കൊച്ചി: ലക്ഷദ്വീപ് നിവാസികളോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണമെന്ന് കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവ. എംപ്ലോയീസ് ആൻഡ് വർക്കേഴ്സ് ആവശ്യപ്പെട്ടു. ദ്വീപിലെ സിവിൽ സർവീസ് പൂർണമായും ഇല്ലാതാക്കുന്നതിന്റെ ഭാഗമായി 116 പേരെ കേന്ദ്ര സിവിൽ സർവീസ് ഫണ്ടമെന്റൽ റൂൾ 56 പ്രകാരം പിരിച്ചുവിട്ടതായി സംഘടന ആരോപിച്ചു.ലക്ഷദ്വീപിലുള്ള 5827 തസ്തികകളിൽ 3575 പേർ മാത്രമാണ് നിലവിൽ ജോലി ചെയ്യുന്നതെന്നും സംഘടന ചൂണ്ടിക്കാട്ടി. ഇതിനുപുറമെ, പുനഃസംഘടനയുടെ പേരിൽ ദ്വീപിലെ 40 വകുപ്പുകൾ ഏകീകരിച്ച് 26 ആക്കി ചുരുക്കിയതായും ആരോപണമുണ്ട്. നിലവിൽ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന നിരവധി ജീവനക്കാരുടെ തസ്തികകൾ വെട്ടിക്കുറയ്ക്കുന്ന നടപടികൾ തുടരുകയാണെന്നും സംഘടന പറഞ്ഞു.ലക്ഷദ്വീപ് സിവിൽ സർവീസിനേ തകർക്കുന്ന നീക്കങ്ങളിൽ നിന്ന് കേന്ദ്രസർക്കാർ പിന്മാറണം. വിദ്യാഭ്യാസം, മെഡിക്കൽ രംഗത്ത് നടപ്പാക്കുന്ന ജനവിരുദ്ധ നടപടികൾ പിൻവലിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ സമരത്തിന് നേതൃത്വം നൽകുമെന്ന് ജില്ലാ പ്രസിഡന്റ് എം.കെ. അബ്ദിലാഷ്, സെക്രട്ടറി പി.ബി. സുധീഷ് ബാബു എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.
കടപ്പാട്: ദേശാഭിമാനി
