ജനതയുടെ താൽപര്യം മുൻനിർത്തി രാഷ്ട്രീയ ഐക്യം വേണം; ഓൺലൈൻ യോഗവുമായി മിസ്രാവ്

ലക്ഷദ്വീപിലെ നിലവിലെ സാമൂഹിക വിഷയങ്ങളും ജനങ്ങൾ നേരിടുന്ന ആശങ്കകളും ചർച്ച ചെയ്യുന്നതിനായി വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളെയും പ്രതിനിധികളെയും പങ്കെടുപ്പിച്ച് ഓൺലൈൻ യോഗം സംഘടിപ്പിക്കാനൊരുങ്ങി മിസ്രാവ് ലക്ഷദ്വീപ്. ഒക്ടോബർ 10ന് രാത്രി 8 മണിക്ക് നടക്കുന്ന യോഗത്തിലേക്ക് വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾക്കും പ്രതിനിധികൾക്കും ക്ഷണം നൽകി.

ലക്ഷദ്വീപിൽ വിവിധ നിയമങ്ങളും നയങ്ങളും നടപ്പാക്കിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ജനങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനായി രാഷ്ട്രീയ നേതൃത്വങ്ങൾ അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവെച്ച് ഒരുമിച്ച് നിൽക്കേണ്ടത് അനിവാര്യമാണെന്ന് മിസ്രാവ് പുറത്തിറക്കിയ ക്ഷണക്കത്തിൽ ചൂണ്ടിക്കാട്ടുന്നു.

ജനങ്ങളുടെ കിടപ്പാടം പോലും നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് ആശങ്ക ഉയരുന്ന ടൗൺ ആൻഡ് കൺട്രി പ്ലാനിംഗ് ഉൾപ്പെടെയുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ട നടപടികൾ പുരോഗമിക്കുന്ന സാഹചര്യത്തിൽ, ജനങ്ങളുടെ താൽപര്യം മുൻനിർത്തി ലക്ഷദ്വീപിലെ രാഷ്ട്രീയ നേതൃത്വങ്ങൾ ഐക്യപ്പെടേണ്ടതിന്റെ ആവശ്യകതയും ക്ഷണക്കത്തിൽ വ്യക്തമാക്കുന്നു.

ലക്ഷദ്വീപിൽ പ്രവർത്തിക്കുന്ന മാധ്യമസ്ഥാപനം എന്ന നിലയിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെയും നേതാക്കളുടെയും പ്രതിനിധികളെ ഒരുമിച്ചിരുത്തി നിലവിലെ സാമൂഹിക വിഷയങ്ങൾ ഗൗരവമായി ചർച്ച ചെയ്യുന്നതിനും ജനങ്ങളുടെ ആശങ്കകളും അഭിപ്രായങ്ങളും പങ്കുവെക്കുന്നതിനുമായി ഒരു പൊതുവേദി ഒരുക്കുകയാണ് യോഗത്തിന്റെ ലക്ഷ്യമെന്ന് മിസ്രാവ് അറിയിച്ചു.

ലക്ഷദ്വീപ് എം.പി. അഡ്വ. മുഹമ്മദ് ഹംദുള്ള സയീദ്, മുൻ എം.പി. പി.പി. മുഹമ്മദ് ഫൈസൽ, എൻ.സി.പി. (എസ്.പി.) സംസ്ഥാന പ്രസിഡന്റ് അഡ്വ. കോയ അറഫ മിറാജ്, സി.പി.ഐ.(എം) സംസ്ഥാന സെക്രട്ടറി ഷാഫി ഖുറൈശി, സി.പി.ഐ സംസ്ഥാന സെക്രട്ടറി സി.ടി. നജ്മുദ്ദീൻ, സി.പി.ഐ.(എം) കോർഡിനേറ്റർ തുഫൈൽ, നാഷണൽ ലീഗ് സംസ്ഥാന പ്രസിഡന്റ് അബ്ദുൽ ഗഫൂർ കെ.എം., സാമൂഹിക പ്രവർത്തകൻ ഹുസ്നുൽ ജമ്ഹർ എന്നിവർക്കാണ് ക്ഷണക്കത്ത് നൽകിയിരിക്കുന്നത്.

2026 ഒക്ടോബർ 10ന് രാത്രി 8 മണിക്ക് നടക്കുന്ന ഓൺലൈൻ യോഗത്തിൽ രാഷ്ട്രീയ നേതാക്കളുടെയും പ്രതിനിധികളുടെയും സാന്നിധ്യവും അഭിപ്രായങ്ങളും പ്രതീക്ഷിക്കുന്നതായി മിസ്രാവ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *