ലക്ഷദ്വീപിൽ വീണ്ടും പിരിച്ചുവിടൽ; സൂപ്രണ്ട്, സ്റ്റെനോഗ്രാഫർമാരായ 10 പേരെ പെൻഷൻ നൽകി വിട്ടയച്ചു

കവരത്തി: വിവാദ നടപടികളുമായി മുന്നോട്ടുപോകുന്ന ലക്ഷദ്വീപ് ഭരണകൂടം ഇന്ന് 10 പേരെക്കൂടി നിർബന്ധിത പെൻഷൻ നൽകി പിരിച്ചുവിട്ടു. സൂപ്രണ്ട്, ജൂനിയർ അക്കൗണ്ട്സ് ഓഫീസർ, സ്റ്റെനോഗ്രാഫർ തസ്തികകളിൽ ജോലി ചെയ്യുന്ന എ. ജമീലാബി, എസ്.വി. ഖലീൽ, എം.സി. കുഞ്ഞി, നസീമാബി കെ.പി., പി.പി. ശൗക്കത്തലി, പി.വി.പി. മുഹ്സിൻ, പി.എ. അബ്ദുൽ ഹമീദ്, എൻ. ഹൈദർ, ബി. ബദറുദ്ദീൻ, കെ.കെ. മൂസ എന്നിവരെയാണ് ഇന്ന് പിരിച്ചുവിട്ടിരിക്കുന്നത്.
ഇവർ സർവീസിൽ തുടരുന്നത് പബ്ലിക് ഇൻട്രസ്റ്റിന് (പൊതുജന താല്പര്യത്തിന്) എതിരാണെന്ന് റിവ്യൂ കമ്മിറ്റി വിലയിരുത്തി എന്ന് പറഞ്ഞാണ് ഫണ്ടമെന്റൽ റൂൾ 56(ജെ), റൂൾ 42 ഓഫ് സി.സി.എസ്. പെൻഷൻ റൂൾ 2021 പ്രകാരം ഇവരെ പെൻഷൻ നൽകി പിരിച്ചുവിട്ടിരിക്കുന്നത്. സർവീസ് കാലയളവിൽ ഒരിക്കൽ പോലും ഒരു കൃത്യവിലോപമോ വീഴ്ചയോ വരുത്താത്തവരും ഒരു മെമ്മോ പോലും കൈപ്പറ്റേണ്ടി വന്നിട്ടില്ലാത്തവരുമായ ഉദ്യോഗസ്ഥന്മാരെ ഒക്കെയാണ് പൊതുജന താല്പര്യം എന്ന് പറഞ്ഞ് സർവീസിൽ നിന്നും ഒഴിവാക്കുന്നത്.
കഴിഞ്ഞ രണ്ടാം തീയ്യതി 47 പേരെയാണ് ഇങ്ങനെ പിരിച്ചുവിട്ടിരുന്നത്. സ്പെഷ്യൽ സെക്രട്ടറി പത്മാകർ റാം ത്രിപാഠിയാണ് ഉത്തരവ് നൽകിയിരിക്കുന്നത്. ഉദ്യോഗസ്ഥ മേലാളന്മാരുടെ ഏകപക്ഷീയവും ജനദ്രോഹപരവുമായ ഇത്തരം നടപടികൾക്കെതിരെയുള്ള രോഷം ജനങ്ങൾക്കിടയിൽ ഉയർന്നുകൊണ്ടിരിക്കുകയാണ്. ദ്വീപുകാരെ സാമ്പത്തികമായി തകർക്കുന്നതാണ് ഈ നടപടികൾ ഒക്കെയും.