ഡ്രാഫ്റ്റ് ഒന്ന്… അന്തിമ നിയമം മറ്റൊന്ന്…


~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
2021 ലെ ഡ്രാഫ്റ്റിൽ 137 സെക്ഷനുകൾ മാത്രം…….

2026 ൽ, അത് ഫൈനൽ നിയമമാകുമ്പോൾ 154 സെക്ഷനുകൾ……….

ലക്ഷദ്വീപ് Town & Country Planning Regulation 2026 — പൊതുജനങ്ങൾക്ക് അറിയേണ്ടത്

ലക്ഷദ്വീപിന്റെ ഭൂമി വളരെ പരിമിതമാണ്. അതുകൊണ്ടുതന്നെ ഭൂമിയുടെ ഉപയോഗം, നിർമ്മാണം, റോഡുകൾ, പൊതു സ്ഥലങ്ങൾ, പരിസ്ഥിതി, വികസന പദ്ധതികൾ എന്നിവയെ നിയന്ത്രിക്കുന്ന ഒരു Town & Country Planning നിയമം സാധാരണക്കാരുടെ ജീവിതത്തെ നേരിട്ട് ബാധിക്കുന്നതാണ്.

2026-ൽ Lakshadweep Town and Country Planning and Development Regulation നിലവിൽ വന്നിട്ടുണ്ട്. ഔദ്യോഗിക വിജ്ഞാപനം 2026 ജൂലൈ 29-ന് പ്രസിദ്ധീകരിക്കുകയും Regulation പ്രാബല്യത്തിൽ വരികയും  ചെയ്തിട്ടുണ്ട്.

എന്നാൽ ഇവിടെ ഉയരുന്ന പ്രധാന ചോദ്യം മറ്റൊന്നാണ്:

പൊതുജനങ്ങൾക്ക് കാണിച്ച ഡ്രാഫ്റ്റ് എന്തായിരുന്നു?

അവസാനം നടപ്പാക്കിയ Regulation എന്താണ്?”

Pre-Legislative Consultation Policy എന്താണ് പറയുന്നത്?

2014-ൽ കേന്ദ്രസർക്കാർ Pre-Legislative Consultation Policy (PLCP) രൂപീകരിച്ചു. നിയമനിർമ്മാണത്തിന് മുമ്പ് അത് ബാധകമാകുന്ന ഇടങ്ങളിലെ പൊതുജനങ്ങളുടെയും മറ്റ് വിഭാഗങ്ങളുടെയും അഭിപ്രായം സ്വീകരിക്കുന്നതിനുള്ള ഒരു സംവിധാനമാണിത്.

ഈ നയപ്രകാരം, നടപ്പിൽ വരുത്തുവാൻ ഉദ്ദേശിക്കുന്ന നിയമം പൊതുജനങ്ങൾക്ക് മുന്നിൽ പ്രസിദ്ധീകരിക്കുമ്പോൾ അതിന്റെ ആവശ്യം, പ്രധാന വ്യവസ്ഥകൾ, സാമ്പത്തിക പ്രത്യാഘാതം, പരിസ്ഥിതി, അടിസ്ഥാന അവകാശങ്ങൾ, ജനങ്ങളുടെ ജീവിതത്തിലും ഉപജീവനത്തിലും ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങൾ തുടങ്ങിയ വിവരങ്ങൾ പൊതുയിടത്തിൽ പ്രസിദ്ധീകരിക്കണമെന്ന് പറയുന്നു.

അതുമാത്രമല്ല, ഇത്തരം വിവരങ്ങൾ സാധാരണയായി കുറഞ്ഞത് 30 ദിവസം പൊതുജനങ്ങൾക്ക് ലഭ്യമാക്കി അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വീകരിക്കണമെന്നും നയം പറയുന്നു.

നിയമം ഒരു പ്രത്യേക വിഭാഗം ജനങ്ങളെ ബാധിക്കുന്നതാണെങ്കിൽ, ആ വിഭാഗത്തിലെ ആളുകളിലേക്ക് വിവരം എത്തിക്കുന്നതിനായി കൂടുതൽ പ്രചാരണം നൽകണമെന്നും നയം വ്യക്തമാക്കുന്നു.

അഭിപ്രായം ചോദിക്കുന്നത് മാത്രം മതിയോ?

ഇവിടെയാണ് മറ്റൊരു പ്രധാന കാര്യം.

പൊതുജനങ്ങളിൽ നിന്നും stakeholders-ൽ നിന്നും ലഭിച്ച feedback/comments-ന്റെ summary ബന്ധപ്പെട്ട Department/Ministry-യുടെ website-ൽ പ്രസിദ്ധീകരിക്കണമെന്നും നയം പറയുന്നു.

