കവരത്തി: രാഷ്ട്രീയ പ്രകടനങ്ങൾക്കും സമരങ്ങൾക്കും നിയമം മൂലം വിലക്ക് നിലനിൽക്കുന്ന ലക്ഷദ്വീപിൽ നിയമങ്ങൾ കാറ്റിൽ പറത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനം പ്രമാണിച്ച് അഗത്തി ദ്വീപിൽ പ്രകടനം സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി. പ്രവർത്തകർ. ഇതിനെതിരെ നാട്ടുകാർ പ്രതിഷേധിക്കണമെന്ന് കവരത്തി ദ്വീപിൽ നിന്നുള്ള പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു ബി.ജെ.പി നേതാവ് ദ്വീപ് ഡയറിയോട് പറഞ്ഞു. ലക്ഷദ്വീപ് ജനതയോടു കേന്ദ്ര ഗവൺമെൻ്റും ലക്ഷദ്വീപ് ഭരണകൂടവും കാണിക്കുന്ന ക്രൂരമായ നടപടികളിൽ പ്രതിഷേധിച്ച് ഒരു പ്രതിഷേധ പ്രകടനമോ സമരമോ മാർച്ചോ ഒന്നും സംഘടിപ്പിക്കുവാൻ രാഷ്ട്രീയപ്പാർട്ടികൾക്ക് അനുമതി ലഭിക്കാതിരിക്കുന്ന സമയത്താണ് ഭരണകക്ഷി അവരുടെ പ്രകടനം സംഘടിപ്പിക്കാൻ ഒരുങ്ങുന്നത്. ഇത് മറ്റുള്ള കക്ഷികളെ അവഹേളിക്കുന്നതിന് തുല്യമാണ്. പ്രതിഷേധങ്ങളും പ്രകടനങ്ങളും ജനാധിപത്യത്തിൻ്റെ ഭാഗമായ അവകാശമാണ്. അത് ഒരു കൂട്ടർക്ക് മാത്രം അവകാശപ്പെട്ടതല്ല. ലക്ഷദ്വീപ് ഭരണകൂടത്തിൻ്റെ ജനദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് പല മെമ്പർമാരും ബി.ജെ.പി വിട്ട് പോയിക്കൊണ്ടിരിക്കുകയാണ്.പാർട്ടി നാമമാത്രമായ വ്യക്തികളിൽ ഒതുങ്ങുമ്പോളാണ് കേന്ദ്രത്തിൽ നിന്നും പാർട്ടി നേതൃത്വത്തിന് കിട്ടുന്ന വൻതുക നിലനിന്ന് പോവാനുള്ള പൊടിക്കൈകൾ സംസ്ഥാന നേതൃത്വം നടത്തുന്നത്. ലക്ഷദ്വീപിൻ്റെ പുതിയ പ്രഭാരിയായി ചാർജെടുത്ത മുൻ കേന്ദ്ര മന്ത്രി ജോർജ് കുര്യനാണത്രെ നാളെ പ്രകടനത്തിൽ പങ്കെടുക്കാനായി അഗത്തിയിലെത്തുന്നത്. ജോർജ് കുര്യൻ പ്രഭാരിയായി ചാർജെടുത്ത് ആദ്യമെത്തുന്ന പരിപാടിയായതിനാൽ സംഗതി കളറാക്കി മാറ്റാനുള്ള നെട്ടോട്ടത്തിലാണ് പാർട്ടി ഭാരവാഹികൾ.
