കവരത്തി: ലക്ഷദ്വീപിൽ ദേശീയ ആരോഗ്യ ദൗത്യത്തിന് (NHM) കീഴിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ സേവനം അവസാനിപ്പിച്ച് ലക്ഷദ്വീപ് ഭരണകൂടം ഉത്തരവിറക്കി. നവംബർ 12ന് പുറത്തിറക്കിയ ഉത്തരവിലാണ് കരാർ ജീവനക്കാരെ അടിയന്തര പ്രാബല്യത്തോടെ ജോലിയിൽനിന്ന് ഒഴിവാക്കാൻ നിർദേശിച്ചിരിക്കുന്നത്. ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിലുള്ള കരാർ ജീവനക്കാരുടെ പുനഃക്രമീകരണത്തിന്റെയും പുനഃസംഘടനയുടെയും ഭാഗമായാണ് നടപടിയെന്നാണ് ഭരണകൂടത്തിന്റെ വിശദീകരണം. ഭരണപരമായ ആവശ്യങ്ങളും ലഭ്യമായ വിഭവങ്ങളും പരിഗണിച്ചാണ് തീരുമാനമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
കവരത്തി, ആന്ത്രോത്ത്, അമിനി, കടമത്ത്, ചെത്ലാത്ത് തുടങ്ങിയ ദ്വീപുകളിലെ ആരോഗ്യ കേന്ദ്രങ്ങളിൽ സേവനമനുഷ്ഠിക്കുന്ന ജീവനക്കാരാണ് നടപടിക്ക് വിധേയരാകുന്നത്. റീഹാബിലിറ്റേഷൻ വർക്കർ, വാക്സിൻ അറ്റൻഡർ, ജനറൽ ഡ്യൂട്ടി അറ്റൻഡർ, സപ്പോർട്ടിങ് സ്റ്റാഫ്, മൾട്ടി ടാസ്കിങ് സ്റ്റാഫ് തുടങ്ങിയ തസ്തികകളിൽ ജോലി ചെയ്യുന്നവരും ഇതിൽ ഉൾപ്പെടുന്നു. ഉത്തരവിൽ ഒമ്പത് ജീവനക്കാരുടെ സേവനം അവസാനിപ്പിക്കുന്നതായി പറയുന്നുണ്ടെങ്കിലും അനുബന്ധ പട്ടികയിൽ എട്ട് പേരുടെ വിവരങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
പിരിച്ചുവിടപ്പെട്ട ജീവനക്കാരെ ആവശ്യമായ ചുമതല കൈമാറ്റ നടപടികൾ പൂർത്തിയാക്കിയശേഷം ജോലിയിൽനിന്ന് വിടുതൽ ചെയ്യണമെന്നും ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്. ഇവർക്ക് ലഭിക്കാനുള്ള ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കരാർ വ്യവസ്ഥകൾക്കും ബാധകമായ നിർദേശങ്ങൾക്കും അനുസൃതമായി തീർപ്പാക്കണം. ഔദ്യോഗിക രേഖകളും ഉപകരണങ്ങളും മറ്റ് സർക്കാർ വസ്തുക്കളും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കൈമാറണമെന്നും നിർദേശമുണ്ട്. ലക്ഷദ്വീപ് ആരോഗ്യ സെക്രട്ടറി, സ്റ്റേറ്റ് ഹെൽത്ത് സൊസൈറ്റി എക്സിക്യൂട്ടീവ് കമ്മിറ്റി ചെയർമാൻ എന്നിവരുടെ അംഗീകാരത്തോടെയാണ് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. ദേശീയ ആരോഗ്യ ദൗത്യം മിഷൻ ഡയറക്ടറും ആരോഗ്യ സേവന ഡയറക്ടറുമായ എം.ഭരണിയാണ് ഉത്തരവിൽ ഒപ്പുവെച്ചിരിക്കുന്നത്.
ആരോഗ്യമേഖലയിലെ കരാർ ജീവനക്കാരെ ഒഴിവാക്കാനുള്ള പുതിയ തീരുമാനം ബന്ധപ്പെട്ട ജീവനക്കാരുടെ തൊഴിൽഭാവിയെ ബാധിക്കുന്നതാണ്. വിവിധ ദ്വീപുകളിലെ ആരോഗ്യ സ്ഥാപനങ്ങളുടെ പ്രവർത്തനത്തെ ഈ നടപടി എങ്ങനെ ബാധിക്കുമെന്നതും ശ്രദ്ധേയമാണ്.
