ചരിത്രത്തിന്റെ ചെമ്പ്മേഞ്ഞ ഓർമ്മകളിലേക്ക്


​കവരത്തി തങ്ങളയില്ലം എന്ന വീടിന്റെ മുറ്റത്ത് കണ്ണൂർ കഴിഞ്ഞവരുടെ (സയ്യിദ് ജലാലുദ്ദീൻ ബുഖാരി) ‘ബൈത്തുൽ ലഹ്‌മ്’ കണ്ടതുമുതൽ അദ്ദേഹത്തിന്റെ ബാക്കിപത്രം തേടി ഒരു യാത്ര തുടരണമെന്ന് ആശയുണ്ടായിരുന്നു. കേരളത്തിൽ ദീർഘകാലം താമസിച്ചിരുന്നെങ്കിലും അദ്ദേഹത്തിന്റെ ഓർമ്മകൾ തങ്ങിനിൽക്കുന്ന ചെമ്പിട്ടപ്പള്ളിയിൽ പോകാൻ പറ്റിയിരുന്നില്ല. അതേസമയം, കണ്ണൂർ സിറ്റി ജുമാ പള്ളിയിൽ പോയി അദ്ദേഹത്തിന്റെ കാൽചുവട്ടിൽ പലപ്പോഴും നിന്നിട്ടുണ്ട്.

​ചാറ്റൽ മഴ മണ്ണിനെ തൊട്ടപ്പോൾ കൊച്ചി കായലിലൂടെ ഒരു ബോട്ട് യാത്രയാവാമെന്ന് വെച്ചു. പ്രിയ സ്നേഹിതൻ നൂറുവും ഉമ്മയും അവന്റെ സഹോദരിപുത്രി ഷാക്കിറയുമൊന്നിച്ച് ഹൈക്കോർട്ട് ജംഗ്ഷനിൽ നിന്ന് വാട്ടർ മെട്രോയിൽ മട്ടാഞ്ചേരിയിലേക്ക് തിരിച്ചു. വിൻഡോ ഗ്ലാസ്സിൽ തട്ടി പൊടിഞ്ഞിറങ്ങുന്ന മഴത്തുള്ളികൾ ചിത്രങ്ങൾ കോറിയിട്ടുകൊണ്ടിരുന്നു.
​ഉദ്ദേശിച്ചത്ര സ്പീഡ് ബോട്ടിന് പോരാ എന്ന് തോന്നി. ഉമ്മയുടെ കൈകൾ പിടിച്ചു കയറാനും ഇറങ്ങാനും അവരെ സപ്പോർട്ട് ചെയ്യുമ്പോൾ, നഷ്ടപ്പെട്ടുപോയ എന്റെ ഉമ്മയുടെ ഓർമ്മകൾ ഓടിയെത്തി. അവരുടെ കൈകളിൽ നിന്നും പടരുന്ന ചൂടേറ്റപ്പോൾ, അടിപ്പലക ഇളകിപ്പോയ എന്റെ ജീവിതത്തിൽ മാതൃത്വത്തിന്റെ മർമ്മരം തൊട്ടറിഞ്ഞു. ഇരുപത് മിനിറ്റിനു ശേഷം മട്ടാഞ്ചേരിയിൽ ബോട്ട് തീരം തൊട്ടു.


​എറണാകുളം ടൗണിനോട് ചേർന്നുനിൽക്കുമ്പോഴും മട്ടാഞ്ചേരി പുതുമയുടെ മോടി സ്വീകരിച്ചിട്ടില്ല. പഴയ കെട്ടിടങ്ങളെ വരിഞ്ഞുമുറുക്കി തലയുയർത്തി നിൽക്കുന്ന കൂറ്റൻ മരങ്ങളുണ്ട്. കണിക്കൊന്നകളും മുള്ളുള്ള കടലാസുപൂക്കളും കണ്ണിന് ചന്തമുള്ള കാഴ്ചയാണെങ്കിലും, കായലിൽ നിന്ന് നുരഞ്ഞുവരുന്ന ചെളിയുടെ മണവും മതിലിനപ്പുറത്തു നിന്ന് വരുന്ന മൂത്രത്തിന്റെ രൂക്ഷഗന്ധവും യാത്രക്കാർക്ക് മനംമടുപ്പിക്കാതിരിക്കില്ല.
​കൊച്ചിയിലെ മട്ടാഞ്ചേരി – കൊച്ചങ്ങാടി ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഏറെ ചരിത്രപ്രാധാന്യമുള്ള ആരാധനാലയമാണ് ചെമ്പിട്ടപ്പള്ളി. കൊച്ചിയുടെ കച്ചവട-സാംസ്കാരിക പാരമ്പര്യത്തോടും സൂഫി സരണിയോടും ഒട്ടിനിൽക്കുന്ന ഈ പ്രദേശത്തിന് മൗലൽ ബുഖാരിയുമായി അടർത്തിമാറ്റാൻ പറ്റാത്ത ബന്ധമുണ്ട്.


