ലക്ഷദ്വീപിലേക്ക് കഞ്ചാവ് കടത്താൻ ശ്രമിച്ച യുവാവ് എക്സൈസ് പിടിയിൽ

കൊച്ചി: കൊച്ചിയിൽ നിന്ന് ലക്ഷദ്വീപിലേക്ക് കപ്പൽ മാർഗ്ഗം യാത്ര ചെയ്യാനെത്തിയ യുവാവിനെ കഞ്ചാവുമായി സി.ഐ.എസ്.എഫ് (CISF) പിടികൂടി. കൊച്ചിയിലെ ലക്ഷദ്വീപ് പാസഞ്ചർ എംബാർക്കേഷൻ സെന്ററിൽ വ്യാഴാഴ്ച രാവിലെ 12 മണിയോടെയാണ് സംഭവം. കിൽത്താൻ ദ്വീപിലേക്ക് പോകാനായി ‘എം.വി കോറൽ’ കപ്പലിൽ യാത്ര ചെയ്യാനെത്തിയ മുഹമ്മദ് സുലൈമാൻ (25) എന്ന യാത്രക്കാരനാണ് പിടിയിലായത്.

എംബാർക്കേഷൻ സെന്ററിൽ സി.ഐ.എസ്.എഫിന്റെ ബാഗേജ് സ്കാനിംഗിനിടെയാണ് മുഹമ്മദ് സുലൈമാന്റെ ലഗേജിൽ സംശയാസ്പദമായ വസ്‌തുക്കൾ കണ്ടെത്തിയത്. തുടർന്ന് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർ ബാഗ് വിശദമായി പരിശോധിച്ചപ്പോൾ, ഉള്ളിൽ ഒളിപ്പിച്ച നിലയിൽ ഏകദേശം 400 ഗ്രാം ഉണക്കിയ കഞ്ചാവ് കണ്ടെത്തുകയായിരുന്നു.
പിടികൂടിയ 400 ഗ്രാം കഞ്ചാവും പ്രതിയുടെ ആധാർ കാർഡ് ഉൾപ്പെടെയുള്ള രേഖകളും തുടർ നടപടികൾക്കായി മട്ടാഞ്ചേരി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർക്ക് കൈമാറി.

പ്രതിയുടെ ലഹരി ഇടപാടുകളെക്കുറിച്ചും ഇതിന് പിന്നിലെ വിതരണ ശൃംഖലയെക്കുറിച്ചും സമഗ്രമായ അന്വേഷണമാണ് എക്സൈസ് സംഘം ലക്ഷ്യമിടുന്നത്. കൊച്ചിയിൽ വെച്ചാണ് ലഹരിമരുന്ന് വാങ്ങിയതെന്ന് പ്രാഥമിക വിവരമുണ്ടെങ്കിലും, ഇത് ആരിൽ നിന്നാണ് ലഭിച്ചതെന്ന കാര്യം പ്രതി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. പ്രതിയുടെ ഫോൺ രേഖകൾ (CDR) പരിശോധിച്ചു വരികയാണ്. ലക്ഷദ്വീപിലെ വിവിധ ദ്വീപുകളിലേക്ക് വിതരണം ചെയ്യാനാണോ അതോ സ്വന്തം ഉപയോഗത്തിനാണോ കഞ്ചാവ് എത്തിച്ചതെന്ന് എക്സൈസ് സംഘം അന്വേഷിക്കുന്നു. ഇയാൾ ഇതിന് മുൻപും ലഹരിക്കടത്തിൽ ഏർപ്പെട്ടിട്ടുണ്ടോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *