കവരത്തി: ലക്ഷദ്വീപ് മുൻ പാർലമെന്റ് അംഗം മുഹമ്മദ് ഫൈസൽ നൽകിയ ക്രിമിനൽ അപകീർത്തിക്കേസിൽ മുൻ ലക്ഷദ്വീപ് ജില്ലാ കളക്ടർ എസ്. അസ്കർ അലി ഐ.എ.എസിന് ആന്ത്രോത്ത് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നോട്ടീസ് അയച്ചു.
ഔദ്യോഗിക, അനൗദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ തന്നെ വ്യക്തിപരമായി അപകീർത്തിപ്പെടുത്തുന്ന തരത്തിൽ സന്ദേശങ്ങൾ പ്രചരിപ്പിച്ചുവെന്ന് കാണിച്ചാണ് മുഹമ്മദ് ഫൈസൽ കോടതിയെ സമീപിച്ചത്.
കേസിനാസ്പദമായ സംഭവം:
ലക്ഷദ്വീപിൽ ഭരണപരിഷ്കാരങ്ങളുമായി ബന്ധപ്പെട്ട് വലിയ രീതിയിലുള്ള ജനകീയ പ്രതിഷേധങ്ങൾ ഉയർന്ന 2021-ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അക്കാലത്ത് ലക്ഷദ്വീപ് കളക്ടറായിരുന്ന അസ്കർ അലി, ദ്വീപിലെ ഉദ്യോഗസ്ഥരടങ്ങിയ ഔദ്യോഗിക ഗ്രൂപ്പുകളിലും മറ്റ് അനൗദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പുകളിലും അന്നത്തെ സിറ്റിംഗ് എം.പി ആയിരുന്ന മുഹമ്മദ് ഫൈസലിനെതിരെ അപകീർത്തികരമായ പരാമർശങ്ങൾ അടങ്ങിയ സന്ദേശം പോസ്റ്റ് ചെയ്തു എന്നാണ് പരാതി. ഒരു ജനപ്രതിനിധി എന്ന നിലയിലുള്ള തന്റെ കീർത്തിയെ പൊതുമധ്യത്തിലും ഉദ്യോഗസ്ഥർക്കിടയിലും മനഃപൂർവ്വം വലിച്ച് താഴ്ത്താൻ ഐ.എ.എസ് ഉദ്യോഗസ്ഥനായ കളക്ടർ ശ്രമിച്ചുവെന്ന് മുഹമ്മദ് ഫൈസൽ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ഹർജി ഫയലിൽ സ്വീകരിച്ച കോടതി, പരാതിക്കാരന്റെയും സാക്ഷികളുടെയും പ്രാഥമിക മൊഴികൾ രേഖപ്പെടുത്തിയ ശേഷമാണ് മുൻ കളക്ടർ അസ്കർ അലിക്ക് കോടതിയിൽ നേരിട്ട് ഹാജരാകാൻ നിർദ്ദേശിച്ച് നോട്ടീസ് അയക്കാൻ ഉത്തരവിട്ടത്.
കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിലെ മുൻ എം.പിയും മുൻ ഭരണത്തലവനും തമ്മിലുള്ള നിയമപോരാട്ടം സിവിൽ സർവീസ്-രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.
മുഹമ്മദ് ഫൈസലിനു വേണ്ടി ലക്ഷദ്വീപ് ലോ ചെമ്പേഴ്സ് : അഡ്വ. കോയാ അറഫാ മിറാജ്, അഡ്വ. സബീഹ് അമാൻ, മുക്തിയാർ അസ്തർ ഖാൻ, അസോസിയേറ്റട്സ് അഡ്വ. വി. മനോജ്, മുക്തിയാർ കുന്നിസീത്തിക്കോയ കണ്ടേത്-ഉം ഹാജറായി.

Very good