ദേശീയ ചെറുകിട മത്സ്യബന്ധന നയരൂപീകരണത്തിൽ പങ്കാളികളായി ലക്ഷദ്വീപിലെ മത്സ്യത്തൊഴിലാളികൾ

കടലിൻറെയും തീരത്തിൻറെയും അവകാശം ദ്വീപിലെ പരമ്പാരാഗത മത്സ്യത്തൊഴിലാളികൾക്ക് നിയമപരമായി നൽകണമെന്നും മത്സ്യമേഖലയുമായി ബന്ധപ്പെട്ട തീരുമാനങ്ങളിൽ ദ്വീപിലെ മത്സ്യത്തൊഴിലാളികളെ നിർബന്ധമായും ഉൾപ്പെടുത്തണമെന്നും   ദേശീയ സമിതിയോട് ആവശ്യപ്പെട്ടു.

കവരത്തി, ഒക്ടോബർ 28: ഇന്ത്യയുടെ സുസ്ഥിര ചെറുകിട സമുദ്ര മത്സ്യബന്ധനത്തിനായുള്ള ദേശീയ കർമപദ്ധതി (National Plan of Action for Small-Scale Fisheries ; NPOA-SSF Marine) രൂപീകരണത്തിന്റെ ഭാഗമായി കവരത്തിയിൽ നടന്ന കൂടിയാലോചനയിൽ ലക്ഷദ്വീപിലെ ഒമ്പത് ദ്വീപുകളിൽ നിന്നുള്ള മത്സ്യത്തൊഴിലാളികൾ തങ്ങളുടെ അനുഭവങ്ങളും ഉപജീവനപ്രശ്നങ്ങളും നിർദേശങ്ങളും പങ്കുവെച്ചു.

ലക്ഷദ്വീപ് ഫിഷറീസ് വകുപ്പ്, ദക്ഷിണ്‍ ഫൗണ്ടേഷൻ, ലക്ഷദ്വീപ് ഫിഷേഴ്സ് അസോസിയേഷൻ (LFA) എന്നിവയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ മത്സ്യത്തൊഴിലാളികൾ, വനിതാ മത്സ്യത്തൊഴിലാളികൾ, ബോട്ട് ഉടമകൾ, മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികൾ, സർക്കാർ ഉദ്യോഗസ്ഥർ, ഗവേഷകർ എന്നിവരടക്കം 45 പേർ പങ്കെടുത്തു. അഗത്തി, കവരത്തി, കടമത്ത്, അമിനി, കൽപ്പേനി, കിൽത്താൻ, ചെത്ത്‌ലത്ത്, ആന്ത്രോത്ത്, മിനിക്കോയ് എന്നീ ദ്വീപുകളിൽ നിന്നുള്ള പ്രതിനിധികളാണ് പങ്കെടുത്തത്.  പ്രതിനിധികൾ ഗ്രൂപ്പ് പ്രവർത്തനങ്ങളിലൂടെ  തങ്ങളുടെ  നിർദ്ദേശങ്ങളും ആശങ്കകളും കണ്ടെത്തലുകളും  അവതരിപ്പിക്കുകയും പൊതുവായ മുൻഗണനകൾ ചർച്ച ചെയ്യുകയും ചെയ്തു.