കൂടാതെ, Cabinet-ന് സമർപ്പിക്കുന്ന note-ൽ stakeholders-ൽ നിന്നും ലഭിച്ച അഭിപ്രായങ്ങളുടെ സംഗ്രഹവും അതിനോടുള്ള സർക്കാരിന്റെ പ്രതികരണവും ഉൾപ്പെടുത്തേണ്ടതാണെന്നും പറയുന്നു.

അതായത്,

Draft പ്രസിദ്ധീകരിക്കുക → ജനങ്ങളുടെ അഭിപ്രായം സ്വീകരിക്കുക → അഭിപ്രായങ്ങൾ പരിഗണിക്കുക → എന്ത് മാറ്റി, എന്തുകൊണ്ട് മാറ്റി എന്നത് വ്യക്തമാക്കുക

എന്നതാണ് ഈ consultation framework-ന്റെ അടിസ്ഥാന ആശയം.

ഇനി ലക്ഷദ്വീപിലേക്ക് വരാം

ലക്ഷദ്വീപ് Town & Country Planning നിയമം സാധാരണ ഭൂനിയമമല്ല.

ഇത് ഭൂമിയുടെ ഉപയോഗത്തെയും വികസനത്തെയും ബാധിക്കുന്ന നിയമമാണ്.

എന്നാൽ ഒരു പ്രധാന ചോദ്യം

പൊതുജനങ്ങൾക്ക് ആദ്യം നൽകിയ Draft Regulation-ൽ ഉണ്ടായിരുന്ന വ്യവസ്ഥകളും പിന്നീട് പ്രസിദ്ധീകരിച്ച Final Regulation-ലെ വ്യവസ്ഥകളും തമ്മിൽ കാര്യമായ വ്യത്യാസങ്ങൾ ഉണ്ടോ?

ഉണ്ടെങ്കിൽ, ആ വ്യത്യാസങ്ങൾ എന്തൊക്കെയാണ്? ആ മാറ്റങ്ങൾ പൊതുജനങ്ങളെ അറിയിച്ചിരുന്നോ? പുതിയ വ്യവസ്ഥകൾക്ക് വീണ്ടും പൊതുജനങ്ങളുടെ അഭിപ്രായം തേടേണ്ട സാഹചര്യം ഉണ്ടായിരുന്നോ? ലഭിച്ച objections/suggestions എങ്ങനെ പരിഗണിച്ചു? പൊതുജനങ്ങളിൽ നിന്ന് ലഭിച്ച അഭിപ്രായങ്ങളുടെ summary പ്രസിദ്ധീകരിച്ചിട്ടുണ്ടോ?

ഇവയെല്ലാം പരിശോധിക്കേണ്ട കാര്യങ്ങളാണ്.

ഇത് നിയമം നിലവിൽ വന്നത് ശരിയാണോ തെറ്റാണോ എന്ന് പൊതുജനങ്ങൾ സ്വയം വിധിയെഴുതേണ്ട വിഷയമല്ല. നിയമനിർമ്മാണ പ്രക്രിയ എത്രത്തോളം സുതാര്യമായിരുന്നു എന്നതാണ് പരിശോധിക്കേണ്ടത്.

ഡ്രാഫ്റ്റിൽ നിന്ന് ഫൈനലിലേക്ക് മാറ്റം വരുന്നത് തെറ്റാണോ?

അല്ല.

ഒരു draft നിയമം അന്തിമമാകുമ്പോൾ മാറ്റങ്ങൾ വരുന്നത് സ്വാഭാവികമാണ്. Public consultation-ന്റെ ലക്ഷ്യങ്ങളിൽ ഒന്നുതന്നെ ലഭിക്കുന്ന അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിൽ draft മെച്ചപ്പെടുത്തുക എന്നതാണ്.

പക്ഷേ ചോദ്യം:

മാറ്റം വരുത്തിയോ?” എന്നതല്ല, എന്ത് മാറ്റം വരുത്തി, അതിന്റെ കാരണം എന്ത്, അതിനെക്കുറിച്ച് ആവശ്യമായ consultation നടന്നോ? എന്നതാണ്.

പ്രത്യേകിച്ച് ജനങ്ങളുടെ ഭൂമിയുടെ അവകാശം, ഭൂമിയുടെ ഉപയോഗം, നിർമ്മാണാവകാശം, development rights, compensation, planning restrictions തുടങ്ങിയ കാര്യങ്ങളെ ബാധിക്കുന്ന വ്യവസ്ഥകളാണെങ്കിൽ transparency കൂടുതൽ പ്രധാനമാണ്.

