കവരത്തി: കവരത്തിയിൽ പണി നടന്നുകൊണ്ടിരിക്കുന്ന കെട്ടിടം പൊളിച്ചുനീക്കാനുള്ള ലക്ഷദ്വീപ് ഭരണകൂടത്തിന്റെ നീക്കം തടഞ്ഞു. കവരത്തി പോലീസ് സ്റ്റേഷന്റെ തെക്കുഭാഗത്ത് ഹബീബ് എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള നിർമാണത്തിലിരിക്കുന്ന കെട്ടിടമാണ് ഇന്ന് രാവിലെ പൊളിക്കാൻ ഉദ്യോഗസ്ഥർ എത്തിയത്.
കവരത്തി ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തിയപ്പോഴാണ് എൻസിപി–എസ്പി സംസ്ഥാന പ്രസിഡന്റ് അഡ്വ. അറഫാ മിറാജിന്റെ നേതൃത്വത്തിൽ പ്രവർത്തകർ ഇടപെട്ടത്. കെട്ടിടം പൊളിക്കുന്നതിനുള്ള ഔദ്യോഗിക ഉത്തരവ് ഹാജരാക്കാതെയാണ് ഉദ്യോഗസ്ഥർ നടപടിക്കെത്തിയതെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം.
പൊളിക്കൽ ഉത്തരവ് രേഖാമൂലം ഹാജരാക്കാതെ കെട്ടിടം പൊളിക്കാൻ അനുവദിക്കില്ലെന്നും, നടപടി തുടരണമെങ്കിൽ ജില്ലാ കളക്ടർ നേരിട്ട് സംസാരിക്കണമെന്നും അറഫാ മിറാജിന്റെ നേതൃത്വത്തിലുള്ള സംഘം ആവശ്യപ്പെട്ടു.
ഉദ്യോഗസ്ഥർക്ക് ആവശ്യമായ രേഖകൾ ഹാജരാക്കാൻ കഴിയാത്ത സാഹചര്യത്തിൽ സ്ഥലത്ത് തർക്കാവസ്ഥ രൂപപ്പെട്ടതിനെ തുടർന്ന് പൊളിക്കൽ നടപടിയിൽ നിന്ന് ഉദ്യോഗസ്ഥരും പോലീസും പിന്മാറുകയായിരുന്നു.
കെട്ടിടത്തിനെതിരെ ഭരണകൂടം സ്വീകരിച്ച നടപടിയുടെ നിയമപരമായ അടിസ്ഥാനവും ബന്ധപ്പെട്ട ഉത്തരവുകളും പുറത്തുവിടണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
