അഗത്തി: ഔദ്യോഗിക ആവശ്യങ്ങൾക്കായി ഡെപ്യൂട്ടി കലക്ടർ (ഡിസി) ഓഫീസിൽനിന്ന് ജീവനക്കാർക്ക് ലഭിക്കുന്ന ഫോൺ വിളികൾ കൃത്യമായി സ്വീകരിക്കണമെന്ന് നിർദേശം. വിളി സ്വീകരിക്കാൻ കഴിയാത്ത സാഹചര്യമുണ്ടെങ്കിൽ 10 മിനിറ്റിനകം തിരിച്ചുവിളിക്കുകയോ ഉചിതമായ സന്ദേശം നൽകുകയോ വേണം.
അഗത്തി ദ്വീപിലെ ഡെപ്യൂട്ടി കലക്ടർ ഓഫീസ് സെപ്റ്റംബർ 10ന് പുറത്തിറക്കിയ ഓഫീസ് ഉത്തരവിലാണ് നിർദേശം. ഔദ്യോഗിക കാര്യങ്ങളുമായി ബന്ധപ്പെട്ട ഫോൺ വിളികൾ ജീവനക്കാർ എല്ലായ്പ്പോഴും സമയബന്ധിതമായി സ്വീകരിക്കുന്നില്ലെന്ന് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി.
ഒഴിവാക്കാനാകാത്ത കാരണങ്ങളാൽ ഫോൺ എടുക്കാൻ കഴിയാത്ത ജീവനക്കാർ 10 മിനിറ്റിനുള്ളിൽ തിരിച്ചുവിളിക്കുകയോ സന്ദേശം നൽകുകയോ ചെയ്യണം. സാധുവായ കാരണമില്ലാതെ ഔദ്യോഗിക ഫോൺ വിളി സ്വീകരിക്കാതിരിക്കുന്നതും നിശ്ചിത സമയത്തിനുള്ളിൽ തിരിച്ചുപ്രതികരിക്കാതിരിക്കുന്നതും ഗൗരവമായി കാണുമെന്നും ഉചിതമായ നടപടി സ്വീകരിക്കുമെന്നും ഉത്തരവിൽ മുന്നറിയിപ്പ് നൽകി.
അഗത്തിയിലെ എല്ലാ സ്ഥാപന മേധാവികളും ഉത്തരവ് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുത്തണമെന്നും നിർദേശിച്ചിട്ടുണ്ട്.
കടപ്പാട് : Misrav Lakshadweep

അംഗീകരിക്കുന്നു.