ഡോ. കെ.പി മുഹമ്മദ് ഖാൻ; നാടിന്റെ മിടിപ്പറിഞ്ഞ ഭിഷഗ്വരൻ



എറണാകുളം മറൈൻ ഡ്രൈവിൽ സുഹൃത്തുക്കളോടൊപ്പം  ഇരിക്കുമ്പോഴാണ് നെഞ്ചു പിളർക്കുന്ന ആ വാർത്ത തേടിയെത്തുന്നത്. അതുവരെ ജീവസ്സുറ്റതായിരുന്ന അന്തരീക്ഷത്തിൽ പെട്ടെന്ന് സങ്കടത്തിന്റെ പെരുങ്കടൽ ഇരമ്പിയാർത്തു. കേട്ടത് അസത്യമാകണേ എന്ന് മനസ്സ് പ്രാർത്ഥിച്ചെങ്കിലും വിധി അതിക്രൂരമായിരുന്നു. പതിറ്റാണ്ടുകളുടെ ഓർമ്മച്ചെപ്പുകൾ ബാക്കിവെച്ച്, നാട്ടുകാർക്ക് തണലായി അരികിലുണ്ടായിരുന്ന പ്രിയപ്പെട്ടൊരാൾ പെട്ടെന്നിറങ്ങിപ്പോയതിന്റെ ആഘാതം ഇനിയും നെഞ്ചിലൊതുങ്ങിയിട്ടില്ല.
കെ.പി. മുഹമ്മദ് ഖാൻ എന്ന ‘മാമ്മാ ഡോക്ടർ’ കേവലം രോഗം മാറ്റുന്ന ഭിഷഗ്വരൻ മാത്രമായിരുന്നില്ല, കിൽത്താൻ ദ്വീപിന്റെ ഹൃദയമിടിപ്പറിഞ്ഞ പ്രിയപ്പെട്ട മനുഷ്യനായിരുന്നു. ആ കൊച്ചു തുരുത്തിൽ നിന്ന് ആദ്യമായി വൈദ്യശാസ്ത്രത്തിൽ ബിരുദം നേടിയ അദ്ദേഹം, മലപ്പുറം കൊളത്തൂരിലും സ്വന്തം നാട്ടിലുമൊക്കെ സാധാരണക്കാരിലൊരാളായി അവരുടെ സങ്കടങ്ങളിൽ ചേന്നുനിന്നു. ഏതു പാതിരാത്രിയിൽ വാതിൽ മുട്ടിയാലും ഒരു പരാതിയും ഭാവിക്കാതെ പുഞ്ചിരിയോടെ അദ്ദേഹം കതകു തുറന്നു. ഔഷധങ്ങളേക്കാൾ രോഗികൾക്ക് സൗഖ്യമേകിയത് അദ്ദേഹത്തിന്റെ കരുതലാർന്ന കരസ്പർശവും പ്രതീക്ഷ നൽകുന്ന വാക്കുകളുമായിരുന്നു.
വലിയ ബോർഡുകളോ കച്ചവട മനോഭാവമോ ഇല്ലാതെ, പണത്തിന്റെ തിളക്കത്തിന് പിന്നാലെ പായാതെ മനുഷ്യരെ ചേർത്തുപിടിച്ച അപൂർവ്വ ജന്മം. സ്ഥിരമായൊരു ജോലി ലഭിച്ചില്ലെങ്കിലും ലഭിച്ച അവസരങ്ങളിലൊക്കെ ലക്ഷദ്വീപിന്റെ ആരോഗ്യ മേഖലയ്ക്കായി അദ്ദേഹം അഹോരാത്രം സേവനമനുഷ്ഠിച്ചു. രാഷ്ട്രീയത്തിന്റെയും സംഘടനകളുടെയും വേലിക്കെട്ടുകൾക്കപ്പുറം നാടിന്റെ ഓരോ നന്മയിലും അദ്ദേഹം മുൻപന്തിയിലുണ്ടായിരുന്നു. പ്രളയക്കെടുതിയിൽ കേരളം വിറങ്ങലിച്ചു നിന്ന ആ ദുരന്തകാലത്ത്, എറണാകുളത്തുണ്ടായിരുന്ന അദ്ദേഹം ആലുവയിലെ ദുരിതാശ്വാസ ക്യാമ്പുകളിലെത്തി നൽകിയ സാന്ത്വന സ്പർശം ആലുവക്കാർ ഒരിക്കലും മറക്കില്ല.
തീവ്രമായ ദൈവവിശ്വാസവും അളവറ്റ മനുഷ്യസ്നേഹവും ഒരുപോലെ സമന്വയിപ്പിച്ച ആ ജീവിതം പൊലിഞ്ഞുപോയപ്പോൾ, കിൽത്താൻ ദ്വീപിന് നഷ്ടമായത് സ്വന്തം തറവാട്ടിലെ ഒരംഗത്തെയാണ്. ഇനി ആ സ്നേഹാർദ്രമായ ഓർമ്മകൾ മാത്രമാണ് നമുക്ക് കൂട്ട്…
പടച്ചവൻ മഗ്ഫിറത്തും, മർഹമത്തും ഏകട്ടെ, സ്വർഗ്ഗത്തിൽ ഉന്നത സ്ഥാനം നൽക്കട്ടെ…

താജുദ്ധീൻ റിസ് വി
(പ്രസിഡന്റ് MJ കിൽത്താൻ)

Leave a Reply

Your email address will not be published. Required fields are marked *