യൂത്ത് ഒളിമ്പിക്സ് 2026: ഇന്ത്യൻ അത്‌ലറ്റിക്സ് ടീമിന്റെ കോച്ചായി അഹമ്മദ് ജവാദ് ഹസ്സൻ; ലക്ഷദ്വീപിന് അഭിമാനനേട്ടം

ലക്ഷദ്വീപ്: സെനഗലിൽ നടക്കാനിരിക്കുന്ന യൂത്ത് ഒളിമ്പിക്സ് ഗെയിംസ് 2026-ൽ പങ്കെടുക്കുന്ന ഇന്ത്യൻ അത്‌ലറ്റിക്സ് ടീമിന്റെ കോച്ച്/മാനേജറായി ലക്ഷദ്വീപ് അത്‌ലറ്റിക്സിലെ അഹമ്മദ് ജവാദ് ഹസ്സൻ തെച്ചേരിയെ നാമനിർദേശം ചെയ്തു. അത്‌ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ഒക്ടോബർ 12-ലെ ഔദ്യോഗിക കത്തിലൂടെയാണ് നിയമനം അറിയിച്ചത്.

2026 ഒക്ടോബർ 31 മുതൽ നവംബർ 13 വരെയാണ് സെനഗലിൽ യൂത്ത് ഒളിമ്പിക്സ് ഗെയിംസ് നടക്കുന്നത്. മത്സരത്തിൽ ഇന്ത്യൻ ടീമിനൊപ്പം പ്രവർത്തിക്കുന്നതിനാവശ്യമായ ഒരുക്കങ്ങൾ നടത്താനും പങ്കാളിത്തവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കാനും ഫെഡറേഷൻ അദ്ദേഹത്തോട് നിർദേശിച്ചിട്ടുണ്ട്. യാത്രാ ക്രമീകരണങ്ങളും മറ്റ് വിശദാംശങ്ങളും പിന്നീട് അറിയിക്കുമെന്നും കത്തിൽ വ്യക്തമാക്കുന്നു.

ലക്ഷദ്വീപ് അത്‌ലറ്റിക്സ് അസോസിയേഷനുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന അഹമ്മദ് ജവാദ് ഹസ്സന്റെ ഈ നേട്ടം ദ്വീപിന്റെ കായികമേഖലയ്ക്ക് അഭിമാനമായി. അന്താരാഷ്ട്ര കായികവേദിയിൽ ഇന്ത്യൻ ടീമിന്റെ ഭാഗമായുള്ള ഉത്തരവാദിത്തം ലക്ഷദ്വീപിലെ കായികപ്രവർത്തനങ്ങൾക്കും യുവതാരങ്ങൾക്കും പ്രചോദനമാകുമെന്നാണ് പ്രതീക്ഷ.

ഇന്ത്യൻ അത്‌ലറ്റിക്സ് ഫെഡറേഷൻ ആക്ടിങ് സെക്രട്ടറി ജി. ശ്രീനിബാസ് പട്‌നായിക്കാണ് നിയമനക്കത്തിൽ ഒപ്പുവെച്ചിരിക്കുന്നത്. ലക്ഷദ്വീപിന്റെ കായികമേഖലയ്ക്ക് അഭിമാന നിമിഷം; അഹമ്മദ് ജവാദ് ഹസ്സന് അഭിനന്ദനങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *