ഭിന്നശേഷിക്കാരായ കുട്ടികൾ നേരിടുന്ന വിദ്യാഭ്യാസ അവഗണനക്കെതിരെ LDWA ഹൈക്കോടതിയിലേക്ക്

കവരത്തി: ലക്ഷദ്വീപ് ഡിഫറൻ്റ്ലി എബ്ല്ഡ് വെൽഫെയർ അസോസിയേഷൻ (LDWA) സ്റ്റേറ്റ് കമ്മിറ്റി, ദ്വീപുകളിലെ ഭിന്നശേഷിക്കാരായ കുട്ടികൾ വിദ്യാഭ്യാസ രംഗത്ത് നേരിടുന്ന നിരന്തരമായ അവഗണനയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കാൻ തീരുമാനിച്ചു.

വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട Right of Persons with Disabilities Act, 2016 (RPWD Act), Right to Education Act, 2009 (RTE Act) എന്നീ നിയമങ്ങൾ വ്യക്തമായ നിർദ്ദേശങ്ങൾ നൽകുന്നുണ്ടെങ്കിലും, വിദ്യാഭ്യാസ വകുപ്പിന്റെ അനാസ്ഥ മൂലം ഭിന്നശേഷിക്കാരായ നിരവധി കുട്ടികൾക്ക് തുല്യ വിദ്യാഭ്യാസാവകാശം നഷ്ടപ്പെടുകയാണെന്ന് LDWA ആരോപിക്കുന്നു.

❖ റിസോഴ്‌സ് റൂമുകളുടെ ദയനീയ അവസ്ഥ

റിസോഴ്‌സ് റൂമുകൾ പല സ്കൂളുകളിലും ടീച്ചേഴ്സ് റൂമിന്റെ ഭാഗത്തോ പടിക്കെട്ടിന് പുറമെയോ പ്രവർത്തിപ്പിക്കപ്പെടുന്നതായും, ചിലപ്പോൾ മുകളിലത്തെ നിലയിൽ വെച്ച് പ്രവർത്തിക്കുന്നതുകൊണ്ട് വീൽചെയർ ഉപയോഗിക്കുന്ന കുട്ടികൾക്ക് അത് ഉപയോഗപ്രദം അല്ലെന്നും LDWA ചൂണ്ടിക്കാട്ടുന്നു.

ഭിന്നശേഷിക്കാർക്ക് അനുയോജ്യമായ toilet & ramp സൗകര്യങ്ങൾ, assistive devices, trained teachers എന്നിവ ലഭ്യമാക്കുന്നതിൽ ഗുരുതരമായ വീഴ്ചകളാണ് വിദ്യാഭ്യാസ വകുപ്പിൽ നിന്നുണ്ടായതെന്ന് സംഘടന ആരോപിക്കുന്നു. ഇത് Article 14 (Equality before Law), Article 21A (Right to Education) എന്നിവയുടെ ലംഘനമാണെന്നും പ്രസ്താവനയിൽ പറയുന്നു.

RPWD Rules, 2017 അനുസരിച്ച് റിസോഴ്‌സ് റൂമുകളിൽ Braille, AAC tools, speech therapy space, counselling area, accessible toilet തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ നിർബന്ധമായിട്ടുണ്ടെങ്കിലും, ലക്ഷദ്വീപിലെ ഭൂരിഭാഗം സ്കൂളുകളിലും ഇവയുടെ അഭാവമാണ്.

❖ സ്പെഷൽ ടീച്ചേഴ്സിന്റെ നിയമനത്തിലെ അനാസ്ഥ

ഭിന്നശേഷിക്കാരായ കുട്ടികൾക്കായി Special Educators നിയമിക്കണമെന്ന സുപ്രീംകോടതി വിധി (W.P. (C) No.132/2016, October 28, 2021) ഉണ്ടെങ്കിലും, ലക്ഷദ്വീപിൽ ഇപ്പോഴും താൽക്കാലിക നിയമനമാണ് നടപ്പിലാക്കുന്നത്. സ്കൂൾ തുറന്നതിന് മാസങ്ങൾ കഴിഞ്ഞാണ് നിയമനങ്ങൾ നടക്കുന്നതെന്നും, ഇതുമൂലം കുട്ടികളുടെ പഠന തുടർച്ചയും ഗുണനിലവാരവും ബാധിക്കപ്പെടുകയാണെന്നും LDWA വ്യക്തമാക്കി.

ഇത് RPWD Act-ന്റെ Section 16, 34 എന്നിവയുടെ നേരിട്ടുള്ള ലംഘനമാണെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു.

❖ ഹൈക്കോടതിയെ സമീപിക്കാൻ LDWAയുടെ തീരുമാനം

വിദ്യാഭ്യാസ വകുപ്പ് നിരവധി തവണ എഴുത്തിലും വായിച്ചും വിഷയങ്ങൾ ചൂണ്ടിക്കാട്ടിയിട്ടും നടപടിയില്ലാത്തതിനാൽ, LDWA State Committee കേരള ഹൈക്കോടതിയെ സമീപിക്കാനും നിയമനടപടികൾ ആരംഭിക്കാനും തീരുമാനിച്ചതായി മാധ്യമപ്രസ്താവനയിൽ വ്യക്തമാക്കി.

ഈ നടപടി ലക്ഷദ്വീപിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ സമത്വാവകാശത്തിനും ഉൾക്കൊള്ളുന്ന വിദ്യാഭ്യാസാവകാശത്തിനും (Inclusive Education) വേണ്ടി നടത്തുന്ന LDWAയുടെ സമർപ്പിതമായ നിലപാടിന്റെ ഭാഗമാണെന്ന് പ്രസ്താവനയിൽ പറയുന്നു.

❖ LDWAയുടെ അഭ്യർത്ഥന

ലക്ഷദ്വീപ് ഭരണകൂടം:

* RPWD Act, 2016, RTE Act, 2009 എന്നിവയിലെ നിർദ്ദേശങ്ങൾ ഉടൻ നടപ്പാക്കുക.
* എല്ലാ സ്കൂളുകളിലും നിലവാരമുള്ള റിസോഴ്‌സ് റൂമുകൾ (പ്രത്യേക ടോയ്ലറ്റ് സൗകര്യത്തോടുകൂടി) ഒരുക്കുക.
* സ്പെഷൽ ടീച്ചേഴ്സിന്റെ സ്ഥിരനിയമനം ഉറപ്പാക്കുക.
* ഭിന്നശേഷിക്കാരായ കുട്ടികൾക്ക് തുല്യവും ഉൾക്കൊള്ളുന്ന വിദ്യാഭ്യാസ പരിസരം ഒരുക്കുക.