കവരത്തി: ലക്ഷദ്വീപിലെ മത്സ്യബന്ധന മേഖലയെ കൂടുതൽ നിയന്ത്രിക്കുന്നതിനും സമുദ്രവിഭവങ്ങളുടെ സുസ്ഥിര പരിപാലനം ഉറപ്പാക്കുന്നതിനുമായി ലക്ഷദ്വീപ് മറൈൻ ഫിഷറീസ് റെഗുലേഷൻ റൂൾസ്, 2026 നിലവിൽ വന്നു. സെപ്റ്റംബർ 21ന് ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഫിഷറീസ് വകുപ്പ് ചട്ടങ്ങൾ വിജ്ഞാപനം ചെയ്തു.
പുതിയ ചട്ടപ്രകാരം നിശ്ചിത സമുദ്ര മേഖലകളിൽ മത്സ്യബന്ധനം നടത്തുന്നതിനായി മത്സ്യബന്ധന ബോട്ടുകൾക്ക് ലൈസൻസ് നിർബന്ധമാക്കിയിട്ടുണ്ട്. ലൈസൻസിനായി ദ്വീപുകളിലെ ഫിഷറീസ് യൂണിറ്റുകളിൽ നിന്ന് അപേക്ഷാ ഫോറം ലഭ്യമാകും. പുതിയ ലൈസൻസിന് നിശ്ചിത സുരക്ഷാ നിക്ഷേപവും അടയ്ക്കണം.
മോട്ടോർ ഇല്ലാത്ത മത്സ്യബന്ധന ബോട്ടുകൾക്ക് 100 രൂപയാണ് ലൈസൻസ് ഫീസ്, സുരക്ഷാ നിക്ഷേപം 600 രൂപ. 10 മീറ്റർ വരെ നീളമുള്ള മോട്ടോർ ബോട്ടുകൾക്ക് 500 രൂപ ഫീസും 2,500 രൂപ സുരക്ഷാ നിക്ഷേപവുമാണ് നിശ്ചയിച്ചിരിക്കുന്നത്. 10 മുതൽ 15 മീറ്റർ വരെ നീളമുള്ള ബോട്ടുകൾക്ക് 1,100 രൂപ ഫീസും 6,000 രൂപ സുരക്ഷാ നിക്ഷേപവും നൽകണം. 15 മുതൽ 20 മീറ്റർ വരെ നീളമുള്ള ബോട്ടുകൾക്ക് 1,800 രൂപയും 9,000 രൂപയും, 20 മീറ്ററിന് മുകളിലുള്ള ബോട്ടുകൾക്ക് 2,200 രൂപയും 11,000 രൂപയുമാണ് യഥാക്രമം ലൈസൻസ് ഫീസും സുരക്ഷാ നിക്ഷേപവും. മെക്കനൈസ്ഡ് മത്സ്യബന്ധന ബോട്ടുകൾക്ക് 2,600 രൂപ ഫീസും 13,000 രൂപ സുരക്ഷാ നിക്ഷേപവും, റിക്രിയേഷണൽ ഫിഷിംഗ് ബോട്ടുകൾക്ക് 5,000 രൂപ ഫീസും 20,000 രൂപ സുരക്ഷാ നിക്ഷേപവുമാണ് നിശ്ചയിച്ചിരിക്കുന്നത്.
ലൈസൻസ് ലഭിച്ചാൽ അതിന്റെ കാലാവധി ഒരു വർഷമായിരിക്കും. അപേക്ഷ ലഭിച്ച ശേഷം പരിശോധനയും അന്വേഷണവും പൂർത്തിയാക്കി 30 ദിവസത്തിനകം ലൈസൻസ് നൽകണമെന്നാണ് ചട്ടം. ലൈസൻസ് നിഷേധിച്ചാൽ അതിന്റെ കാരണം രേഖാമൂലം അപേക്ഷകനെ അറിയിക്കണമെന്നും വ്യവസ്ഥയുണ്ട്. ലൈസൻസുള്ള ബോട്ടുകൾ യാത്ര ചെയ്യുന്നതിന് മുമ്പ് യാത്രാ വിവരങ്ങൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നൽകുകയും ഓരോ മാസവും ഏഴാം തീയതിക്ക് മുമ്പായി വോയേജ് റിപ്പോർട്ട് സമർപ്പിക്കുകയും വേണം.
പുതിയ റെഗുലേഷൻ പ്രകാരം ലൈസൻസില്ലാതെ നിശ്ചിത മേഖലയിൽ മത്സ്യബന്ധനമോ അനുബന്ധ പ്രവർത്തനങ്ങളോ നടത്താൻ പാടില്ല. നിയമലംഘനം കണ്ടെത്തിയാൽ മത്സ്യബന്ധന ബോട്ട് പിടിച്ചെടുക്കാനും മത്സ്യബന്ധന ഉപകരണങ്ങളും പിടിച്ചെടുക്കാനും അധികൃതർക്ക് അധികാരമുണ്ട്.
ലൈസൻസില്ലാതെ മത്സ്യബന്ധനം നടത്തിയാൽ 12 മീറ്ററിൽ താഴെയുള്ള ബോട്ടുകൾക്ക് പരമാവധി 10,000 രൂപയും 12 മീറ്ററോ അതിൽ കൂടുതലോ നീളമുള്ള ബോട്ടുകൾക്ക് പരമാവധി 25,000 രൂപയും പിഴ ചുമത്താം. ബോട്ടും മത്സ്യവും ഉപകരണങ്ങളും ആറുമാസം വരെ പിടിച്ചുവയ്ക്കുന്നതിനും ചട്ടം വ്യവസ്ഥ ചെയ്യുന്നു. തുടർച്ചയായ നിയമലംഘനങ്ങൾക്ക് ഉയർന്ന പിഴയും ലൈസൻസ് സസ്പെൻഡ് ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യുന്നതും ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാം.
മത്സ്യബന്ധന ബോട്ടുകളിൽ തിരിച്ചറിയൽ രേഖകൾ കൈവശം വയ്ക്കണമെന്നും കമ്മ്യൂണിക്കേഷൻ, പൊസിഷനിംഗ് സംവിധാനങ്ങൾ പ്രവർത്തനക്ഷമമായി സൂക്ഷിക്കണമെന്നും റെഗുലേഷൻ നിർദേശിക്കുന്നു.
പുതിയ സംവിധാനത്തിന്റെ ഭാഗമായി മത്സ്യബന്ധന മേഖലകൾ, ബോട്ടുകളുടെ ലൈസൻസിംഗ്, യാത്രാ റിപ്പോർട്ടുകൾ, പരിശോധന, പിടിച്ചെടുക്കൽ, പിഴ തുടങ്ങിയ കാര്യങ്ങളിൽ കൂടുതൽ ക്രമബദ്ധമായ നിയന്ത്രണ സംവിധാനമാണ് ലക്ഷദ്വീപിൽ നിലവിൽ വരുന്നത്.
