ലക്ഷദ്വീപ് സ്കൂൾ ഗെയിംസിന് നാളെ തുടക്കം: കായികതാരങ്ങളെ വരവേറ്റ് കിൽത്താൻ

കിൽത്താൻ: 34-ാമത് ലക്ഷദ്വീപ് സ്കൂൾ ഗെയിംസിന് നാളെ (നവംബർ 10) കിൽത്താൻ ദ്വീപിൽ വർണ്ണാഭമായ ചടങ്ങുകളോടെ തുടക്കമാകും. എജുക്കേഷൻ സെക്രട്ടറി അവനീഷ് കുമാർ ഐ.എ.എസ്.  ഉദ്ഘാടനം നിർവഹിക്കും.
വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ പദ്മാകർ റാം ത്രിപാഠി (ഡാനിക്സ്), സ്പോർട്സ് ഓർഗനൈസർ ഷെർഷാദ് എസ്. (എസ്.വൈ.എ, യു.ടി.എൽ), അസിസ്റ്റൻ്റ് സ്പോർട്സ് ഓർഗനൈസർ മുഹമ്മദ് സലീം പി. തുടങ്ങിയവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.


ഇന്നലെയും ഇന്നുമായി വിവിധ ദ്വീപുകളിൽ നിന്നുള്ള കായികതാരങ്ങൾ കിൽത്താനിൽ എത്തിച്ചേർന്നു. ദ്വീപിൻ്റെ പൈതൃകം വിളിച്ചോതുന്ന കലാരൂപങ്ങൾ അവതരിപ്പിച്ചുകൊണ്ടാണ് കിൽത്താൻ ഓരോ ടീമിനും ഉജ്ജ്വല സ്വീകരണം നൽകിയത്. കായികതാരങ്ങൾക്കും ഒഫീഷ്യൽസിനും വേണ്ട താമസ സൗകര്യങ്ങളും ഭക്ഷണക്രമീകരണങ്ങളും കിൽത്താൻ ദ്വീപ് ഒരുക്കി കഴിഞ്ഞു.

ഇന്ന് (നവംബർ 9) വൈകുന്നേരം കിൽത്താൻ ദ്വീപും കടമത്ത് ദ്വീപും തമ്മിലുള്ള 19 വയസ്സിൽ താഴെയുള്ള ആൺകുട്ടികളുടെ വോളിബോൾ മത്സരം നടക്കും.
നാളെ രാവിലെയാണ് ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകൾക്ക് തുടക്കമാകുന്നത്. വരും ദിവസങ്ങളിൽ ലക്ഷദ്വീപിലെ സ്കൂൾ കായികരംഗത്തെ പ്രതിഭകൾ മാറ്റുരയ്ക്കുന്ന പോരാട്ടങ്ങൾക്ക് കിൽത്താൻ സാക്ഷ്യം വഹിക്കും.

Leave a Reply

Your email address will not be published. Required fields are marked *