സീ പ്ലെയിൻ പദ്ധതി അടിമുടി പാളി
കൊച്ചി–ലക്ഷദ്വീപ് റൂട്ടിലെ അനുമതികൾ അവസാന നിമിഷം റദ്ദാക്കി ലക്ഷദ്വീപ് ഭരണകൂടം

കൊച്ചി: കൊച്ചി–ലക്ഷദ്വീപ് റൂട്ടിൽ സീ പ്ലെയിൻ സർവീസ് ആരംഭിക്കാനുള്ള പദ്ധതിക്ക് തിരിച്ചടി. സർവീസ് നടത്തുന്നതിനായി സ്കൈഹോപ്പ് ഏവിയേഷനു നൽകിയിരുന്ന അനുമതികളെല്ലാം ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ഇടപെട്ട് റദ്ദാക്കിയതായി റിപ്പോർട്ട്.

സർവീസ് നടത്തുന്നതിനുള്ള സാങ്കേതിക സൗകര്യങ്ങളും പ്രവർത്തനങ്ങൾക്ക് ആവശ്യമായ പിന്തുണയും ലക്ഷദ്വീപിൽ ഇല്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് അധികൃതർ പദ്ധതിയിൽ നിന്ന് പിന്മാറിയതെന്നാണ് റിപ്പോർട്ട്. ജൂലൈ 19 മുതൽ പലവട്ടം ഉദ്ഘാടന തീയതി നിശ്ചയിച്ചിരുന്നെങ്കിലും അവസാന നിമിഷം അധികൃതർ പിന്നാക്കം പോകുകയായിരുന്നു.

സെപ്റ്റംബർ 15, 16 തീയതികളിൽ ഏതെങ്കിലും ദിവസം ഉദ്ഘാടനം നടത്താമെന്ന് അധികൃതർ കമ്പനിക്ക് വാക്കാൽ അറിയിച്ചിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്. എന്നാൽ ഉദ്ഘാടനം നടക്കാതെ വന്നതിനു പിന്നാലെ പദ്ധതിയിൽ നിന്ന് പിന്മാറുകയാണെന്ന വിവരം അധികൃതർ സ്കൈഹോപ്പ് ഏവിയേഷനെ അറിയിക്കുകയായിരുന്നു.

തുടർന്ന് സർവീസിനായി ദ്വീപ് ഭരണകൂടം കമ്പനിക്ക് നൽകിയിരുന്ന അനുമതികളെല്ലാം റദ്ദാക്കുന്നതായുള്ള വിവരം ലക്ഷദ്വീപ് കലക്ടർ മുഖേന എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയെയും രേഖാമൂലം അറിയിച്ചു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിദേശത്തുനിന്നുമുള്ള വിനോദസഞ്ചാരികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പദ്ധതിയാണ് അധികൃതരുടെ തീരുമാനത്തോടെ അനിശ്ചിതത്വത്തിലായത്.

Leave a Reply

Your email address will not be published. Required fields are marked *