ലോകത്തിലെ ചെറുകിട മത്സ്യബന്ധനമേഖലയുടെ  സുസ്ഥിരത ഉറപ്പാക്കുന്നതിനായി ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ-കാർഷിക സംഘടന (FAO) മുന്നോട്ടുവെച്ച മാർഗനിർദേശങ്ങളുടെ ( Voluntary Guidelines for Securing Sustainable Small -Scale Fisheries )  അടിസ്ഥാനത്തിൽ കേന്ദ്ര മത്സ്യബന്ധന, മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രാലയത്തിന്റെ കീഴിൽ ബേ ഓഫ് ബംഗാൾ പ്രോഗ്രാം  നേതൃത്വം  നൽകുന്ന  ദേശീയ കർമപദ്ധതി രൂപീകരണത്തിൻറെ  ഭാഗമായാണ് കവരത്തിയിൽ കൂടിയാലോചന സംഘടിപ്പിച്ചത്. ഈ മാർഗനിർദേശങ്ങളെക്കുറിച്ച് അറിയാനും ദേശീയ കർമപദ്ധതി രൂപീകരണത്തിൽ നേരിട്ട് അഭിപ്രായങ്ങൾ പങ്കുവെക്കാനും ഇന്ത്യയിലെ വിവിധ തീരദേശ സംസ്ഥാനങ്ങളിൽ തദ്ദേശീയ മത്സ്യത്തൊഴിലാളി സമൂഹങ്ങളുമായുള്ള കൂടിയാലോചനകൾ കഴിഞ്ഞ രണ്ട് മാസമായി നടന്നുവരികയാണ്.  ഇന്ത്യയിൽ ചെറുകിട -പരമ്പരാഗത മത്സ്യമേഖലയ്ക്കായി പ്രേത്യേക കർമ്മ പദ്ധതി തയ്യാറാക്കുന്നത് ഇതാദ്യമായാണ്.

ദേശീയ  കർമ്മപദ്ധതിയിൽ ചെറുകിട മത്സ്യബന്ധനമേഖലയെ  എങ്ങനെ നിർവചിക്കണം എന്നതായിരുന്നു പ്രധാന ചർച്ചകളിലൊന്ന്. ബോട്ടിന്റെ വലുപ്പമോ എൻജിന്റെ ശേഷിയോ മാത്രം അടിസ്ഥാനമാക്കി മത്സ്യബന്ധനത്തെ തരംതിരിക്കരുതെന്ന് മത്സ്യത്തൊഴിലാളികൾ അഭിപ്രായപ്പെട്ടു. ഉപജീവനത്തിനായുള്ള മത്സ്യബന്ധനത്തിന്റെ പ്രാധാന്യം, പരമ്പരാഗത തൊഴിൽ , ബോട്ടിന്റെ ഉടമസ്ഥാവകാശം, തൊഴിലാളികളുടെ പങ്ക്, മത്സ്യബന്ധന മേഖലകൾ, പ്രാദേശിക രീതികൾ എന്നിവയും പരിഗണിക്കണമെന്ന് ചർച്ചയിൽ പങ്കെടുത്ത പ്രതിനിധികൾ  ആവശ്യപ്പെട്ടു. ലക്ഷദ്വീപിന്റെ സമ്പദ്‌വ്യവസ്ഥയിലും സംസ്കാരത്തിലും പ്രധാന സ്ഥാനമുള്ള പരമ്പരാഗത ലൈവ്‌ബെയ്റ്റ് പോൾ-ആൻഡ്-ലൈൻ ട്യൂണ മത്സ്യബന്ധനത്തിന് ദേശീയ കർമപദ്ധതിയിൽ വ്യക്തമായ അംഗീകാരം നൽകണമെന്നും പങ്കാളികൾ ആവശ്യപ്പെട്ടു. ഹാൻഡ്‌ലൈൻ മത്സ്യബന്ധനം, നീരാളി പിടിത്തം, കാസ്റ്റ് നെറ്റ് ഉപയോഗിച്ചുള്ള മീൻപിടിത്തം, സുസ്ഥിരമായ  ലഗൂൺ മത്സ്യബന്ധനം എന്നിവയും പ്രാദേശിക മീൻപിടിത്ത രീതികളായ വലവിടൽ, കല്ല് മൂടൽ, കോൽ വലിക്കൽ എന്നിവയും പദ്ധതിയിൽ പരിഗണിക്കണമെന്ന നിർദേശമുയർന്നു.

മത്സ്യബന്ധന മേഖലയിലെ സ്ത്രീകളുടെയും മറ്റ് തൊഴിലാളികളുടെയും സംഭാവനകളും ചർച്ചയിൽ ശ്രദ്ധ നേടി. മീൻ വിൽപ്പന, സംസ്കരണം, മസ്മിൻ നിർമാണം, വല നന്നാക്കൽ, മൂല്യവർധിത മത്സ്യ ഉൽപ്പന്നങ്ങളുടെ നിർമാണം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നവരുടെ ഉപജീവനവും പ്രശ്നങ്ങളും ദേശീയ കർമപദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും മത്സ്യത്തൊഴിലാളികൾ  ആവശ്യപ്പെട്ടു.