​1538–1612 കാലഘട്ടത്തിൽ ഉസ്ബെക്കിസ്ഥാനിലെ ബുഖാറയിൽ നിന്നും കേരളത്തിലെത്തിയ ആദ്യ ബുഖാരി സാദാത്തായ വളപട്ടണത്തെ സയ്യിദ് അഹ്മദ് ജലാലുദ്ദീൻ ബുഖാരിയുടെ ഏക പുത്രനാണ് സയ്യിദ് ഇസ്മായിൽ ബുഖാരി. അദ്ദേഹമാണ് ഈ മസ്ജിദ് എടുപ്പിച്ചത്. പൊന്നാനിയിലെ ഉന്നതപഠനത്തിന് ശേഷം അദ്ദേഹം കൊച്ചിയിലെത്തുകയും മട്ടാഞ്ചേരിയിലെ ചെത്തുപറമ്പിൽ താമസമാക്കുകയും ചെയ്തു. 76-ാം വയസ്സിൽ വഫാത്തായ അദ്ദേഹത്തെ ചെമ്പിട്ടപ്പള്ളിയുടെ വടക്കുഭാഗത്തായി ഖബറടക്കി.


​കവരത്തിയിൽ നിന്നു വന്ന സയ്യിദ് മുഹമ്മദ് മൗലൽ ബുഖാരി തന്റെ പിതാമഹന്മാർ ദഅ്‌വത്ത് നടത്തിയ നാടുതന്നെ തിരഞ്ഞെടുത്ത് ഏകദൈവ വിശ്വാസത്തിന്റെ ശാദ്വലതീരത്തേക്ക് പ്രബോധനം തുടർന്നുകൊണ്ടിരുന്നു. സയ്യിദ് ഇസ്മായിൽ ബുഖാരിയുടെ മകൻ സയ്യിദ് മുഹമ്മദ് (പരവണ്ണ), അദ്ദേഹത്തിന്റെ മകൻ സയ്യിദ് ബാവാ ഫഖ്റുദ്ദീൻ (പൊന്നാനി), അദ്ദേഹത്തിന്റെ മകൻ സയ്യിദ് മുഹമ്മദ് പൊന്നാനി എന്നിവരിലൂടെയാണ് ബുഖാരി ഖബീല കവരത്തിയിലെത്തുന്നതും, തൽഫലമായി സയ്യിദ് മുഹമ്മദ് ജലാലുദ്ദീൻ ബുഖാരി തങ്ങളില്ലത്ത് ജനിക്കുന്നതും. 1731-ൽ കവരത്തിയിലാണ് പ്രശസ്ത സൂഫിവര്യനായ സയ്യിദ് മുഹമ്മദ് മൗലൽ ബുഖാരി ജനിച്ചത് (1731–1792/93). യൗവനകാലത്ത് കേരളത്തിലേക്ക് അദ്ദേഹം താമസം മാറ്റിയതോടെ ലക്ഷദ്വീപിലെ ബുഖാരി പാരമ്പര്യം അവസാനിച്ചു. ദ്വീപിൽ പിന്നീട് ആരെങ്കിലും ബുഖാരി പരമ്പരയിലേക്ക് ചേർത്ത് തങ്ങളുടെ പേര് പറയുകയാണെങ്കിൽ അത് തീർത്തും വ്യാജമായ വാദമായിരിക്കും. വളപട്ടണത്തെ പഠനത്തിന് ശേഷം അദ്ദേഹം കൊച്ചിയിലെത്തുകയും ചെമ്പിട്ടപ്പള്ളി കേന്ദ്രീകരിച്ച് ആത്മീയ-പ്രബോധന പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. (അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്നത് കണ്ണൂർ സിറ്റിയിലുള്ള ബുഖാറ മസ്ജിദിന് സമീപമാണ്).
​ചെമ്പിട്ടപ്പള്ളിയുടെ മേൽക്കൂര ചെമ്പ് (Copper) ഓടുകൾ കൊണ്ട് പൊതിഞ്ഞിരുന്നതിനാലാണ് ഇതിന് ‘ചെമ്പിട്ടപ്പള്ളി’ എന്ന പേര് ലഭിച്ചത്.


