LSA കേന്ദ്രനേതൃത്വം ഡൽഹിയിലേക്ക്

കവരത്തി: ലക്ഷദ്വീപിൽ 2,500-ലധികം സ്ഥിരതസ്തികകൾ വർഷങ്ങളായി ഒഴിഞ്ഞുകിടക്കുമ്പോഴും നിയമനനടപടികൾ ആരംഭിക്കാത്തതിനെതിരെയും, കേന്ദ്ര സിവിൽ സർവീസ് ചട്ടങ്ങളിലെ 56(J) വ്യവസ്ഥ ദുരുപയോഗം ചെയ്ത് സർക്കാർ ജീവനക്കാരെ കൂട്ടത്തോടെ സർവീസിൽ നിന്ന് പിരിച്ചുവിടുന്നതായി ആരോപിക്കപ്പെടുന്ന നടപടിക്കെതിരെയും Lakshadweep Students Association (LSA) കേന്ദ്രനേതൃത്വം ഡൽഹിയിലേക്ക് തിരിച്ചു.

ലക്ഷദ്വീപ് ജനത നിലവിൽ നേരിടുന്ന വിവിധ ഭരണപരവും സാമൂഹികവും തൊഴിൽപരവുമായ പ്രശ്നങ്ങൾക്ക് കേന്ദ്രസർക്കാരിന്റെ ശ്രദ്ധ ക്ഷണിക്കുകയും ബന്ധപ്പെട്ട മന്ത്രാലയങ്ങളിലെയും ജനപ്രതിനിധികളിലെയും ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി വിഷയങ്ങളിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെടുകയും ചെയ്യുക എന്നതാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യമെന്ന് LSA അറിയിച്ചു.

ദ്വീപിലെ യുവാക്കൾക്ക് സർക്കാർ മേഖലയിൽ തൊഴിൽ അവസരങ്ങൾ ഉറപ്പാക്കുന്നതിനായി ഒഴിവുള്ള സ്ഥിരതസ്തികകളിൽ എത്രയും വേഗം നിയമനം നടത്തണമെന്നും, 56(J) വ്യവസ്ഥയുടെ പേരിൽ ജീവനക്കാരെ പിരിച്ചുവിടുന്ന നടപടികൾ അവസാനിപ്പിക്കണമെന്നും LSA ആവശ്യപ്പെട്ടു.

ഇതിനുപുറമെ ലക്ഷദ്വീപ് ജനതയെ ബാധിക്കുന്ന മറ്റ് വിവിധ വിഷയങ്ങളും കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും, അവയ്ക്ക് ശാശ്വത പരിഹാരം കണ്ടെത്തുന്നതിനായി ആവശ്യമായ ഇടപെടലുകൾ നടത്തുമെന്നും സംഘടന വ്യക്തമാക്കി.