലിച്ചില്ലെന്നത് അദ്ദേഹം ചൂണ്ടിക്കാട്ടി.

പബ്ലിക് ഹിയറിംഗിന്റെ രേഖാമൂലം സംക്ഷിപ്തം കമ്മീഷനെ അറിയിക്കാൻ ഡിപ്പാർട്ട്മെന്റിന് 15 ദിവസം സമയം അനുവദിച്ചുവെന്നും, കൂടുതൽ ആളുകൾ അവരുടെ അഭിപ്രായങ്ങളും പരാതി സംവേദനങ്ങളും എഴുതി കമ്മീഷന്റെ ഇമെയിലിലേക്ക് അയക്കണമെന്നും നിർദ്ദേശമുണ്ട്.