കവരത്തി: ലക്ഷദ്വീപിലെ വിവിധ ദ്വീപുകളിൽ ഒക്ടോബർ 2ന് ചേർന്ന ഗ്രാമസഭകളിൽ ശക്തമായ ജനപ്രതിഷേധം. കിൽത്താൻ, അമിനി ഉൾപ്പെടെയുള്ള ദ്വീപുകളിൽ ഗ്രാമസഭാ യോഗങ്ങളിൽ പങ്കെടുത്ത നാട്ടുകാർ പ്രതിഷേധിച്ച് യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. കഴിഞ്ഞ നാല് വർഷമായി ലക്ഷദ്വീപിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടത്താത്തതും ജനപ്രതിനിധികളുടെ പ്രാതിനിധ്യം ഇല്ലാത്തതുമാണ് പ്രതിഷേധത്തിന് പ്രധാന കാരണമായി ഉയർന്നത്.
സാധാരണയായി പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷനാകുന്ന ഗ്രാമസഭകളിൽ ഇത്തവണ ഡെപ്യൂട്ടി കളക്ടർ ഉൾപ്പെടെയുള്ള ഭരണകൂട ഉദ്യോഗസ്ഥരാണ് അധ്യക്ഷ സ്ഥാനം വഹിച്ചത്. ഇതിനെതിരെയും യോഗങ്ങളിൽ പ്രതിഷേധം ഉയർന്നു. ജനപ്രതിനിധികളില്ലാത്ത സാഹചര്യത്തിൽ ഭരണകൂട ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഗ്രാമസഭകൾ നടത്തുന്നത് ജനങ്ങളുടെ പ്രാദേശിക ഭരണത്തിലുള്ള പങ്കാളിത്തവും അവകാശങ്ങളും പരിമിതപ്പെടുത്തുന്നതാണെന്ന നിലപാടാണ് പ്രതിഷേധക്കാർ ഉയർത്തിയത്.
പഞ്ചായത്ത് തിരഞ്ഞെടുപ്പ് വൈകുന്നതും ജനപ്രതിനിധികളുടെ അഭാവവും സംബന്ധിച്ച ആശങ്കകൾ ഗ്രാമസഭകളിൽ നാട്ടുകാർ ഉന്നയിച്ചു. ഭരണകൂടത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള സംവിധാനത്തിനെതിരെയുള്ള പ്രതിഷേധമായാണ് വിവിധ ദ്വീപുകളിൽ നടന്ന വാക്ക് ഔട്ട് വിലയിരുത്തപ്പെടുന്നത്. ഒക്ടോബർ 2ന് വിവിധ ദ്വീപുകളിൽ ഒരേ ദിവസം ഗ്രാമസഭകളിൽ പ്രതിഷേധം ഉയർന്നത് വിഷയത്തിന്റെ ഗൗരവം വ്യക്തമാക്കുന്നതാണെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടി.
