അഗത്തി: നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്ന പ്രദേശങ്ങളിലേക്ക് നൽകിയ താൽക്കാലിക വൈദ്യുതി കണക്ഷനുകൾ വിച്ഛേദിക്കാൻ നൽകിയ വാക്കാലുള്ള നിർദ്ദേശം രേഖാമൂലം നൽകണമെന്ന് ആവശ്യപ്പെട്ട അഗത്തി ദ്വീപ് ജൂനിയർ എഞ്ചിനീയർ എൻ. നല്ലകോയയെ മിനിക്കോയിയിലേക്ക് സ്ഥലംമാറ്റി. ഞായറാഴ്ച അവധി ദിവസത്തിലാണ് വൈദ്യുതി വകുപ്പ് സ്ഥലംമാറ്റ ഉത്തരവ് പുറപ്പെടുവിച്ചത്.
അഗത്തി ഡെപ്യൂട്ടി കളക്ടർ മന്ദീപ് പൂനിയ (DANICS) അഗത്തി തെക്ക് ഭാഗത്തെ, പി.പി. ജംഗ്ഷൻ മുതൽ തെക്കോട്ടുള്ള നിർമ്മാണ സൈറ്റുകളിൽ നൽകിയിട്ടുള്ള താൽക്കാലിക വൈദ്യുതി കണക്ഷനുകൾ വിച്ഛേദിക്കാൻ വാക്കാൽ നിർദ്ദേശം നൽകിയതായാണ് വിവരം. എന്നാൽ ഈ നിർദ്ദേശം നടപ്പാക്കുന്നതിന് മുമ്പ് ഔദ്യോഗികമായി റിട്ടൺ ഉത്തരവ് ആവശ്യപ്പെടുകയായിരുന്നു ജൂനിയർ എഞ്ചിനീയർ എൻ. നല്ലകോയ.
വാക്കാൽ ലഭിച്ച നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ വൈദ്യുതി കണക്ഷനുകൾ വിച്ഛേദിച്ചാൽ ആളുകൾ കേസിനു പോവുകയും അതിനെ തുടർന്ന് നിയമപരമായ ഉത്തരവാദിത്തവും നടപടികളും നേരിടേണ്ടിവരാൻ സാധ്യതയുണ്ടെന്നായിരുന്നു JEയുടെ നിലപാട്. കണക്ഷൻ വിച്ഛേദിക്കാൻ അധികാരപ്പെട്ട ഉദ്യോഗസ്ഥന്റെ വ്യക്തമായ റിട്ടൺ ഉത്തരവ് ലഭിച്ചാൽ ഉടൻ തന്നെ നടപടി സ്വീകരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കിയതായാണ് വിവരം.
വാക്കാലുള്ള നിർദ്ദേശം പാലിക്കാതെ റിട്ടൺ ഉത്തരവ് ആവശ്യപ്പെട്ട സംഭവം കവരത്തിയിലെ ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടതിനു പിന്നാലെയാണ് സ്ഥലംമാറ്റ ഉത്തരവ് വന്നതെന്നാണ് ലഭിക്കുന്ന വിവരം.
ഇലക്ട്രിസിറ്റി ഡിപ്പാർട്ട്‌മെന്റ് സെക്രട്ടറി (പവർ) സോമശേഖർ അപ്പാറാവു കൊട്ടാരു (IAS) ആണ് എൻ. നല്ലകോയയെ മിനിക്കോയിയിലേക്ക് സ്ഥലംമാറ്റിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ഭരണപരമായ കാരണങ്ങളും പൊതുതാൽപര്യവും പരിഗണിച്ചാണ് സ്ഥലംമാറ്റമെന്നാണ് ഉത്തരവിലെ ഔദ്യോഗിക വിശദീകരണം.
ലക്ഷദ്വീപിലെ നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾക്കെതിരെ നാട്ടുകാർ കോടതിയെ സമീപിക്കുകയും കോടതി ഉത്തരവുകളുടെ അടിസ്ഥാനത്തിൽ ചില നിർമ്മാണ പ്രവർത്തനങ്ങൾ തുടരുകയും ചെയ്ത സാഹചര്യത്തിലാണ് താൽക്കാലിക വൈദ്യുതി കണക്ഷനുകൾ വിച്ഛേദിക്കാനുള്ള നിർദ്ദേശം ഉണ്ടായതെന്നാണ് വിവരം.
അതേസമയം, വാക്കാലുള്ള നിർദ്ദേശം നടപ്പാക്കാൻ വിസമ്മതിച്ചതിന് പിന്നാലെ അവധി ദിവസത്തിൽ തന്നെ വളരെ ദൂരെയുള്ള മിനിക്കോയിയിലേക്ക് സ്ഥലംമാറ്റം നടത്തിയ നടപടി ചർച്ചയായിട്ടുണ്ട്. സംഭവത്തിൽ അമിതാധികാര പ്രയോഗം നടന്നിട്ടുണ്ടോയെന്നതും ചോദ്യമുയർത്തുന്നുണ്ട്. ജനങ്ങളുമായി ബന്ധപ്പെട്ട വൈദ്യുതി പ്രശ്നങ്ങളിൽ വേഗത്തിലും കൃത്യതയോടെയും ഇടപെട്ടിരുന്ന ഉദ്യോഗസ്ഥനായിരുന്നു എൻ. നല്ലകോയയെന്നും അദ്ദേഹത്തിന്റെ സ്ഥലംമാറ്റം അഗത്തിയിലെ ജനങ്ങൾക്കിടയിലും ചർച്ചയായിട്ടുണ്ടെന്നും വിവരമുണ്ട്.
