ഡോ. സുബൈദ സൈദിന്റെ കാർ നിയന്ത്രണംവിട്ട് കാനയിലേക്ക് മറിഞ്ഞു

കൊച്ചി: ലക്ഷദ്വീപ് എംപി മുഹമ്മദ് ഹംദുള്ള സൈദിന്റെ സഹോദരി ഡോ. സുബൈദ സൈദിന്റെ കാർ കൊച്ചി വൈറ്റില ജങ്ഷനിൽ നിയന്ത്രണംവിട്ട് കാനയിലേക്ക് മറിഞ്ഞു. കടവന്ത്രയിലെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റുമായ ഡോ. സുബൈദ സൈദ് (62) ആണ് അപകടത്തിൽപ്പെട്ടത്. നിസ്സാര പരിക്കുകളോടെ അവർ രക്ഷപ്പെട്ടു. അപകടസമയത്ത് കാറിൽ മറ്റാരും ഉണ്ടായിരുന്നില്ല.

വൈറ്റില മേൽപ്പാലം ഇറങ്ങി അരൂർ ഭാഗത്തേക്ക് വരുന്നതിനിടെ കാർ നിയന്ത്രണംവിട്ട് മെയിൻ റോഡിനും സർവീസ് റോഡിനുമിടയിലെ കവർ ചെയ്യാത്ത കാനയിലേക്കാണ് മറിഞ്ഞത്. നാട്ടുകാരാണ് ഉടൻ ഇടപെട്ട് ഡോക്ടറെ വാഹനത്തിൽനിന്ന് രക്ഷപ്പെടുത്തിയത്. ഗാന്ധിനഗറും തൃപ്പൂണിത്തുറയുമായുള്ള ഫയർഫോഴ്‌സ് സംഘങ്ങൾ സ്ഥലത്തെത്തി കാർ നീക്കം ചെയ്തു. ഹൈവേ പൊലീസ് എത്തി ഗതാഗതം നിയന്ത്രിച്ചു.

ഡോ. സുബൈദ സൈദ് മുൻ കേന്ദ്ര ഊർജ്ജമന്ത്രിയും ഡെപ്യൂട്ടി സ്പീക്കറുമായ പി.എം. സൈദിന്റെ മകളാണ്. നിലവിലെ ലക്ഷദ്വീപ് എംപി മുഹമ്മദ് ഹംദുള്ള സൈദിന്റെ സഹോദരിയാണ്.

Leave a Reply

Your email address will not be published. Required fields are marked *