ചെത്ത്ലാത്തിൽ ‘ ഫീനിക്സ് ക്ലീൻ അറ്റോൾ’ പദ്ധതിക്ക് തുടക്കം; സമുദ്ര-തീരദേശ സംരക്ഷണത്തിന് തുടർപ്രവർത്തനങ്ങളുമായി ഫീനിക്സ്.

ചെത്ത്ലാത്ത്: ഫീനിക്സ് ആർട്സ് ആൻഡ് സ്പോർട്സ് അസോസിയേഷന്റെ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി സമുദ്ര-തീരദേശ പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ടുള്ള ‘ ഫീനിക്സ് ക്ലീൻ അറ്റോൾ’ (FENIX CLEAN ATOLL) പദ്ധതിക്ക് തുടക്കമായി. ലക്ഷദ്വീപ് പരിസ്ഥിതി-വനം വകുപ്പുമായി സഹകരിച്ച് നവംബർ 21-ലോക മത്സ്യബന്ധന ദിനത്തിലാണ്   പദ്ധതിയുടെ ഉദ്ഘാടനം സംഘടിപ്പിച്ചത്.

ഒറ്റദിവസത്തെ ശുചീകരണ പരിപാടിയിൽ ഒതുങ്ങാതെ, ദ്വീപിലെ കടൽത്തീരങ്ങളുടെയും ലഗൂണിന്റെയും സംരക്ഷണത്തിനായി തുടർച്ചയായ പ്രവർത്തനങ്ങൾ നടത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം എന്നും നിശ്ചിത ഇടവേളകളിൽ ശുചീകരണ പ്രവർത്തനങ്ങൾ, പരിസ്ഥിതി ബോധവത്കരണ പരിപാടികൾ, വിദ്യാർത്ഥികളുടെയും യുവജനങ്ങളുടെയും പങ്കാളിത്തത്തോടെയുള്ള സംരക്ഷണ പ്രവർത്തനങ്ങൾ എന്നിവ സംഘടിപ്പിക്കാനാണ് അസോസിയേഷൻ ലക്ഷ്യമിടുന്നത്.

ചെത്ത്ലാത്ത് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് സമീപമുള്ള കടൽത്തീരത്ത് സംഘടിപ്പിച്ച  ചടങ്ങ് ഡെപ്യൂട്ടി കളക്ടർ കം സി.ഇ.ഒ. ശ്രീ. ശശികുമാർ, ഡാനിക്സ്, ഉദ്ഘാടനം ചെയ്തു. ദ്വീപിലെ കടൽത്തീരങ്ങൾ വൃത്തിയായി സൂക്ഷിക്കേണ്ടതിന്റെയും ദ്വീപിന്റെ പ്രകൃതിഭംഗി നിലനിർത്തേണ്ടതിന്റെയും പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടി. പരിസ്ഥിതി സംരക്ഷണത്തിൽ പൊതുജനങ്ങളുടെ കൂട്ടായ പങ്കാളിത്തം അനിവാര്യമാണെന്നും അദ്ദേഹം ഉദ്ഘാടന സന്ദേഷത്തിൽ കൂട്ടിച്ചേർത്തു.

