അഗത്തി: ലക്ഷദ്വീപ് ബിജെപിയിൽ കൂട്ട രാജി. മഹിളാ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറിയും സംസ്ഥാന വഖഫ് ബോർഡ് അംഗവുമായ മീനാ ബീബി, അഗത്തി ജില്ലാ കമ്മിറ്റി വൈസ് പ്രസിഡണ്ട് മുഹമ്മദ് അലി, മഹിളാ മോർച്ച ജില്ലാ പ്രസിഡണ്ട് താഹിറാ കെ. മുൻ ജില്ലാ പഞ്ചായത്ത് അംഗവും സംസ്ഥാന വൈസ് പ്രസിഡണ്ടുമായിരുന്ന ബുൻയാമിൻ തുടങ്ങി സംസ്ഥാന, ജില്ലാ കമ്മിറ്റി നേതാക്കളടക്കം അഗത്തി ദ്വീപിലെ മുപ്പതോളം സജീവ പ്രവർത്തകരാണ് പാർട്ടി വിട്ടത്.
സംസ്ഥാന നേതൃത്വത്തിൻറ സ്വേച്ഛാധിപത്യ പ്രവണതകളിൽ മനംമടുത്ത് പാർട്ടി വിടുകയാണെന്നാണ് രാജി കത്തിൽ സൂചിപ്പിച്ചിരിക്കുന്നത്. പ്രസിഡണ്ട് കെ എൻ കാസ്മികോയ, ജനറൽ സെക്രട്ടറി മുഹമ്മദ് ഖാസിം തുടങ്ങിയവരുടെ ഏകപക്ഷീയമായ തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുന്ന രീതിയാണ് ഇപ്പോൾ നടക്കുന്നതെന്നും പറയുന്നു.ഈ നേതൃത്വം തുടരുകയാണെങ്കിൽ പാർട്ടിയുമായി ഒരു രീതിയിലും സഹകരിക്കാൻ തയ്യാറല്ലെന്നും ഇവർ വ്യക്തമാക്കി.