പരമ്പരാഗത മത്സ്യബന്ധന ഇടങ്ങളിലേക്കുള്ള അവകാശവും പ്രവേശനവും നഷ്ടപ്പെടുന്നത്  പ്രധാന ആശങ്കയായി ചർച്ചകളിൽ ഉയർന്നുവന്നു . ഗ്രൂപ്പ് ചർച്ചകളിലും ‘ആക്സസ് മാട്രിക്സ്’ പ്രവർത്തനത്തിലും പങ്കെടുത്തവർ പരമ്പരാഗത മത്സ്യബന്ധന മേഖലകൾ, ബോട്ടുകൾ കരയ്ക്കടുപ്പിക്കാനും വലിച്ചുകയറ്റാനും ഉപയോഗിക്കുന്ന ബീച്ചുകൾ, മീൻ ഉണക്കുന്ന ഇടങ്ങൾ, വിപണികൾ തുടങ്ങിയവയിലേക്കുള്ള പ്രവേശനത്തിൽ വർധിച്ചുവരുന്ന ബുദ്ധിമുട്ടുകൾ പങ്കുവെച്ചു. ടൂറിസം-വികസന പ്രവർത്തനങ്ങൾ, ഭരണപരമായ നിയന്ത്രണങ്ങൾ, മത്സ്യത്തൊഴിലാളികളുമായി മതിയായ കൂടിയാലോചന നടത്താത്തത് എന്നിവയെ ഇതിന് കാരണങ്ങളായി അവർ ചൂണ്ടിക്കാട്ടി. ഐസ്, ഇന്ധനം, വായ്പ, താമസം, സർക്കാർ പദ്ധതികളുടെ ആനുകൂല്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഉന്നയിക്കപ്പെട്ടു.

പരമ്പരാഗത മത്സ്യബന്ധന ഇടങ്ങൾ സംരക്ഷിക്കുക, പ്രധാന മത്സ്യബന്ധന-ഉപജീവന മേഖലകൾ പങ്കാളിത്തത്തോടെ മാപ്പ് ചെയ്യുക, സർക്കാർ വകുപ്പുകൾ തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്തുക, പുറത്ത് നിന്നുള്ള അനധികൃത മീൻപിടിത്തം നിർത്തലാക്കുക , മത്സ്യത്തൊഴിലാളികളെ  ബാധിക്കുന്ന തീരുമാനങ്ങൾ കൈക്കൊള്ളുന്നതിന് മുമ്പ് മത്സ്യത്തൊഴിലാളികളുമായും  അവരുടെ സംഘടനകളുമായും  കൂടിയാലോചന നടത്തുക, ലക്ഷദ്വീപിലെ മത്സ്യ ഉത്പന്നങ്ങൾക്ക് ജിയോടാഗ്‌, മികച്ച വിപണനം ഉറപ്പാക്കുക  തുടങ്ങിയ നിർദേശങ്ങളും ചർച്ചയിൽ ഉയർന്നു.

പരമ്പരാഗത മത്സ്യബന്ധന രീതികൾക്ക് അംഗീകാരം നൽകുകയും ദ്വീപിലെ  വിവിധ മത്സ്യത്തൊഴിലാളി-അനുബന്ധ തൊഴിലാളി വിഭാഗങ്ങളുടെ ഉപജീവനങ്ങൾ സംരക്ഷിക്കുകയും മത്സ്യബന്ധന വിഭവങ്ങളെയും ഇടങ്ങളെയും സംബന്ധിച്ച തീരുമാനങ്ങളിൽ പ്രാദേശിക സമൂഹങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്യുന്ന പ്രായോഗിക നടപടികളിലേക്ക് ഈ നിർദേശങ്ങൾ മാറേണ്ടതുണ്ടെന്നും മത്സ്യത്തൊഴിലാളി പ്രതിനിധികൾ  അഭിപ്രായപ്പെട്ടു. ഇത്തരത്തിൽ ഒരു കർമപദ്ധതി തയ്യാറാക്കുന്നതിന് മുന്നോടിയായി ദ്വീപിലെ മത്സ്യത്തൊഴിലാളികളുമായി ചർച്ച ചെയ്യുന്നതും ആദ്യമാണെന്ന്  കൂടിയാലോചനയിൽ പങ്കെടുത്ത മത്സ്യത്തൊഴിലാളികൾ  ചൂണ്ടിക്കാട്ടി.

