ഓട്ടോയും ടാക്സിയും ഇനി ഓൺലൈനിൽ ബുക്ക് ചെയ്യാം; ലക്ഷദ്വീപിനായി ‘സോളോ ഫൈൻഡർ’

കവരത്തി: ലക്ഷദ്വീപിലെ യാത്രാ സൗകര്യങ്ങൾ കൂടുതൽ എളുപ്പമാക്കുന്നതിനായി ഓൺലൈൻ വാഹന ബുക്കിംഗ് സംവിധാനവുമായി കവരത്തി സ്വദേശിയായ അർസൽ. ‘സോളോ ഫൈൻഡർ’ (Solo Finder) എന്ന പേരിൽ വികസിപ്പിച്ച മൊബൈൽ ആപ്ലിക്കേഷനിലൂടെ യാത്രക്കാർക്ക് തങ്ങളുടെ മൊബൈൽ ഫോണിൽ നിന്ന് നേരിട്ട് വാഹനങ്ങൾ ബുക്ക് ചെയ്യാൻ സാധിക്കും. ഉബർ, ഓല തുടങ്ങിയ ഓൺലൈൻ ടാക്സി ബുക്കിംഗ് സംവിധാനങ്ങൾക്ക് സമാനമായ രീതിയിലാണ് ലക്ഷദ്വീപിന്റെ പ്രാദേശിക ആവശ്യങ്ങൾ പരിഗണിച്ച് ആപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഓട്ടോറിക്ഷ, നാല് സീറ്റർ, ഏഴ് സീറ്റർ ടാക്സി കാറുകൾ, ഓട്ടോ ടെമ്പോ, ഗുഡ്സ് വാഹനങ്ങൾ, ടിപ്പർ, ട്രാക്ടർ എന്നിവ ബുക്ക് ചെയ്യാനുള്ള സൗകര്യം ആപ്പിലുണ്ട്. കൂടാതെ ബൈക്ക് റെന്റൽ, വാട്ടർ സ്പോർട്സ്, മറ്റ് പ്രാദേശിക വിനോദ പരിപാടികൾ എന്നിവ ബുക്ക് ചെയ്യുന്നതിനുള്ള സംവിധാനവും ഉൾപ്പെടുത്തിയിട്ടുണ്ട്.

യാത്രക്കാർക്കും വാഹന ഡ്രൈവർമാർക്കുമായി പ്രത്യേകം ആപ്ലിക്കേഷനുകളാണ് ഒരുക്കിയിരിക്കുന്നത്. രജിസ്ട്രേഷനും ആപ്പിന്റെ ഉപയോഗത്തിനും യാത്രക്കാരിൽ നിന്നോ ഡ്രൈവർമാരിൽ നിന്നോ യാതൊരുവിധ ഫീസും ഈടാക്കുന്നില്ലെന്ന് ആപ്പിന്റെ വികസിപ്പിച്ച അർസൽ അറിയിച്ചു.

യാത്രക്കാർക്ക് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ‘Solo Finder Taxi Booking’ ആപ്പ് ഇൻസ്റ്റാൾ ചെയ്ത് രജിസ്ട്രേഷൻ പൂർത്തിയാക്കിയ ശേഷം ആവശ്യമായ വാഹനം തിരഞ്ഞെടുക്കാം. യാത്ര ചെയ്യേണ്ട സ്ഥലം മാപ്പിലൂടെയോ സെർച്ച് സംവിധാനത്തിലൂടെയോ രേഖപ്പെടുത്തി ബുക്കിംഗ് നൽകാം. ഡ്രൈവർ ബുക്കിംഗ് സ്വീകരിക്കുന്നതോടെ വാഹനത്തിന്റെ വിവരങ്ങളും യാത്രയുടെ പുരോഗതിയും ആപ്പിലൂടെ അറിയാൻ സാധിക്കും.

വാഹനങ്ങളുടെ തത്സമയ ലൊക്കേഷൻ മാപ്പിൽ കാണുന്നതിനും യാത്രയുടെ നിലവിലെ സ്ഥിതി, മുൻകാല യാത്രകളുടെ വിവരങ്ങൾ, നോട്ടിഫിക്കേഷനുകൾ എന്നിവ പരിശോധിക്കുന്നതിനും സൗകര്യമുണ്ട്.

വാഹന ഉടമകൾക്കും ഡ്രൈവർമാർക്കും ‘Solo Finder Driver’ ആപ്പ് ഇൻസ്റ്റാൾ ചെയ്ത് ഫോൺ നമ്പർ, വാഹന നമ്പർ, വാഹനത്തിന്റെ വിഭാഗം തുടങ്ങിയ വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യാം. സേവനം നൽകാൻ തയ്യാറാകുമ്പോൾ ആപ്പിൽ ഓൺലൈൻ ആവാനും യാത്രക്കാരുടെ ബുക്കിംഗ് സ്വീകരിക്കാനോ നിരസിക്കാനോ സാധിക്കും.

ലക്ഷദ്വീപിലെ പൊതുജനങ്ങൾക്കും വിനോദസഞ്ചാരികൾക്കും വാഹനങ്ങൾ കണ്ടെത്തുന്നതിനുള്ള ബുദ്ധിമുട്ടുകൾ കുറയ്ക്കാനും പ്രാദേശിക വാഹന ഡ്രൈവർമാർക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ ലഭ്യമാക്കാനും ഈ സംവിധാനം സഹായകമാകുമെന്നാണ് പ്രതീക്ഷ.

രണ്ട് ആപ്ലിക്കേഷനുകളും നിലവിൽ ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാണ്.

ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നതിനുള്ള ലിങ്കുകൾ:

ആപ്പ് ഉപയോഗിക്കുന്ന വിധം വിശദീകരിക്കുന്ന വീഡിയോകൾ:

Leave a Reply

Your email address will not be published. Required fields are marked *