ലക്ഷദ്വീപിൽ ഇത് കൂടുതൽ പ്രധാനമാകുന്നത് എന്തുകൊണ്ട്?

ഒരു വലിയ ഭൂഖണ്ഡത്തിൽ ഒരു planning restriction വന്നാൽ മറ്റൊരു സ്ഥലത്തേക്ക് മാറാനുള്ള സാധ്യതയുണ്ടാകാം. എന്നാൽ ദ്വീപുകളിൽ ഭൂമിയുടെ ലഭ്യത തന്നെ പരിമിതമാണ്.

അതുകൊണ്ട് ഒരു planning regulation-ലെ ഒരു ചെറിയ വ്യവസ്ഥ പോലും:

ഒരു കുടുംബത്തിന്റെ ഭൂമിയുടെ ഉപയോഗത്തെ,
വീടുനിർമ്മാണത്തെ,
commercial activity-യെ,
റോഡ്/പൊതു സൗകര്യത്തിനായി ഭൂമി മാറ്റിവയ്ക്കുന്നതിനെ,
development potential-നെ,
ഭാവിയിലെ ഭൂമിയുടെ മൂല്യത്തെ
ബാധിക്കാൻ സാധ്യതയുണ്ട്.

അതിനാൽ നിയമം ഉണ്ടാക്കുന്നതും നിയമം ഉണ്ടാക്കുന്ന പ്രക്രിയ സുതാര്യമായിരിക്കുന്നതും രണ്ടും പ്രധാനമാണ്.

ഒരു കാര്യം കൂടി ശ്രദ്ധിക്കണം

2026 Regulation-ൽ തന്നെ Transferable Development Right (TDR), TDR for posterity, public-purpose land തുടങ്ങിയ ആശയങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

അതുകൊണ്ട് ഈ Regulation ലക്ഷദ്വീപിലെ ഭൂമിയുടെ ഭാവിയുമായി ബന്ധപ്പെട്ട വളരെ പ്രധാനപ്പെട്ട നിയമമാണ്.

ഇത്തരം ഒരു നിയമത്തിൽ,

Draft എന്തായിരുന്നു?
Final എന്തായി?
എന്തൊക്കെ മാറ്റി?
എന്തുകൊണ്ട് മാറ്റി?
ജനങ്ങളുടെ അഭിപ്രായങ്ങൾ എന്തായിരുന്നു?
ആ അഭിപ്രായങ്ങൾക്ക് എന്ത് സംഭവിച്ചു?

എന്നിവ പൊതുജനങ്ങൾ അറിയുന്നത് ജനാധിപത്യപരമായും നിയമപരമായും പ്രധാനമാണ്.

ജനങ്ങൾ ചോദിക്കേണ്ടത് ഇതാണ്:

നിയമം വേണമോ വേണ്ടയോ? എന്നതിലുപരി,

നിയമം ഉണ്ടാക്കുന്ന പ്രക്രിയ സുതാര്യമായിരുന്നോ?

പൊതുജനങ്ങൾക്ക് യഥാർത്ഥ Draft അറിയാൻ കഴിഞ്ഞോ?

Draft-നും Final-നും ഇടയിലെ പ്രധാന വ്യത്യാസങ്ങൾ എന്തൊക്കെയാണ്?

ആ മാറ്റങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്ക് അഭിപ്രായം പറയാനുള്ള അവസരം ലഭിച്ചോ?

ലഭിച്ച അഭിപ്രായങ്ങൾ പരിഗണിച്ചതിന്റെ രേഖകൾ എവിടെയാണ്?

ഇവയ്ക്ക് വ്യക്തമായ മറുപടി ലഭിക്കേണ്ടതാണ്.

ലക്ഷദ്വീപിന്റെ വികസനം ആവശ്യമാണ്.
പക്ഷേ വികസനത്തിന്റെ നിയമങ്ങളും ജനങ്ങൾക്ക് മനസ്സിലാകുന്ന വിധം സുതാര്യമായി രൂപപ്പെടണം.

Draft വായിക്കാം. Final വായിക്കാം.
രണ്ടും താരതമ്യം ചെയ്യാം.
ചോദ്യങ്ങൾ ചോദിക്കാം.
നിയമത്തെക്കുറിച്ച് അറിഞ്ഞുകൊണ്ട് അഭിപ്രായം പറയാം.

© Adv. Hidaya Cheriyannallal

Leave a Reply

Your email address will not be published. Required fields are marked *