കവരത്തി: സർക്കാർ ഭൂമിയുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയ സംഭവത്തിന് പിന്നാലെ കവരത്തിയിൽ ഭരണകൂടവും പോലീസും നടപടികൾ ശക്തമാക്കി. ജില്ലാ കളക്ടറുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നാരോപിച്ച് നാല് എൻവൈസി പ്രവർത്തകരെ കൂടി കവരത്തി പോലീസ് അറസ്റ്റ് ചെയ്തു.
എൻവൈസി (NYC) സംസ്ഥാന വൈസ് പ്രസിഡന്റ് അഫർ ഖാൻ, റഷീദ് കെ.പി., മുസ്തഫ പി., സലീം ഷാ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. കേസിൽ ആകെ 22 പേരെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് ഭരണകൂടമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
മുൻ എൻവൈസി അധ്യക്ഷനും ‘സോഷ്യലിസ്റ്റ് ടോക്ക്’ എഡിറ്ററുമായ സൈദ് ഹാമിദ് ചെറിയ കോയയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ ഭൂമിയിൽ ജില്ലാ കളക്ടർ നേരിട്ടെത്തി പ്രവേശിച്ചതിനെ തുടർന്നാണ് പ്രതിഷേധം ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ.
സംഭവത്തിൽ ചെറിയ കോയയെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് ആന്ത്രോത്ത് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നിന്ന് ജാമ്യം നേടി അദ്ദേഹം പുറത്തിറങ്ങി.
ഇതിന് പിന്നാലെ കളക്ടറുടെ നടപടിയെ പ്രതിരോധിച്ച പ്രവർത്തകർക്കെതിരെയും പോലീസ് നടപടി തുടരുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റുകൾ ഉണ്ടായേക്കുമെന്നാണ് സൂചന.