​നിർമ്മാണവും മതസൗഹാർദ്ദവും
16-ാം നൂറ്റാണ്ടിലാണ് (ഏകദേശം 1520-നും 1540-നും ഇടയിൽ) ഈ പള്ളി നിർമ്മിക്കപ്പെട്ടതെന്ന് കരുതപ്പെടുന്നു. കൊച്ചിയുടെ മതസൗഹാർദ്ദ ചരിത്രത്തിന്റെ പ്രതീകമാണ് ഈ ദേവാലയം. പള്ളി നിർമ്മിക്കാനാവശ്യമായ സ്ഥലം ദാനമായി നൽകിയത് അന്നത്തെ കൊച്ചി രാജാവായിരുന്നു. നിർമ്മാണത്തിനാവശ്യമായ തടി നൽകിയത് കൊച്ചിയിലെ ഒരു ജൂത പ്രമാണിയായിരുന്നുവെന്നും ചരിത്രം പറയുന്നു. മൗലൽ ബുഖാരിയിലൂടെയാണ് ചരിത്രപ്രാധാന്യമുള്ള പുനരുദ്ധാരണം പിന്നീട് നടന്നത്.
​പതിനെട്ടാം നൂറ്റാണ്ടിൽ കൊച്ചിയിലെത്തിയ സയ്യിദ് മുഹമ്മദ് മൗലൽ ബുഖാരി ചെമ്പിട്ടപ്പള്ളി തന്റെ പ്രവർത്തനകേന്ദ്രമാക്കുകയും പള്ളി വിപുലമായി പുതുക്കിപ്പണിയുകയും ചെയ്തു. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളിൽ ആകൃഷ്ടനായ ‘ഷൻജൂർ’ (Shanjur) എന്ന ജൂത വ്യാപാരിയുടെ സഹായത്തോടെയാണ് മൗലൽ ബുഖാരി പള്ളിയുടെ പുനരുദ്ധാരണം നടത്തിയത്. കേരളീയ തച്ചുശാസ്ത്ര ശൈലിയിൽ ക്ഷേത്ര മാതൃകയിലുള്ള മേൽക്കൂരയോടും മരത്തൂണുകളോടും കൂടിയാണ് പള്ളി നിർമ്മിച്ചിരിക്കുന്നത്. പ്രധാന പ്രാർത്ഥനാ ഹാളിലേക്കുള്ള മൂന്ന് വാതിലുകൾക്ക് മുകളിലായി അറബിയിലും ചെന്തമിഴിലും കൊത്തിവെച്ച പുരാതന ലിഖിതങ്ങൾ കാണാം. അറേബ്യയിലെ നിനവെയിൽ (Nineveh) നിന്ന് കുടിയേറിയവരെന്ന് വിശ്വസിക്കപ്പെടുന്ന ‘നൈന’ കുടുംബവും മലബാറികളും ചേർന്നാണ് പള്ളിയുടെ ഭരണകാര്യങ്ങൾ നിർവഹിച്ചു വരുന്നത്.
​പള്ളിയുടെ വടക്കുഭാഗത്ത് അന്ത്യവിശ്രമം കൊള്ളുന്ന, കേരളത്തിലെ ബുഖാരി സാദാത്തുകളുടെ ആദ്യകാല കണ്ണിയായ സയ്യിദ് ഇസ്മായിൽ ബുഖാരിയുടെ മഖാമും അവരുടെ കുടുംബ ഖബറുകളും സന്ദർശിച്ചപ്പോൾ, നൂറ്റാണ്ടുകളുടെ ചരിത്രം ഉറങ്ങുന്ന ആ തിരുമുറ്റത്ത് ഒരു ചേർത്തുവെപ്പിന്റെ മധുരിമയും പരംപൊരുളിൽ ലയനം ചെയ്തവരുടെ സുകൃതങ്ങളും മനസ്സിൽ തണുപ്പാർന്ന ഓർമ്മകളായി ബാക്കിനിന്നു.
​എല്ലാവർക്കും ശാന്തി ഭവിക്കട്ടെ!
(26/11/26)

Leave a Reply

Your email address will not be published. Required fields are marked *