കടമത്ത്: ലക്ഷദ്വീപിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യാപകരുടെയും മറ്റ് ജീവനക്കാരുടെയും കരാർ പുതുക്കാത്തത് വിദ്യാഭ്യാസ മേഖലയെ പ്രതിസന്ധിയിലാക്കുന്നു. കടമത്ത്, ആന്ത്രോത്ത് സർക്കാർ കോളേജുകൾ, ബി.എഡ്. കോളേജ്, മിനിക്കോയ് പോളിടെക്നിക് എന്നിവിടങ്ങളിൽ പ്രിൻസിപ്പൽമാർ ഉൾപ്പെടെയുള്ള അധ്യാപകരുടെ സേവനം അനിശ്ചിതത്വത്തിലായതോടെ പഠനപ്രവർത്തനങ്ങൾ താളംതെറ്റുമെന്ന ആശങ്ക ശക്തമായി. നിയമനവും കരാർ പുതുക്കലും ആവശ്യപ്പെട്ട് ബന്ധപ്പെട്ട അധികൃതർ പലതവണ കവരത്തിയിലേക്ക് ഔദ്യോഗികമായി കത്തയച്ചിട്ടും നടപടിയുണ്ടായിട്ടില്ലെന്നാണ് വിവരം. അടുത്ത മാസം സെമസ്റ്റർ പരീക്ഷകൾ നടക്കാനിരിക്കെ അധ്യാപകരുടെ അഭാവം വിദ്യാർഥികളുടെ പഠനത്തെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയിലാണ് വിദ്യാർഥികളും രക്ഷിതാക്കളും.
പുതിയ കോഴ്സുകളുടെ നടത്തിപ്പിലും സമാനമായ വീഴ്ചകളാണ് പരാതിക്കിടയാക്കുന്നത്. കൗൺസിലിംഗ് പൂർത്തിയാക്കി താൽക്കാലിക പ്രവേശന കത്തുകൾ നൽകിയിട്ട് മൂന്ന് മാസം പിന്നിട്ടിട്ടും പ്രഖ്യാപിച്ച കോഴ്സുകൾ ആരംഭിക്കാൻ ആവശ്യമായ നടപടികൾ പൂർത്തിയായിട്ടില്ല. അധ്യാപകരുടെ ലഭ്യതയും പഠനസൗകര്യങ്ങളും ഉറപ്പാക്കാതെ പ്രവേശന നടപടികൾ നടത്തിയതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നാണ് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആരോപണം. സെമസ്റ്റർ പരീക്ഷകൾ അടുത്തെത്തിയ സാഹചര്യത്തിൽ ഇനി ക്ലാസുകൾ ആരംഭിച്ചാലും വിദ്യാർഥികൾക്ക് ആവശ്യമായ പഠനസമയം ലഭിക്കുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്.
പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ശക്തമായ പ്രതിഷേധത്തിനൊരുങ്ങുകയാണ് വിദ്യാർഥികൾ. അധ്യാപകരുടെ സേവനം ഉടൻ ഉറപ്പാക്കുക, കോളേജുകളുടെ അക്കാദമിക പ്രവർത്തനങ്ങൾ സാധാരണ നിലയിലാക്കുക, പ്രഖ്യാപിച്ച പുതിയ കോഴ്സുകൾ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് അവർ മുന്നോട്ടുവയ്ക്കുന്നത്. വിദ്യാർഥികൾക്ക് പിന്തുണയുമായി രക്ഷിതാക്കളും വിവിധ രാഷ്ട്രീയ പാർട്ടികളും രംഗത്തെത്തിയിട്ടുണ്ട്.
ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടലുണ്ടായില്ലെങ്കിൽ ഡെപ്യൂട്ടി കലക്ടറുടെ ഓഫീസുകൾ ഉപരോധിക്കുന്നതടക്കമുള്ള സമരപരിപാടികളിലേക്ക് നീങ്ങാനാണ് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും തീരുമാനം. തിങ്കളാഴ്ചയ്ക്കകം പ്രശ്നത്തിന് പരിഹാരമുണ്ടായില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു. അധ്യാപക നിയമനത്തിലെ അനിശ്ചിതത്വവും പുതിയ കോഴ്സുകളുടെ ആരംഭത്തിലെ കാലതാമസവും പരിഹരിച്ചില്ലെങ്കിൽ ലക്ഷദ്വീപിലെ ഉന്നതവിദ്യാഭ്യാസ മേഖല കൂടുതൽ ഗുരുതരമായ പ്രതിസന്ധിയിലാകുമെന്നാണ് ആശങ്ക.
