കടമത്ത് ദ്വീപിന്റെ ചരിത്രതാളുകളിൽ തെളിഞ്ഞുനിൽക്കുന്ന കൗതുകവും ഭക്തിയും നിറഞ്ഞ ഒരു പഴയകാല ആചാരമാണ് *ആണ്ടത്ത തിക്കീർ* . ജമാദുൽ അവ്വൽ മാസാരംഭത്തിൽ നാടൊന്നാകെ ആഘോഷിച്ചിരുന്ന ഈ തിക്കീറിന് പിന്നിൽ നന്മയുടെയും സഹവർത്തിത്വത്തിന്റെയും അതിശയകരമായ ഒരു കഥയുണ്ട്.
1939-ലാണ് ആ ഭീതിദമായ കാലഘട്ടം. കടമത്ത് ദ്വീപിൽ *തട്ടുകിലശം* (ഛർദ്ദിയും വയറിളക്കവും) എന്ന പകർച്ചവ്യാധി പടർന്നുപിടിച്ചു. മരുന്ന് കുറവുള്ള അക്കാലത്ത് തട്ടുകിലശം പിടിച്ചാൽ മരണം ഉറപ്പായിരുന്നു. നിരവധി ജീവനുകൾ പൊലിഞ്ഞു വീണപ്പോൾ, ദ്വീപിലെ ഉലമാക്കളും മശാഇഖന്മാരും ഒരു വഴി കണ്ടെത്തി
മുഹിയുദ്ദീൻ പള്ളിയിലെയും ഉജ്റാ പള്ളിയിലെയും ഖാദിരിയ്യാ-രിഫാഇയ്യാ മുരീദുമാർ ഒന്നിച്ചുചേർന്ന് ഒരു തിക്കീർ (റാത്തീബ്) നടത്തുക. അന്ന് കടമത്തിലെ അഞ്ച് പ്രധാന തറവാടുകളിൽ ഒന്നായ *തേരക്കൽ തറവാട്ടിൽ* വെച്ചായിരുന്നു ഈ ചടങ്ങ്. തിക്കീറിനു ശേഷമുള്ള നേർച്ചച്ചീരണിക്കായി ദ്വീപിലെ എല്ലാ വീടുകളിൽ നിന്നും ഒരു പിടി അരിയും മറ്റു സാധനങ്ങളും ശേഖരിച്ചു. നാടൊട്ടുക്കും ഒത്തുചേർന്ന് നടത്തിയ ആ തിക്കീറോടെ, അതുവരെ ഭീതി വിതച്ച ആ പകർച്ചവ്യാധി കടമത്ത് ദ്വീപിനോട് വിടപറഞ്ഞു.
പിൽക്കാലത്ത് കോയാ തങ്ങൾ എന്നറിയപ്പെടുന്ന മുഹമ്മദ് ഖാസിം സാനി (റ) ഈ നേർച്ച തേരക്കലിൽ നിന്ന് ഉജ്റാ പള്ളിയിലേക്ക് മാറ്റാൻ നിർദ്ദേശിച്ചു. എങ്കിലും ആചാരം തുടങ്ങിയ ഇടം എന്ന നിലയിൽ, ഉജ്റായിൽ കിട്ടുന്ന വിഹിതത്തിൽ നിന്ന് 5 ബള്ളം അരിയും മറ്റ് ഭക്ഷ്യവസ്തുക്കളും തേരക്കൽ തറവാട്ടിലേക്ക് നൽകാനും, അവിടെ ചെറിയ രീതിയിൽ നേർച്ച തുടരാനും തങ്ങൾ നിർദേശിച്ചു. കൂടാതെ, മുഹിയുദ്ദീൻ പള്ളിക്കാർ 3 കളശിയുമായി ഉജ്റായിൽ തിക്കീറിന് എത്തണമെന്ന നിബന്ധനയും അദ്ദേഹം മുന്നോട്ടുവെച്ചു.
ഏതാണ്ട് ഇരുപത് വർഷങ്ങൾക്കു മുമ്പ് വരെ ഈ ആചാരം മുടങ്ങാതെ പോന്നിരുന്നു.