കവരത്തിയിലെ കൂടിയാലോചന യോഗത്തിൻറെ റിപ്പോർട്ട് മത്സ്യത്തൊഴിലാളികളുടെ വിശദമായ അവലോകനത്തിന് ശേഷം ദക്ഷിൺ ഫൗണ്ടേഷൻ ദേശീയ സമിതിയ്ക്കും ഫിഷറീസ് വകുപ്പിനും സമർപ്പിക്കും. ലക്ഷദ്വീപിലെയും ഇന്ത്യയിലെ മറ്റ് തീരദേശ സംസ്ഥാനങ്ങളിലെയും റിപ്പോർട്ടുകൾ സമന്വയിപ്പിച്ച് ഈ വരുന്ന നവംബർ 21 അന്തർദേശീയ മത്സ്യബന്ധന ദിനത്തിൽ ഇന്ത്യയുടെ ചെറുകിട മത്സ്യമേഖലയ്ക്ക് വേണ്ടിയുള്ള കർമ്മപദ്ധതിയുടെ ആദ്യ കരട് രേഖ  പൊതുചർച്ചയ്ക്കായി കേന്ദ്ര ഫിഷറീസ് മന്ത്രാലയം പുറത്തിറക്കും.ലക്ഷദ്വീപിലെ മത്സ്യത്തൊഴിലാളികളുടെ അനുഭവങ്ങളും ആവശ്യങ്ങളും ഇന്ത്യയുടെ ദേശീയ ചെറുകിട മത്സ്യബന്ധന കർമപദ്ധതിയിൽ പ്രതിഫലിപ്പിക്കാനുള്ള സുപ്രധാന അവസരമായാണ് ഈ കൂടിയാലോചന വിലയിരുത്തപ്പെടുന്നത്.

കവരത്തി മൾട്ടിപർപ്പസ് ഹാളിൽ നടന്ന പരിപാടിയിൽ  ലക്ഷദ്വീപ് ഫിഷറീസ്  ഓഫീസർ ജബ്ബാർ ബാങ്കിൽ , ലക്ഷദ്വീപ് ഫിഷേഴ്സ് അസോസിയേഷൻ പ്രതിനിധികൾ അൻവർ, ജംഹർ, ദക്ഷിൺ ഫൗണ്ടേഷനിലെ ഗവേഷകരായ ആർത്തി ശ്രീധർ, മെഹബൂബ് ഖാൻ, കുമാർ സഹായരാജു എന്നിവർ വിഷയാവതരണങ്ങൾ നടത്തി. ഫിഷറീസ് ഡിപ്പാർട്ടമെന്റ് പ്രതിനിധികൾ, ദക്ഷിൺ ഫൗണ്ടേഷൻ ഗവേഷകരായ മീനാക്ഷി , ഷാനിജാ ഷംസുദ്ധീൻ, ഹക്കീമാ ജാസ്മിൻ, മത്സ്യത്തൊഴിലാളി പ്രതിനിധികളായ മുക്ബിൽ, സാദിഖ്, അഹ്സാന,  തുടങ്ങിയവർ ഗ്രൂപ്പ് ചർച്ചകൾക്ക് നേതൃത്വം നൽകി. ദ്വീപിലെ വിദ്യാർത്ഥിനികൾ പരിപാടിയുടെ സഹായികളായി.

Leave a Reply

Your email address will not be published. Required fields are marked *