കൊച്ചി: ലക്ഷദ്വീപ് ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിന്റെ (LDCL) കീഴിലുള്ള കപ്പലുകളിൽ ട്രെയിനി (COP) വിഭാഗത്തിൽ 12 മാസത്തെ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. എൻജിൻ റൂം വാച്ച് കീപ്പിങ് സർട്ടിഫിക്കറ്റ് നേടിയ ഉദ്യോഗാർഥികൾക്ക് എൻജിൻ വിഭാഗത്തിൽ സർട്ടിഫിക്കറ്റ് ഓഫ് പ്രൊഫിഷ്യൻസി (COP – Able Seafarer Engine) നേടുന്നതിനായാണ് ആറുമാസം വീതമുള്ള രണ്ട് ഘട്ടങ്ങളിലായി പരിശീലനം നൽകുന്നത്. നവംബർ 27ന് എൽ.ഡി.സി.എൽ ക്രൂ വിഭാഗമാണ് ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്.
അപേക്ഷിക്കാനുള്ള യോഗ്യതകൾ:
- പ്രീ സീ ട്രെയിനിങ് പൂർത്തിയാക്കിയിരിക്കണം.
- എൽ.ഡി.സി.എൽ സർവീസ് നടത്തുന്ന കപ്പലുകളിൽ ട്രെയിനി എൻജിൻ റേറ്റിങ് വിഭാഗത്തിൽ കുറഞ്ഞത് ആറുമാസത്തെ കടൽസേവന പരിചയം ഉണ്ടായിരിക്കണം.
- കാലാവധിയുള്ള ഇന്ത്യൻ സി.ഡി.സി (CDC).
- കാലാവധിയുള്ള ഇന്ത്യൻ പാസ്പോർട്ട്.
- എൻജിൻ റൂം വാച്ച് കീപ്പിങ് സർട്ടിഫിക്കറ്റ്.
- സാധുതയുള്ള STCW കോഴ്സ് സർട്ടിഫിക്കറ്റുകൾ.
- സെക്യൂരിറ്റി കോഴ്സ് സർട്ടിഫിക്കറ്റ്.
- യാത്രാക്കപ്പലുകളിൽ ജോലി ചെയ്യുന്നതിനാവശ്യമായ പാസഞ്ചർ ഷിപ്പ് സർട്ടിഫിക്കറ്റ്.
എല്ലാ സർട്ടിഫിക്കറ്റുകളും ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ്ങിന്റെ (DG Shipping) മാനദണ്ഡങ്ങൾക്കനുസരിച്ച് പുതുക്കിയതായിരിക്കണം.
അപേക്ഷിക്കേണ്ട വിധം
യോഗ്യരായ ഉദ്യോഗാർഥികൾ വിജ്ഞാപനത്തോടൊപ്പം നൽകിയിട്ടുള്ള നിർദിഷ്ട അപേക്ഷാഫോം പൂരിപ്പിച്ച് ആവശ്യമായ സർട്ടിഫിക്കറ്റുകളുടെയും രേഖകളുടെയും സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം എൽ.ഡി.സി.എല്ലിന്റെ കൊച്ചി ഓഫീസിലോ കവരത്തി ഓഫീസിലോ സമർപ്പിക്കണം.
2026 ഡിസംബർ 15 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. നിശ്ചിത തീയതിക്കുശേഷം ലഭിക്കുന്ന അപേക്ഷകൾ തിരഞ്ഞെടുപ്പിന് പരിഗണിക്കില്ല.
2025 ഫെബ്രുവരി 24ന് പുറത്തിറക്കിയ മുൻ വിജ്ഞാപനപ്രകാരം അപേക്ഷ സമർപ്പിച്ച ഉദ്യോഗാർഥികൾ വീണ്ടും അപേക്ഷിക്കേണ്ടതില്ലെന്നും എൽ.ഡി.സി.എൽ അറിയിച്ചു. വാച്ച് കീപ്പിങ് സർട്ടിഫിക്കറ്റ് അനുവദിച്ച തീയതിയുടെ അടിസ്ഥാനത്തിലായിരിക്കും സീനിയോറിറ്റി പട്ടിക തയ്യാറാക്കുക.
പരിശീലനത്തിനുള്ള സീറ്റുകളുടെ എണ്ണവും സ്റ്റൈപ്പൻഡ് സംബന്ധിച്ച വിവരങ്ങളും വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടില്ല.കൂടുതൽ വിവരങ്ങൾക്കും അപേക്ഷാഫോമിനും ഔദ്യോഗിക വിജ്ഞാപനം പരിശോധിക്കുക.ഔദ്യോഗിക വെബ്സൈറ്റ്: www.ldcl.nic.in