കള്ളന്മാരെ കാത്തിരുന്ന വീട്ടുകാരും രസകരമായ മോഷ്ടിക്കലും
ആണ്ടത്ത തിക്കീറിന്റെ ഏറ്റവും രസകരവും കൗതുകകരവുമായ ഭാഗം അതിന്റെ രാത്രിയിൽ നടക്കുന്ന വൈവിധ്യമാർന്ന മോഷണങ്ങളാണ്
ദാരിദ്ര്യം നിറഞ്ഞ കാലമായിരുന്നതിനാൽ, ശേഷിയുള്ളവർ മറ്റുള്ളവർക്ക് വയറുനിറയെ ഭക്ഷണം കഴിക്കാനായി തിക്കീറിന്റെ രാത്രിയിൽ പലഹാരങ്ങളും വിഭവങ്ങളും ഉണ്ടാക്കിവെക്കും. എന്നിട്ട് വാതിലടച്ച് ഉള്ളിലിരിക്കും യുവാക്കളുടെ സംഘങ്ങൾ ഈ വീടുകളിൽ കയറി ആ ഭക്ഷണമെല്ലാം തന്ത്രപൂർവ്വം മോഷ്ടിച്ച് കൊണ്ടുപോകും. സ്വന്തം വീട്ടിലെ അടുക്കളയിൽ കയറി ഭക്ഷണം അടിച്ചുകൊണ്ട് പോകുന്ന വിരുതന്മാരും അക്കൂട്ടത്തിലുണ്ടായിരുന്നു
വീട്ടുകാരെ പുറത്തിറക്കാൻ അവർ പ്രയോഗിച്ചിരുന്ന തന്ത്രങ്ങൾ തികച്ചും വിചിത്രമായിരുന്നു
ആളുകളെ പേടിപ്പിച്ച് പുറത്തിറക്കാൻ ചിലർ ജിന്നിന്റെ വേഷം കെട്ടി നടന്നു.
മറ്റു ചിലരാകട്ടെ തേങ്ങയിൽ ആണിയടിച്ച് നൂല് കെട്ടി വീട്ടുമുറ്റത്തേക്ക് എറിയും. ശബ്ദം കേട്ട് വീട്ടുകാർ എത്തുമ്പോൾ ഇരുട്ടത്തിരുന്ന് നൂല് പതുക്കെ വലിക്കും. തേങ്ങ തനിയെ ഉരുളുന്നത് കണ്ട് വീട്ടുകാർ പേടിച്ചോടുമ്പോൾ അടുക്കളയിൽ കയറി ഭക്ഷണം കൈക്കലാക്കും
ഇങ്ങനെ മോഷ്ടിച്ചെടുക്കുന്ന ഭക്ഷണമെല്ലാം ഫാണ്ടിയാലയിൽ വെച്ചാണ് എല്ലാവരും ചേർന്ന് ആസ്വദിച്ച് കഴിച്ചിരുന്നത്.
സ്നേഹത്തിന്റെ അപൂർവ്വ ഓർമ്മ
വീട്ടിൽ വെച്ച ഭക്ഷണം മോഷണം പോയെന്നറിഞ്ഞിട്ടും അന്ന് ആരും പരാതി പറഞ്ഞില്ല. തങ്ങൾ ഉണ്ടാക്കിവെച്ച ഭക്ഷണം ആരോ വയറുനിറയെ കഴിച്ചല്ലോ എന്ന സന്തോഷമായിരുന്നു ആ നന്മയുള്ള മനുഷ്യർക്ക്. മോഷ്ടാക്കൾ ആരാണെന്ന് അറിഞ്ഞിട്ടും അറിയാത്ത ഭാവം നടിച്ച ആ പഴയ തലമുറയുടെ നന്മയാണ് ഈ ആചാരത്തെ ഇത്രമേൽ മനോഹരമാക്കുന്നത്.
ഇന്ന് ഈ ആചാരം ഓർമ്മ മാത്രമായി മാറിയെങ്കിലും, എഴുപത് പിന്നിട്ട കടമത്തുകാരുടെ മനസ്സിൽ ആ പഴയ തിക്കീറിന്റെയും രസകരമായ മോഷണങ്ങളുടെയും ഓർമ്മകൾ ഇന്നും മായാതെ നിലനിൽക്കുന്നു
ഹാഫിസ് അബ്‌ദുൽ ഗഫൂർ TGT
