കൊച്ചി: ലക്ഷദ്വീപിലെ മത്സ്യമേഖലയെ ആധുനികവത്കരിച്ച് വൻതോതിൽ വികസിപ്പിക്കുന്നതിനായി സമഗ്ര മത്സ്യ വികസന മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ കേന്ദ്ര സർക്കാർ നടപടികൾ ആരംഭിച്ചു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്തിന്റെ സമുദ്രമത്സ്യ ഉൽപാദനം ₹50,000 കോടിയായി ഉയർത്തുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
പദ്ധതിയുടെ ഭാഗമായി പുതിയ മത്സ്യബന്ധന തുറമുഖങ്ങൾ, കടൽച്ചുറ്റുപാടിന്റെ വികസനം, വ്യാപകമായ മത്സ്യകൃഷി, കടൽപ്പായൽ കൃഷി, അലങ്കാര മത്സ്യകൃഷി, സമുദ്ര ജൈവവിഭവങ്ങളുടെ പ്രയോജനപ്പെടുത്തൽ തുടങ്ങിയ മേഖലകൾക്ക് പ്രത്യേക പ്രാധാന്യം നൽകും. മത്സ്യബന്ധന മേഖലയെ കൂടുതൽ സുസ്ഥിരവും വരുമാനദായകവുമാക്കുന്നതിനുള്ള വിവിധ പദ്ധതികളും മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തും.
സമുദ്രമത്സ്യ തൊഴിലാളികളുടെ ഉപജീവനവും വരുമാനവും മെച്ചപ്പെടുത്തുന്നതിനൊപ്പം മത്സ്യ സംസ്‌കരണ ശാലകൾ, കോൾഡ് ചെയിൻ സൗകര്യങ്ങൾ, വിതരണ ശൃംഖലകൾ എന്നിവയും ശക്തിപ്പെടുത്തും. തുറമുഖ അടിസ്ഥാനസൗകര്യ വികസനത്തിനും പ്രത്യേക പരിഗണന നൽകും.
മത്സ്യബന്ധന ബോട്ടുകൾക്ക് സ്പോർട്സ് ഫിഷിങ്, വിനോദ മത്സ്യബന്ധനം തുടങ്ങിയ മേഖലകളിലേക്കും അവസരങ്ങൾ ഒരുക്കുന്ന പദ്ധതികളും ഉൾപ്പെടുത്തിയിട്ടുണ്ട്. മത്സ്യബന്ധന ബോട്ടുകൾക്ക് 24 മീറ്റർ വരെ നീളത്തിൽ നിർമ്മാണാനുമതി നൽകുന്നതിനും പരിഗണനയുണ്ട്.
ലക്ഷദ്വീപ് ഫിഷറീസ് സെക്ടറുമായി ബന്ധപ്പെട്ട രാജ് തിലക് യോഗം ഉദ്ഘാടനം ചെയ്തു. സി.ഐ.എഫ്.എൻ.ഇ. ഡയറക്ടർ ഡോ. ഗ്രീൻസൺ ജോർജ് അധ്യക്ഷത വഹിച്ചു. കേന്ദ്ര ഫിഷറീസ് വകുപ്പ് അഡീഷണൽ കമ്മീഷണർ ഡോ. മുഹമ്മദ് കോയ, എൻ.എഫ്‍.ഡി.ബി. സീനിയർ എക്സിക്യൂട്ടീവ് ഡോ. കാജി താരഖ് തുഡുങ്കിയവർ സംസാരിച്ചു.
കടപ്പാട്— മലയാള മനോരമ
