ലക്ഷദ്വീപിൽ ഓറഞ്ച് അലർട്ട്; ജാഗ്രത നിർദേശം

കവരത്തി: ലക്ഷദ്വീപിൽ കടലേറ്റൽ (Swell Surge) പ്രതിഭാസത്തിന് സാധ്യതയുള്ളതിനാൽ അധികൃതർ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് (IMD)യും ദേശീയ സമുദ്ര വിവര സേവന കേന്ദ്രം (INCOIS)യും ചേർന്നാണ് മുന്നറിയിപ്പ് നൽകിയത്.

2026 സെപ്റ്റംബർ 26 രാത്രി 11.30 വരെ തീരപ്രദേശങ്ങളിൽ 0.8 മീറ്റർ മുതൽ 1.6 മീറ്റർ വരെ ഉയരമുള്ള തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

ലക്ഷദ്വീപ് ദുരന്തനിവാരണ അതോറിറ്റിയുടെ നിർദേശപ്രകാരം കവരത്തി അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. കടലിൽ സർവീസ് നടത്തുന്ന ബോട്ട് ഓപ്പറേറ്റർമാർ അതീവ ജാഗ്രത പാലിക്കണമെന്നും അപകടങ്ങൾ ഒഴിവാക്കാൻ ബോട്ടുകൾ തമ്മിൽ സുരക്ഷിതമായ അകലം പാലിച്ച് നങ്കൂരമിടണമെന്നും നിർദേശിച്ചു.

ബോട്ട് യാത്രകളിൽ യാത്രികരുടെയും ജീവനക്കാരുടെയും ലൈഫ് ജാക്കറ്റ് ഉപയോഗം ഉറപ്പാക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി നിർദേശം നൽകിയിട്ടുണ്ട്.

കൂടാതെ, കടൽ പ്രവർത്തനങ്ങൾക്കും വിനോദസഞ്ചാരികൾ ഉൾപ്പെടെയുള്ളവർ കടലിൽ ഇറങ്ങുന്നതിനും ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദ പ്രവർത്തനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അധികൃതരുടെ നിർദേശങ്ങൾ പാലിച്ച് എല്ലാവരും ജാഗ്രത പുലർത്തണമെന്ന് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *