കൊച്ചി: കേന്ദ്രസർക്കാർ കൊണ്ടുവന്ന ലക്ഷദ്വീപ് ടൗൺ ആൻഡ് കൺട്രി പ്ലാനിംഗ് ആൻഡ് ഡെവലപ്‌മെന്റ് റെഗുലേഷൻ, 2026 ദ്വീപ് നിവാസികളുടെ ഭൂമിയുടെയും കിടപ്പാടങ്ങളുടെയും ഭാവി സംബന്ധിച്ച് ഗൗരവമായ ആശങ്കകൾ ഉയർത്തുന്നതാണെന്ന് നാഷണൽ ലീഗ് ലക്ഷദ്വീപ് സ്റ്റേറ്റ് ഇൻ-ചാർജ് സയ്യിദ് ഷബീൽ ഐദ്റൂസി തങ്ങൾ പറഞ്ഞു.
ജൂലൈ 29 മുതൽ പ്രാബല്യത്തിൽ വന്ന പുതിയ റെഗുലേഷനിൽ മാസ്റ്റർ പ്ലാൻ, റീജിയണൽ പ്ലാൻ, ടൗൺ പ്ലാനിംഗ് സ്കീം തുടങ്ങിയവയിലൂടെ ഭൂമിയുടെ ഉപയോഗം പുനഃക്രമീകരിക്കുന്നതിനും വികസന ആവശ്യങ്ങൾക്കായി ഭൂമിയെ വിവിധ ആവശ്യങ്ങൾക്ക് നിർദേശിക്കുന്നതിനുമുള്ള വിപുലമായ വ്യവസ്ഥകളുണ്ട്.
പ്രത്യേകിച്ച് സെക്ഷൻ 88 പ്രകാരം പ്രാഥമിക ടൗൺ പ്ലാനിംഗ് സ്കീം പ്രാബല്യത്തിൽ വന്നാൽ, സ്കീമിന് ആവശ്യമായ ചില ഭൂമികൾ Planning and Development Authority-യിൽ എല്ലാ ബാധ്യതകളിൽ നിന്നും വിമുക്തമായി vest ചെയ്യുന്നതിന് വ്യവസ്ഥയുണ്ട്. അതേസമയം സെക്ഷൻ 90 പ്രകാരം, പ്രാഥമിക ടൗൺ പ്ലാനിംഗ് സ്കീം പ്രകാരം കൈവശം വയ്ക്കാൻ അവകാശമില്ലാത്ത ഭൂമിയിൽ തുടരുന്ന വ്യക്തിയെ നിശ്ചിത നടപടിക്രമപ്രകാരം ഒഴിപ്പിക്കാൻ Planning and Development Authority-ക്ക് അധികാരം നൽകുന്നു.
റോഡുകൾ, തുറസ്സായ സ്ഥലങ്ങൾ, പാർക്കുകൾ, പൊതുസൗകര്യങ്ങൾ, ഭവന മേഖലകൾ, മറ്റ് വികസന ആവശ്യങ്ങൾ എന്നിവയ്ക്കായി ഭൂമിയുടെ വിന്യാസം പുനഃക്രമീകരിക്കുന്നതിനും ടൗൺ പ്ലാനിംഗ് സ്കീമുകൾക്ക് അധികാരം നൽകുന്നുണ്ട്. ഇതിനാൽ തലമുറകളായി ദ്വീപ് നിവാസികൾ കൈവശം വെച്ചുവരുന്ന ഭൂമിയുടെയും വീടുകളുടെയും അവകാശം ഭാവിയിൽ എങ്ങനെയാണ് സംരക്ഷിക്കപ്പെടുക എന്നതിൽ വ്യക്തത അനിവാര്യമാണ്.
വികസനത്തിനും ശാസ്ത്രീയ നഗരാസൂത്രണത്തിനും എതിരല്ല നാഷണൽ ലീഗ്. എന്നാൽ വികസനത്തിന്റെ പേരിൽ ദ്വീപ് നിവാസികളുടെ പരമ്പരാഗത ഭൂമിയവകാശവും കിടപ്പാടവും താമസാവകാശവും ദുർബലപ്പെടുന്ന സാഹചര്യം ഉണ്ടാകരുത്.
അതിനാൽ പുതിയ റെഗുലേഷന്റെ അടിസ്ഥാനത്തിൽ നടപ്പാക്കുന്ന ടൗൺ പ്ലാനിംഗ്, സോണിംഗ്, ലാൻഡ് പൂളിംഗ്, ഭൂമിയുടെ പുനർവിന്യാസം, പൊതുആവശ്യങ്ങൾക്കായുള്ള ഭൂമി നിക്ഷിപ്തമാക്കൽ തുടങ്ങിയ നടപടികളിൽ ദ്വീപ് നിവാസികളുടെ ഭൂമിയവകാശവും കിടപ്പാട സംരക്ഷണവും ഉറപ്പാക്കുന്നതിനുള്ള വ്യക്തമായ സുരക്ഷാ വ്യവസ്ഥകൾ കേന്ദ്രസർക്കാരും ലക്ഷദ്വീപ് ഭരണകൂടവും വ്യക്തമാക്കണമെന്ന് സയ്യിദ് ഷബീൽ ഐദ്റൂസി തങ്ങൾ ആവശ്യപ്പെട്ടു.
ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിച്ചുകൊണ്ടുള്ള സുസ്ഥിര വികസനമാണ് ലക്ഷദ്വീപിന് ആവശ്യം. ദ്വീപ് വികസനത്തിന്റെ പേരിൽ അവിടുത്തെ ജനങ്ങളുടെ പരമ്പരാഗത ഭൂമിയവകാശവും താമസാവകാശവും പ്രതികൂലമായി ബാധിക്കപ്പെടുന്ന സാഹചര്യം ഒരു കാരണവശാലും ഉണ്ടാകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
