കോഴിക്കോട്: ലക്ഷദ്വീപിലേക്കുള്ള ചരക്കുകൾ കയറ്റുന്നതിനിടെ ബേപ്പൂർ തുറമുഖത്ത് കൂറ്റൻ സ്റ്റാൻഡിങ് ക്രെയിൻ തകർന്നുവീണു. ഇന്ന് രാവിലെ പഴയ വാർഫിലെ മൂന്നാം നമ്പർ ക്രെയിനാണ് അപകടത്തിൽപ്പെട്ടത്. തൊഴിലാളികൾ സമയോചിതമായി ഓടിമാറിയതിനാൽ വൻ ദുരന്തം ഒഴിവായി. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
ആന്ത്രോത്ത്, കവരത്തി ദ്വീപുകളിലേക്ക് ചരക്കുമായി പോകുന്ന ‘സർക്കാർ’ എന്ന ഉരുവിലേക്ക് ജെല്ലി കയറ്റുന്നതിനിടെയായിരുന്നു അപകടം. ക്രെയിനിന്റെ വലയിൽ ജെല്ലി നിറച്ച് ഉയർത്തുന്നതിനിടെ യന്ത്രം പെട്ടെന്ന് തകർന്നുവീഴുകയായിരുന്നു. അപകടസൂചന ലഭിച്ചതോടെ സമീപത്തുണ്ടായിരുന്ന തൊഴിലാളികൾ ഓടിമാറി.
ക്രെയിനിന്റെ കാലപ്പഴക്കമാണ് അപകടത്തിന് കാരണമെന്നാണ് തൊഴിലാളികളുടെ ആരോപണം. സംഭവത്തെ തുടർന്ന് പഴയ വാർഫിലെ ചരക്കുനീക്കം ഉച്ചവരെ തടസ്സപ്പെട്ടു. ലക്ഷദ്വീപിലേക്കുള്ള ചരക്കുനീക്കത്തിൽ പ്രധാന പങ്കുവഹിക്കുന്ന ബേപ്പൂർ തുറമുഖത്തെ ക്രെയിനുകളുടെ സുരക്ഷയും പ്രവർത്തനക്ഷമതയും സംബന്ധിച്ച് അപകടം വീണ്ടും ആശങ്ക ഉയർത്തിയിട്ടുണ്ട്.
