കൊച്ചി • കൊച്ചി– ലക്ഷദ്വീപ് സർവീസിനായി സജ്ജമാക്കിയ സിപ്ലെയിൻ തൽക്കാലം ഇനി കടലിൽ പറന്നിറങ്ങില്ല! പകരം, മറ്റു വിമാനങ്ങളെപ്പോലെ വിമാനത്താവളങ്ങളെ തമ്മിൽ ബന്ധിപ്പിച്ചു സർവീസ് നടത്തും. ലക്ഷദ്വീപ് അധികൃതർ തുരങ്കം വച്ചതിനെത്തുടർന്നു പദ്ധതി ഉപേക്ഷിച്ചതോടെയാണു സിപ്ലെയിൻ പദ്ധതിക്കു ചുക്കാൻ പിടിച്ചിരുന്ന സ്കൈഹോപ്പ് കമ്പനി രാജ്യത്തെ ഹ്രസ്വദൂര റൂട്ടുകളിൽ സർവീസിനായി വിമാനം ഉപയോഗിക്കാൻ തീരുമാനിച്ചത്.
കൊച്ചി– ലക്ഷദ്വീപ് സർവീസ് നടത്തിപ്പിനായി കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ തുറന്ന ഓഫിസിന്റെ പ്രവർത്തനം അവസാനിപ്പിച്ച കമ്പനി, ഇവിടെയും ലക്ഷദ്വീപിലും ഉണ്ടായിരുന്ന ജീവനക്കാരെ മറ്റു സംസ്ഥാനങ്ങളിലേക്കു പുനർവിന്യസിച്ചു. കൂടുതൽ ജീവനക്കാരെയും മധ്യപ്രദേശിലെ ഭോപാലിലേക്കാണു മാറ്റിയത്. 4 പൈലറ്റുമാർ ഉൾപ്പെടെ ഇരുപതിലേറെ ജീവനക്കാരെയാണു കൊച്ചിയിലും ലക്ഷദ്വീപിലുമായി നിയോഗിച്ചിരുന്നത്.
ലക്ഷദ്വീപ് സർവീസിനായി കമ്പനി വാങ്ങിയ കാനഡ നിർമിത വൈക്കിങ് ഡിഎച്ച്സി–6–400 ട്വിൻ ഓട്ടർ വിമാനവും 7നു ഭോപാലിൽ എത്തിച്ചു. വിമാനത്താവളങ്ങളിൽ മാത്രം ഇറങ്ങാനുള്ള തീരുമാനമെടുത്തതിനാൽ സിപ്ലെയിനിനെ വെള്ളത്തിൽ ലാൻഡിങ്ങിനു സഹായിക്കുന്ന ഫ്ലോട്ടുകളും നീക്കം ചെയ്തു.
ആദ്യഘട്ടത്തിൽ ഭോപാൽ– ദത്യ റൂട്ടിലും ഭോപാൽ– റീവ റൂട്ടിലുമാകും ഈ വിമാനം സർവീസ് നടത്തുക. ഈ റൂട്ടുകളിൽ സർവീസ് നടത്തുന്നതിനുള്ള ലൈസൻസ് സ്കൈ ഹോപ്പ് കമ്പനിക്കു നേരത്തേ ലഭിച്ചിരുന്നു. തുടർന്നു മറ്റു റൂട്ടുകളിലേക്കും വ്യാപിപ്പിക്കും.
സർവീസ് നടത്തുന്നതിനുള്ള സാങ്കേതികജ്ഞാനം ലക്ഷദ്വീപിനു ഇല്ലാത്തതിനാൽ പ്രവർത്തനങ്ങൾക്കു പിന്തുണ നൽകാനാവില്ല എന്ന വിചിത്ര ന്യായമാണ് പദ്ധതിയിൽ നിന്ന് ലക്ഷദ്വീപ് അധികൃതരുടെ പിൻമാറ്റത്തിനു പറഞ്ഞിരുന്നത്.