ഫീനിക്സ് ആർട്സ് ആൻഡ് സ്പോർട്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് റമീർ തസ്ലീം ഖാൻ ൻ്റെ സ്വാഗത  പ്രസംഗത്തോടെ ആരംഭിച്ച ചടങ്ങിൽ  ചെത്ത്ലാത്ത് മെഡിക്കൽ ഓഫീസർ ഡോ. അസ്ലഹ ബീഗം സുഹ്‌റ, സ്റ്റേഷൻ ഹൗസ് ഓഫീസർ ഖലീൽ എന്നിവർ ആശംസ അറിയിക്കുകയും  തുടർന്ന് നടന്ന ബോധവത്കരണ പരിപാടിയിൽ പരിസ്ഥിതി-വനം വകുപ്പ് ഫോറസ്റ്റർ ഫർസാദ് സി.പി. ലഗൂൺ സംരക്ഷണത്തിന്റെ പ്രാധാന്യം വിശദീകരിച്ചു . ദ്വീപ് എന്നാൽ കടൽത്തീരം വരെയുള്ള കരഭാഗം മാത്രമാണെന്ന ധാരണ പലർക്കുമുണ്ടെന്നും എന്നാൽ ദ്വീപിനെ ചുറ്റിപ്പറ്റിയുള്ള ലഗൂണും നമ്മുടെ നാടിന്റെ അവിഭാജ്യഘടകമാണെന്നും അദ്ദേഹം പറഞ്ഞു. കരഭാഗം സംരക്ഷിക്കുന്ന അതേ ഉത്തരവാദിത്തത്തോടെ ലഗൂണിനെയും സംരക്ഷിക്കണമെന്നും കടലിലേക്ക് മാലിന്യങ്ങൾ വലിച്ചെറിയുന്ന പ്രവണത അവസാനിപ്പിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ബോധവൽക്കരണത്തിൻ്റെ തുടർച്ച എന്നോണം ഫിഷറീസ് വകുപ്പ് ടെക്നിക്കൽ അസിസ്റ്റന്റ് പി.പി. സയീദ് കടൽത്തീര ശുചിത്വത്തെക്കുറിച്ച് പരാമർഷിക്കുയും സ്വന്തം പരിസരം വൃത്തിയാക്കുന്നതിനൊപ്പം മറ്റുള്ളവർ ഉപയോഗിക്കുന്ന കടൽത്തീരങ്ങളിൽ മാലിന്യങ്ങൾ തള്ളാതിരിക്കാനും ശ്രദ്ധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കടലും തീരവും സംരക്ഷിക്കുന്നത് ഓരോ ദ്വീപുനിവാസിയുടെയും ഉത്തരവാദിത്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഫീനിക്സ് വൈസ് പ്രസിഡന്റ് മുഹമ്മദ് ഹുസൈൻ ൻ്റെ  നന്ദി പ്രസംഗത്തോടെ അവസാനിക്കുകയും ചെയ്ത ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷം ഫീനിക്സ് പ്രസിഡൻ്റ് സലീമുദ്ധീൻ്റെ നേതൃത്വത്തിൽ   വിദ്യാർത്ഥികളും നാട്ടുകാരും ചേർന്ന് കടൽത്തീരത്തും ലഗൂണിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. പ്ലാസ്റ്റിക് കുപ്പികൾ, ഭക്ഷണപ്പൊതികളുടെ കവറുകൾ, ഉപേക്ഷിക്കപ്പെട്ട കയറുകൾ, മത്സ്യബന്ധന വലകൾ, ഡയപ്പറുകൾ, ചെരിപ്പുകൾ, സ്ലൈഡുകൾ തുടങ്ങിയവ ഉൾപ്പെടെ ഏകദേശം 30 ചാക്ക് മാലിന്യങ്ങളാണ് ശേഖരിച്ചത്.

ചെത്ത്ലാത്ത് പി.എം. ശ്രീ ഡോ. എ.പി.ജെ. അബ്ദുൾ കലാം മെമ്മോറിയൽ ഗവൺമെന്റ് സീനിയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ്.  വിദ്യാർത്ഥികളും  ശുചീകരണ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തു. യുവജനങ്ങളുടെയും വിദ്യാർത്ഥികളുടെയും പങ്കാളിത്തം പരിപാടിയുടെ ശ്രദ്ധേയമായ ഘടകമായി.



പത്തുവർഷത്തെ സാമൂഹിക സേവന പ്രവർത്തനങ്ങളുടെ തുടർച്ചയായി ‘ ഫീനിക്സ്ക്സ് ക്ലീൻ അറ്റോൾ’ സ്ഥിരമായ ഒരു സമുദ്ര-പരിസ്ഥിതി സംരക്ഷണ കൂട്ടായ്മയായി മുന്നോട്ടുകൊണ്ടുപോകാനാണ് അസോസിയേഷന്റെ തീരുമാനം. സർക്കാർ വകുപ്പുകളുടെയും വിവിധ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ തുടർ ശുചീകരണ പ്രവർത്തനങ്ങളും ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കും എന്ന് ഫിനിക്സ് പ്രസിഡൻ്റ് സലീമുദ്ധീൻ പ്രക്യാപിച്ചു.

ദ്വീപിന്റെ പ്രകൃതിസമ്പത്ത് സംരക്ഷിക്കുന്നതിനൊപ്പം യുവതലമുറയിൽ പരിസ്ഥിതി അവബോധവും സാമൂഹിക ഉത്തരവാദിത്തവും വളർത്തുക എന്നതും പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. സമൂഹസേവന രംഗത്തെ പ്രവർത്തനങ്ങൾ തുടർന്നുകൊണ്ട് ചെത്ത്ലാത്തിന്റെ സുസ്ഥിര ഭാവിക്കായി കൂടുതൽ യുവജനങ്ങളെ കൂട്ടായ പ്രവർത്തനങ്ങളിലേക്ക് കൊണ്ടുവരാനാണ് ഫീനിക്സ് ലക്ഷ്യമിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *