ലക്ഷദ്വീപിന് പൂർണ്ണസമയ അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കണം: കേരള ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി

കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ ദീർഘകാലമായുള്ള അസാന്നിധ്യം ദ്വീപിൽ ഗുരുതരമായ ഭരണപ്രതിസന്ധിക്ക് കാരണമാകുന്നുവെന്ന് ചൂണ്ടിക്കാട്ടി കേരള ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി. ലക്ഷദ്വീപ് സ്വദേശിയും സാമൂഹിക പ്രവർത്തകനുമായ മുസ്‌ലിം ഖാൻ ആണ് ഹൈക്കോടതിയെ സമീപിച്ചത്. ലക്ഷദ്വീപിനായി ഒരു പൂർണ്ണസമയ (Full-time) അഡ്മിനിസ്‌ട്രേറ്ററെ അടിയന്തരമായി നിയമിക്കാൻ കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.

ദാദ്ര ആൻഡ് നഗർ ഹവേലി, ദാമൻ ആൻഡ് ദിയു എന്നിവയുടെ അഡ്മിനിസ്‌ട്രേറ്ററായ പ്രഫുൽ ഖോദഭായ് പട്ടേലിന് ലക്ഷദ്വീപിന്റെ അഡീഷണൽ ചാർജ് (അധിക ചുമതല) നൽകിയിട്ട് ഇപ്പോൾ ആറ് വർഷത്തോളമാകുന്നു. ഏകദേശം 2165 കിലോമീറ്ററിലധികം ദൂരത്തിരുന്ന് നടത്തുന്ന ഈ “റിമോട്ട് കൺട്രോൾ” ഭരണം ഭരണഘടനാ വിരുദ്ധമാണെന്നും ദ്വീപുവാസികളുടെ താല്പര്യങ്ങൾക്ക് വിരുദ്ധമാണെന്നും ഹർജിയിൽ ആരോപിക്കുന്നു.
അഡ്മിനിസ്‌ട്രേറ്ററുടെ നേരിട്ടുള്ള അസാന്നിധ്യം കാരണം ലക്ഷദ്വീപിൽ താഴെ പറയുന്ന ഗുരുതരമായ പ്രതിസന്ധികൾ ഉണ്ടായതായി ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു:

വിദ്യാഭ്യാസ മേഖലയിലെ തകർച്ച: ലക്ഷദ്വീപിലെ സ്‌കൂൾ കെട്ടിടങ്ങൾ അനിയന്ത്രിതമായി പൊളിച്ചുനീക്കുകയും കുട്ടികളെ മതിയായ സൗകര്യങ്ങൾ കുറഞ്ഞ ഒരൊറ്റ സ്‌കൂളിലേക്ക് മാറ്റുകയും ചെയ്തു. സി.ബി.എസ്.ഇ/കേരള ബോർഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാൻ വിദ്യാഭ്യാസ മേഖലയിൽ അടിയന്തരമായി ഒരു ടെക്നിക്കൽ ഓഡിറ്റ് നടത്തണമെന്നും ഹർജി ആവശ്യപ്പെടുന്നു.

തൊഴിലില്ലായ്മയും സാമ്പത്തിക പ്രതിസന്ധിയും: ലക്ഷദ്വീപ് ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ (LDCL) കീഴിലുള്ള ട്യൂണ പ്രോസസിങ് യൂണിറ്റ് അടക്കമുള്ള പ്രമുഖ വ്യവസായങ്ങൾ പൂട്ടിയതുവഴി നൂറുകണക്കിന് ആളുകൾക്ക് തൊഴിൽ നഷ്ടപ്പെട്ടു. ഇതോടൊപ്പം വിവിധ സർക്കാർ വകുപ്പുകളിലെ തസ്തികകൾ വെട്ടിക്കുറച്ചതും ജനങ്ങളെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

ഭരണപരമായ തകർച്ചയും ഉദ്യോഗസ്ഥരുടെ അനാസ്ഥയും കാരണം ലക്ഷദ്വീപിലെ ജനജീവിതം ദുസ്സഹമായി മാറിയിരിക്കുകയാണെന്നും, ഇതിനൊരു പരിഹാരമായി ദ്വീപിൽ സ്ഥിരമായി താമസിച്ച് ഭരണം നടത്താൻ കെൽപ്പുള്ള ഒരു പൂർണ്ണസമയ അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കാൻ കോടതി ഇടപെടണമെന്നുമാണ് പൊതുതാത്പര്യ ഹർജിയിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. കേസ് വരും ദിവസങ്ങളിൽ ഹൈക്കോടതി പരിഗണിക്കും.