കൊച്ചി: ജനങ്ങളുടെ ആശങ്കകൾക്കും അഭിപ്രായങ്ങൾക്കും പരിഗണന നൽകാതെ പുതിയ നിയന്ത്രണ സംവിധാനം കൊണ്ടുവരാനുള്ള ലക്ഷദ്വീപ് ഭരണകൂടത്തിന്റെ നീക്കത്തിനെതിരെ നിയമപോരാട്ടം നടത്തുമെന്ന് എൻസിപി (ശരത് പവാർ) അറിയിച്ചു.
ലക്ഷദ്വീപിലെ ജനങ്ങളുടെ ഭൂമിയവകാശങ്ങളെയും സ്വത്തവകാശങ്ങളെയും ജനാധിപത്യപരമായ പങ്കാളിത്തത്തെയും ഗൗരവമായി ബാധിക്കുന്നതാണ് ലക്ഷദ്വീപ് ടൗൺ ആൻഡ് കൺട്രി പ്ലാനിങ് ആൻഡ് ഡെവലപ്മെന്റ് റെഗുലേഷൻ എന്ന് പാർട്ടി ചൂണ്ടിക്കാട്ടി.
പുതിയ റെഗുലേഷൻ വിപുലമായ അധികാരങ്ങളാണ് വിഭാവനം ചെയ്യുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ രൂപീകരിക്കുന്ന 19 അംഗ പ്ലാനിങ് ബോർഡിൽ ലക്ഷദ്വീപ് എംപിയെപ്പോലും ഉൾപ്പെടുത്തിയിട്ടില്ല. പ്രാദേശിക ജനപ്രതിനിധികളുടെ ഫലപ്രദമായ പങ്കാളിത്തവും ഉറപ്പാക്കിയിട്ടില്ലെന്നും എൻസിപി കുറ്റപ്പെടുത്തി.
ജനങ്ങളുടെ അഭിപ്രായങ്ങൾ ഗൗരവമായി പരിഗണിക്കണമെന്നും നിയമത്തിലെ വ്യവസ്ഥകൾ സാധാരണക്കാർക്ക് മനസ്സിലാകുന്ന ഭാഷയിൽ വിശദീകരിക്കണമെന്നും എൻസിപി ദേശീയ സെക്രട്ടറി ജനറൽ സി.പി.പി. മുഹമ്മദ് ഫൈസലും സംസ്ഥാന പ്രസിഡന്റ് കോയ അറഫ മിറാജും ആവശ്യപ്പെട്ടു.
ജനങ്ങളുടെ അവകാശങ്ങളെയും ജനാധിപത്യപരമായ പങ്കാളിത്തത്തെയും ബാധിക്കുന്ന നടപടികൾക്കെതിരെ നിയമപരമായ പോരാട്ടം തുടരുമെന്ന നിലപാടും പാർട്ടി വ്യക്തമാക്കി.
