ഉപരാഷ്ട്രപതിയുടെ ലക്ഷദ്വീപ് സന്ദർശനം: ഭരണകൂടത്തിനെതിരെ അവകാശലംഘന നോട്ടീസ് നൽകി ഹംദുള്ള സഈദ് എംപി



കവരത്തി: ഉപരാഷ്ട്രപതി ലക്ഷദ്വീപ് സന്ദർശിച്ച ഔദ്യോഗിക പരിപാടിയിൽ തന്നെ ക്ഷണിക്കുകയോ പരിപാടിയുടെ വിവരങ്ങൾ ഔദ്യോഗികമായി അറിയിക്കുകയോ ചെയ്തില്ലെന്നാരോപിച്ച് ലക്ഷദ്വീപ് ലോക്സഭാംഗം ഹംദുള്ള സഈദ് എംപി അവകാശലംഘന നോട്ടീസ് നൽകി.

സെപ്റ്റംബർ 4ന് ലോക്സഭാ പ്രിവിലേജസ് കമ്മിറ്റി ചെയർമാൻ രവി ശങ്കർ പ്രസാദിന് നൽകിയ കത്തിലാണ് എംപി പരാതി ഉന്നയിച്ചിരിക്കുന്നത്. ഓഗസ്റ്റ് 31ന് അഗത്തിയിൽ നടന്ന ഉപരാഷ്ട്രപതിയുടെ പരിപാടിയിൽ തനിക്ക് ക്ഷണമോ പരിപാടിയുടെ സമയക്രമം, പ്രോട്ടോക്കോൾ ക്രമീകരണങ്ങൾ തുടങ്ങിയവ സംബന്ധിച്ച ഔദ്യോഗിക അറിയിപ്പുകളോ ലക്ഷദ്വീപ് ഭരണകൂടത്തിൽ നിന്ന് ലഭിച്ചില്ലെന്നാണ് ഹംദുള്ള സഈദ് പറയുന്നത്.

ഓഗസ്റ്റ് 27ന് ഉപരാഷ്ട്രപതി സെക്രട്ടേറിയറ്റിലെ ഫങ്ഷൻ സെല്ലിൽ നിന്ന് ലഭിച്ച ഇ-മെയിൽ മാത്രമാണ് തനിക്ക് ലഭിച്ച ഔദ്യോഗിക അറിയിപ്പെന്നും കത്തിൽ വ്യക്തമാക്കുന്നു. കേന്ദ്ര ഫിഷറീസ് മന്ത്രാലയത്തിന്റെ ഔട്ട്‌റീച്ച് പരിപാടിയുമായി ബന്ധപ്പെട്ടാണ് ഉപരാഷ്ട്രപതി ലക്ഷദ്വീപ് സന്ദർശിക്കുന്നതെന്ന് മാത്രമാണ് ആ ഇ-മെയിലിലൂടെ അറിയിച്ചതെന്നും അദ്ദേഹം പറയുന്നു.

ലക്ഷദ്വീപിലെ തിരഞ്ഞെടുക്കപ്പെട്ട ലോക്സഭാ പ്രതിനിധിയെ ഭരണഘടനാപരമായ ഉന്നത പദവി വഹിക്കുന്ന വ്യക്തിയുടെ ഔദ്യോഗിക പരിപാടിയിൽ നിന്ന് ഒഴിവാക്കുന്നത് പാർലമെന്ററി-ജനാധിപത്യ മര്യാദകളുടെ ഗുരുതരമായ അവഗണനയാണെന്ന് ഹംദുള്ള സഈദ് ചൂണ്ടിക്കാട്ടി.

സംഭവം അവകാശലംഘനമായി പരിഗണിച്ച് പ്രിവിലേജസ് കമ്മിറ്റിക്ക് കൈമാറണമെന്നും, പരിപാടിയുമായി ബന്ധപ്പെട്ട കത്തിടപാടുകൾ, ക്ഷണപ്പട്ടിക, പ്രോട്ടോക്കോൾ ക്രമീകരണങ്ങൾ തുടങ്ങിയ രേഖകൾ സഹിതം ബന്ധപ്പെട്ട ലക്ഷദ്വീപ് ഭരണകൂട ഉദ്യോഗസ്ഥരോട് വിശദീകരണം തേടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *