കവരത്തി: ലക്ഷദ്വീപിലെ സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളേജുകളായ കടമത്തും അന്ത്രോത്തും 2026–27 അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികളിൽ നിന്ന് ചില പ്രധാന കോഴ്സുകൾ ഒഴിവാക്കിയ നടപടിയിൽ ആശങ്ക രേഖപ്പെടുത്തി ലക്ഷദ്വീപ് എം.പിയും ലക്ഷദ്വീപ് പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമായ അഡ്വ. എം. ഹംദുള്ള സഈദ് വിദ്യാഭ്യാസ സെക്രട്ടറി അവനീഷ് കുമാർ IAS-ന് കത്തയച്ചു.
കടമത്ത് ഗവൺമെന്റ് കോളേജിൽ നടത്തിയിരുന്ന B.Voc Software Development, B.Voc Tourism & Service Industry, D.Voc Catering & Hospitality എന്നീ തൊഴിൽാധിഷ്ഠിത കോഴ്സുകളും, അന്ത്രോത്ത് ഗവൺമെന്റ് കോളേജിലെ B.A Political Science കോഴ്സും പ്രവേശന പട്ടികയിൽ നിന്ന് ഒഴിവാക്കിയതായാണ് എം.പി ചൂണ്ടിക്കാട്ടുന്നത്.
ജൂലൈ 9-ന് രാവിലെ കേന്ദ്രീകൃത അഡ്മിഷൻ കൗൺസിലിംഗ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് ഇത്തരമൊരു നിർണായക തീരുമാനം അറിയിച്ചതെന്നും, ഇത് വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും വലിയ ആശങ്കയും ആശയക്കുഴപ്പവും സൃഷ്ടിച്ചിട്ടുണ്ടെന്നും കത്തിൽ പറയുന്നു.
2021 മുതൽ വിജയകരമായി നടപ്പിലാക്കി വരുന്ന തൊഴിലധിഷ്ഠിത കോഴ്സുകളിലൂടെ പഠനം പൂർത്തിയാക്കിയ നിരവധി വിദ്യാർത്ഥികൾ തൊഴിൽ നേടിയിട്ടുണ്ടെന്നും, അതിനാൽ ഈ കോഴ്സുകൾക്ക് വലിയ പ്രസക്തിയുണ്ടെന്നും എം.പി ചൂണ്ടിക്കാട്ടി. അതുപോലെ അന്ത്രോത്ത് കോളേജിലെ ബി.എ പൊളിറ്റിക്കൽ സയൻസ് കോഴ്സ് എല്ലാ വർഷവും വിദ്യാർത്ഥികളുടെ മികച്ച പ്രതികരണം നേടിയിരുന്ന കോഴ്സുകളിൽ ഒന്നാണെന്നും അദ്ദേഹം വ്യക്തമാക്കി.
വിദ്യാർത്ഥികളുടെ താൽപര്യവും പൊതുതാൽപര്യവും കണക്കിലെടുത്ത് പിൻവലിച്ച കോഴ്സുകൾ ഉടൻ പുനഃസ്ഥാപിക്കുകയോ, അതിന് സമാനമായ അക്കാദമികവും തൊഴിൽസാധ്യതയും നൽകുന്ന മറ്റ് കോഴ്സുകൾ വൈകാതെ ആരംഭിക്കുകയോ ചെയ്യണമെന്ന് എം.പി ആവശ്യപ്പെട്ടു.
കൂടാതെ, കോഴ്സുകൾ പുനഃസ്ഥാപിച്ചതിന് ശേഷമോ പകരം കോഴ്സുകൾ പ്രഖ്യാപിച്ചതിന് ശേഷമോ മാത്രമേ പ്രവേശന കൗൺസിലിംഗ് വീണ്ടും നടത്താവൂ എന്നും, എല്ലാ വിദ്യാർത്ഥികൾക്കും തുല്യ അവസരം ഉറപ്പാക്കുന്നതിനായി നിലവിലെ അഡ്മിഷൻ നടപടികൾ പുനഃക്രമീകരിക്കണമെന്നും അദ്ദേഹം വിദ്യാഭ്യാസ സെക്രട്ടറിയോട് അഭ്യർഥിച്ചു.
ലക്ഷദ്വീപിലെ ഉന്നത വിദ്യാഭ്യാസ മേഖലയുടെയും വിദ്യാർത്ഥികളുടെ ഭാവിയുടെയും താൽപര്യം മുൻനിർത്തി വിഷയത്തിൽ അടിയന്തരവും അനുകൂലവുമായ നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷയും എം.പി കത്തിൽ രേഖപ്പെടുത്തി.
