കപ്പലുകളിൽ വൈഫൈ സംവിധാനം വരുന്നു

കവരത്തി: ലക്ഷദ്വീപ് ഡെവലപ്മെൻറ് കോർപ്പറേഷൻ ലിമിറ്റഡ് (LDCL) യാത്രാ കപ്പലുകളിൽ വൈഫൈ സേവനം ലഭ്യമാക്കുന്നതിനായി സേവനദാതാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ കീഴിലുള്ള കപ്പലുകളിലാണ് ഈ പുതിയ സൗകര്യം ഏർപ്പെടുത്തുന്നത്.

യാത്രാനുഭവം മെച്ചപ്പെടുത്തുകയും, ആധുനിക ഡിജിറ്റൽ സേവനങ്ങൾ കപ്പലുകളിൽ ഉറപ്പാക്കുകയും ചെയ്യുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഈ സേവനത്തിന് യോജിച്ച ലൈസൻസുള്ള, അനുഭവസമ്പന്നരായ സർവീസ് പ്രൊവൈഡർമാരിൽ നിന്നാണ് LDCL ടെൻഡർ ക്ഷണിക്കുന്നത്.

ടെൻഡർ സമർപ്പിക്കാൻ ആഗ്രഹിക്കുന്നയാൾക്കോ സ്ഥാപനങ്ങൾക്കോ ഉചിതമായ സാങ്കേതികവിദ്യകളും സേവന ശേഷിയുമുണ്ടാകണം. സിസ്റ്റം ഇന്റഗ്രേറ്റർമാർ, ടെലികമ്മ്യൂണിക്കേഷൻ സ്ഥാപനങ്ങൾ, അനുഭവ സമ്പന്നരായ കമ്പനികൾ എന്നിവർക്ക് ടെൻഡർ സമർപ്പിക്കാൻ യോഗ്യതയുണ്ട്.

വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനുള്ള മാർഗ്ഗനിർദ്ദേശങ്ങൾക്കുമായി LDCLയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാമെന്ന് കമ്പനി അറിയിച്ചു.