കിൽത്താനിൽ അപകടഭീഷണിയുള്ള തെങ്ങുകൾ കണ്ടെത്താൻ പ്രത്യേക സമിതി; മൂന്ന് ദിവസത്തിനകം സർവേ പൂർത്തിയാക്കണം



കിൽത്താൻ: ദ്വീപിലെ റോഡരികിലും സർക്കാർ കെട്ടിടങ്ങളുടെ പരിസരത്തും അപകടഭീഷണി ഉയർത്തുന്ന തെങ്ങുകൾ കണ്ടെത്തി നീക്കം ചെയ്യുന്നതിനുള്ള നടപടികൾ ശക്തമാക്കി ലക്ഷദ്വീപ് ഭരണകൂടം. ഇതിന്റെ ഭാഗമായി കിൽത്താൻ ദ്വീപിൽ അപകടകരമായ തെങ്ങുകൾ തിരിച്ചറിയുന്നതിനായി പ്രത്യേക സമിതി രൂപീകരിച്ച് ഡെപ്യൂട്ടി കളക്ടർ ഉത്തരവിട്ടു.

സെപ്റ്റംബർ 17ന് കിൽത്താൻ ഡെപ്യൂട്ടി കളക്ടർ-കം-സിഇഒ ശശി കുമാർ, DANICS പുറപ്പെടുവിച്ച ഉത്തരവിലാണ് നടപടി. റോഡ് ട്രാൻസ്‌പോർട്ട് ഡയറക്ടറുടെ 2026 മാർച്ച് 22ലെ ഉത്തരവ് പ്രകാരം ഇതുവരെ കിൽത്താനിൽ 172 തെങ്ങുകൾ തിരിച്ചറിഞ്ഞതായി ഉത്തരവിൽ പറയുന്നു.

എന്നാൽ സെപ്റ്റംബർ 17ന് UTLAയിലെ മുതിർന്ന ഉദ്യോഗസ്ഥർ നടത്തിയ സന്ദർശനത്തിൽ പൊതുജനങ്ങൾക്കും സർക്കാർ കെട്ടിടങ്ങൾക്കും അപകടം സൃഷ്ടിക്കാവുന്ന നിരവധി തെങ്ങുകൾ ഇനിയും നിലനിൽക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് കൂടുതൽ വിശദമായ പരിശോധനയ്ക്ക് നിർദേശം നൽകിയത്.

റോഡരികിലും സർക്കാർ കെട്ടിടങ്ങളുടെ വളപ്പിലും സർക്കാർ കെട്ടിടങ്ങൾക്ക് സമീപവും നിൽക്കുന്ന, വീണാൽ സർക്കാർ സ്വത്തിനോ കെട്ടിടങ്ങൾക്കോ നാശനഷ്ടം ഉണ്ടാകാൻ സാധ്യതയുള്ള എല്ലാ അപകടകരമായ തെങ്ങുകളും തിരിച്ചറിയണമെന്ന് സമിതിക്ക് നിർദേശം നൽകി.

ഉത്തരവ് പുറപ്പെടുവിച്ച തീയതി മുതൽ മൂന്ന് ദിവസത്തിനകം സർവേ പൂർത്തിയാക്കി ആവശ്യമായ നടപടികൾക്കായി റിപ്പോർട്ട് നൽകണമെന്നും സമിതി അംഗങ്ങളോട് നിർദേശിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *