ജസരി മലയാളത്തിന്റെ ഉപഭാഷയല്ല; സ്വതന്ത്ര ഭാഷയെന്ന് പഠനം 

കോഴിക്കോട്: ലക്ഷദ്വീപിലെ ജനങ്ങളുടെ ഭാഷയിലും സംസ്കാരത്തിലും അറബി ഭാഷയും സംസ്കാരവും ചെലുത്തിയ സ്വാധീനം ആഴത്തിൽ പരിശോധിച്ച ഗവേഷണത്തിൽ ജസരി ഭാഷയെക്കുറിച്ച് ശ്രദ്ധേയമായ കണ്ടെത്തലുകൾ. ജസരി മലയാളത്തിന്റെ ഉപഭാഷയല്ലെന്നും സ്വതന്ത്രമായ ഭാഷാ സവിശേഷതകൾ നിലനിൽക്കുന്ന ഭാഷയാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

“ലക്ഷദ്വീപ് സംസ്കാരത്തിൽ അറബി ഭാഷ ചെലുത്തിയ സ്വാധീനം, ജസരി ഭാഷയെ മുൻനിർത്തിയുള്ള ഒരു വിശകലന പഠനം” എന്ന വിഷയത്തിലാണ് കൽപേനി ദ്വീപ് സ്വദേശി സാഹിദ് ഇബ്നു അസീസ് ഗവേഷണം നടത്തിയത്.

ലക്ഷദ്വീപിലെ ജനങ്ങളുടെ ഭാഷയിലും സംസ്കാരത്തിലും അറബി ഭാഷയ്ക്കും അറബ് സംസ്കാരത്തിനുമുള്ള സ്വാധീനമാണ് പഠനം പ്രധാനമായും പരിശോധിക്കുന്നത്. ഇതിനായി ജസരി ഭാഷയെ പ്രധാന മാതൃകയായി സ്വീകരിച്ചാണ് ഗവേഷണം മുന്നോട്ടുപോയത്.

ജസരി ഭാഷയുടെ പദസമ്പത്ത്, പ്രയോഗരീതി, ഭാഷാ ഘടന, സാംസ്കാരിക പശ്ചാത്തലം തുടങ്ങിയ മേഖലകളിൽ അറബി ഭാഷയുടെയും സംസ്കാരത്തിന്റെയും സ്വാധീനം പഠനത്തിൽ വിശകലനം ചെയ്യുന്നു. ലക്ഷദ്വീപിന്റെ ചരിത്രപരമായ അറബ് ബന്ധങ്ങളും കടൽവ്യാപാരവും മത-സാംസ്കാരിക ഇടപെടലുകളും ഭാഷയുടെ രൂപീകരണത്തിലും വികാസത്തിലും നിർണായക പങ്കുവഹിച്ചതായും ഗവേഷണം വ്യക്തമാക്കുന്നു.

ജസരിയെ മലയാളത്തിന്റെ ഒരു പ്രാദേശിക ഉപഭാഷയായി മാത്രം കാണുന്നതിന് പകരം അതിന്റെ തനതായ ഭാഷാ സവിശേഷതകളും ചരിത്രപരമായ രൂപീകരണവും പരിഗണിച്ച് സ്വതന്ത്ര ഭാഷയായി പഠിക്കേണ്ടതിന്റെ ആവശ്യകതയും ഗവേഷണം മുന്നോട്ടുവയ്ക്കുന്നു. ലക്ഷദ്വീപിന്റെ ഭാഷാ-സാംസ്കാരിക പൈതൃകത്തെക്കുറിച്ചുള്ള കൂടുതൽ അക്കാദമിക പഠനങ്ങൾക്ക് ഈ ഗവേഷണം വഴിതുറക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *